സർക്കാർ അനുമതിയില്ലാതെ എയ്ഡഡ് കോളജ് അധ്യാപക നിയമനം പാടില്ല   െഹെക്കോടതി

എയ്ഡഡ് കോളജുകളിൽ പുതിയ കോഴ്സുകൾക്ക് അനുമതി കിട്ടിയാലും സർക്കാർ തസ്തിക സൃഷ്ടിച്ചാൽ മാത്രമേ അധ്യാപകരുടെ സ്ഥിര നിയമനം നടത്താവൂവെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. അനുമതിയില്ലാത്ത തസ്തികയിൽ നിയമനം നടത്തിയാൽ അംഗീകാരം നൽകാൻ സർവകലാശാലയ്ക്കോ ശമ്പളം നൽകാൻ സർക്കാരിനോ ബാധ്യതയില്ല.

കൊച്ചിൻ കോളജിലെ പുതിയ 2 കോഴ്സുകളിലേക്കു ഹിന്ദി, മലയാളം അസിസ്റ്റന്റ് പ്രഫസർമാരെ നിയമിച്ചതു സംബന്ധിച്ച തർക്കത്തിൽ സർക്കാർ നൽകിയ അപ്പീൽ അനുവദിച്ചാണു ജസ്റ്റിസ് പി.ബി.സുരേഷ്കുമാർ, ജസ്റ്റിസ് സി.എസ്.സുധ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. അത്യാവശ്യത്തിന് ഗെസ്റ്റ് ലക്ചറർ നിയമനം അനുവദിക്കാറുണ്ടെന്നും സർക്കാർ തസ്തിക സൃഷ്ടിക്കാതെ സ്ഥിര നിയമനം പാടില്ലെന്നുമായിരുന്നു അപ്പീലിലെ വാദം. സർക്കാരും എയ്ഡഡ് കോളജുകളുമായുള്ള ഡയറക്ട് പേയ്മെന്റ് സ്കീമിലെ കരാർപ്രകാരം ശമ്പളം നൽകുന്നതിനു പകരമായി നിയമനങ്ങളിൽ സർക്കാരിനു നിയന്ത്രണമുണ്ട്. സർക്കാരിനു ബാധ്യതയുണ്ടാക്കുന്ന കാര്യമാണെങ്കിൽ സാമ്പത്തിക സ്ഥിതി കണക്കിലെടുത്തുള്ള തീരുമാനം വേണ്ടിവരുമെന്നു കോടതി പറഞ്ഞു.

കോളജ് 2018 ജനുവരിയിൽ നിയമനം നടത്തി സർവകലാശാലയുടെ അംഗീകാരം തേടിയിരുന്നു. എന്നാൽ, ഇതുൾപ്പെടെ വിവിധ കോളജുകളിൽ അധ്യാപക തസ്തിക സൃഷ്ടിച്ച് 2020 ഒക്ടോബർ 30നാണു സർക്കാർ ഉത്തരവിറക്കിയത്. ഈ തീയതി മുതലേ അംഗീകാരം നൽകാനാവൂവെന്നു സർവകലാശാല അറിയിച്ചതിനെതിരെ അധ്യാപകർ ഹർജി നൽകി. തുടർന്ന് അനുമതി ശുപാർശ പുനഃപരിശോധിക്കാൻ സിംഗിൾ ബെഞ്ച് സർവകലാശാലയോടു നിർദേശിച്ചത് ചോദ്യം ചെയ്താണു സർക്കാരിന്റെ അപ്പീൽ.

എംജി സർവകലാശാലാ നിയമത്തിലെ 59(1) വകുപ്പുപ്രകാരം സർക്കാരിന്റെ ശമ്പളം പറ്റുന്ന തസ്തികകളിൽ അനുമതിയില്ലാതെ നിയമന അംഗീകാരം നൽകാനാവില്ലെന്നു സർവകലാശാല വാദിച്ചു.

പുതിയ കോഴ്സ് അനുവദിച്ച തീയതി മുതൽ തസ്തികയ്ക്ക് അംഗീകാരം പരിഗണിക്കണമെന്ന് അധ്യാപകർ വാദിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല. പുതിയ കോഴ്സിന്റെ ജോലിഭാരം ഏറുമ്പോൾ സ്റ്റാഫ് പാറ്റേൺ മാറ്റാൻ ചട്ടത്തിൽ ഇളവു നൽകിയിട്ടില്ലെന്നും ചൂണ്ടിക്കാട്ടി. നിയമിച്ചതു മുതൽ തസ്തികയ്ക്ക് അനുമതി കിട്ടിയതു വരെയുള്ള കാലത്ത് ഗെസ്റ്റ് ലക്ചറർ ആനുകൂല്യങ്ങൾ അനുവദിക്കാൻ ശുപാർശയുണ്ടെങ്കിൽ അതു പരിഗണിക്കാൻ തടസ്സമില്ലെന്നും അറിയിച്ചു.

 

 

KCN

more recommended stories