കാന്‍സര്‍ നിയന്ത്രണ പരിപാടിക്ക് കാസര്‍കോട് ജില്ലയില്‍ തുടക്കമായി

കാസര്‍കോട്: സംസ്ഥാന സര്‍ക്കാരിന്റെ നവകേരളം കര്‍മ്മ പദ്ധതി ആര്‍ദ്രം മിഷന്‍ രണ്ടാം ഘട്ടത്തിന്റെ ഭാഗമായി ജില്ലയില്‍ നടപ്പിലാക്കുന്ന ജില്ലാ കാന്‍സര്‍ നിയന്ത്രണ പരിപാടിക്ക് തുടക്കമായി. ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന്‍ നിര്‍വ്വഹിച്ചു. ഫീല്‍ഡ്തല പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തിക്കൊണ്ട് നേരത്തെ കണ്ടെത്തിയാല്‍ ചികിത്സിച്ചു ഭേദമാക്കാവുന്ന വായിലെ അര്‍ബുദം, സ്തനാര്‍ബുദം, ഗര്‍ഭാശയമുഖ അര്‍ബുദം എന്നിവ സ്‌ക്രീനിംഗിലൂടെ പ്രാരംഭ ഘട്ടത്തില്‍ തന്നെ കണ്ടെത്തി ചികില്‍സ നല്‍കുക എന്നതാണ് പരിപാടിയുടെ ആദ്യഘട്ടം. ആശാപ്രവര്‍ത്തകര്‍ മുഖേന മൊബൈല്‍ ആപ്ലിക്കേഷനായ ‘ശൈലീ ആപ്പ്’ ഉപയോഗിച്ച് ജനസംഖ്യാനുപാതികമായി 30 വയസ്സിന് മുകളിലുള്ളവരെ സ്‌ക്രീനിങ്ങിന് വിധേയമാക്കിയാണ് സംശയാസ്പദ അര്‍ബുദ രോഗമുള്ളവരെ കണ്ടെത്തുന്നത്. ഇത്തരത്തില്‍ കണ്ടെത്തുന്നവരെ സബ്‌സെന്ററുകളില്‍ നിന്നും മീഡ് ലെവല്‍ സര്‍വീസ് പ്രൊവൈഡേഴ്‌സ് വഴി കാന്‍സര്‍ രോഗ നിര്‍ണ്ണയ പരിശോധനക്കായി പ്രാഥമികരോഗ്യ കേന്ദ്രത്തിലേക്കും അയക്കുന്നു. തുടര്‍ന്ന് താലൂക്ക്, ജില്ലാ, ജനറല്‍ ആശുപത്രികള്‍ വഴി ചികിത്സ ഉറപ്പാക്കും. രോഗ ബാധിതരെ നേരത്തെ കണ്ടെത്തി സര്‍ക്കാര്‍ ആശുപത്രികളില്‍ മെച്ചപ്പെട്ട ചികിത്സ ഉറപ്പാക്കുക എന്നതാണ് പദ്ധതികൊണ്ട് ലക്ഷ്യം വെക്കുന്നത്.
അജാനൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി. ശോഭ അധ്യക്ഷയായി. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എ.വി. രാംദാസ് മുഖ്യ പ്രഭാഷണം നടത്തി. അജാനൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.സബീഷ്, ആരോഗ്യകാര്യ സ്ഥിരം സമിതി ചെയര്‍ പേഴ്സണ്‍ ഷീബ ഉമ്മര്‍ , മെമ്പര്‍ കെ.ആര്‍ ശ്രീദേവി എന്നിവര്‍ സംസാരിച്ചു. ആര്‍ദ്രം മിഷന്‍ ജില്ലാ നോഡല്‍ ഓഫീസര്‍ ഡോ.വി സുരേശന്‍ സ്വാഗതവും ആനന്ദാശ്രമം കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ ജോണ്‍ നന്ദിയും പറഞ്ഞു.
കാന്‍സര്‍ നിയന്ത്രണ പരിപാടിയുമായി ബന്ധപ്പെട്ട് ആരോഗ്യപ്രവര്‍ത്തകര്‍, ആശ, അങ്കണവാടി പ്രവര്‍ത്തകര്‍ എന്നിവ വഴി ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ ഉര്‍ജ്ജിതമാക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ( ആരോഗ്യം ) ഡോ എ. വി രാംദാസ് പറഞ്ഞു.

KCN

more recommended stories