മാണിക്കോത്ത് റെയില്‍വെ മേല്‍പ്പാലം പി.ഡബ്ല്യു.ഡി ബ്രിഡ്ജസ് വിഭാഗം സ്ഥലം സന്ദര്‍ശിച്ചു

അജാനൂര്‍: മാണിക്കോത്ത് റെയില്‍വെ മേല്‍പ്പാലം അനുവദിക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം അജാനൂര്‍ ഗ്രാമ പഞ്ചായത്ത് ഭരണ സമിതി പാസാക്കിയിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് ടി ശോഭ കാഞ്ഞങ്ങാട് എം എല്‍ എ ഇ ചന്ദ്രശേഖരന്‍ മുഖാന്തരം സമര്‍പ്പിച്ച നിവേദനത്തിന്റെ അടിസ്ഥാനത്തില്‍ പൊതുമരാമത്ത് വകുപ്പ് (പാലം വിഭാഗം) ഓവര്‍സിയര്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനായി സ്ഥലം സന്ദര്‍ശിച്ചു.

അജാനൂര്‍ ഗ്രാമ പഞ്ചായത്തിലെ തീരദേശ വാര്‍ഡുകളായ 15, 16, 17, 18, 19 ,20 വാര്‍ഡുകളിലെ ജനങ്ങള്‍ വലിയ യാത്ര ക്ലേശമാണ് അനുഭവിക്കുന്നത്. പതിനായിരത്തിലധികം ആളുകള്‍ താമസിക്കുന്ന പ്രദേശത്ത് ആവശ്യമായ യാത്ര സൗകര്യം നിലവില്‍ ഇല്ല. ഈ മേഖലയിലെ ജനങ്ങള്‍ ടൗണുമായി ബന്ധപ്പെടാന്‍ തുളുച്ചേരി – അഴിത്തല റോഡിനെയാണ് ആശ്രയിക്കുന്നത്. അതുവഴിയാണെങ്കില്‍ റെയില്‍വെ ഗേറ്റ് വലിയ ദുരിതമാണ് ഉണ്ടാക്കുന്നത്. കോട്ടച്ചേരി മേല്‍പ്പാലം യാഥാര്‍ത്ഥ്യമായെങ്കിലും പഞ്ചായത്തിലെ തീരദേശവാസികള്‍ക്ക് പ്രയോജനമാവുന്നുമില്ല. പൊയ്യക്കരയില്‍ താമസിക്കുന്ന ഒരാള്‍ക്ക് ചാമണ്ഡികുന്ന് എത്തണമെങ്കില്‍ റോഡ് മാര്‍ഗ്ഗം 20 കിലോമീറ്റര്‍ സഞ്ചരിക്കേണ്ടി വരുന്ന സ്ഥിതിയാണ് ഉള്ളത്. പ്രദേശവാസികളുടെ യാത്രാ ക്ലേശം പരിഹരിക്കാന്‍ മാണിക്കോത്ത് റെയില്‍വെ മേല്‍പ്പാലം ആവശ്യമാണ്. കൂടാതെ നിര്‍ദ്ദിഷ്ട അജാനൂര്‍ മത്സ്യബന്ധന തുറമുഖത്തിലേക്ക് ടൗണ്‍ സ്പര്‍ശിക്കാതെ എളുപ്പത്തില്‍ പോകണമെങ്കിലും മേല്‍പ്പാലം യാഥാര്‍ത്ഥ്യമാകണം. മാത്രവുമല്ല തീരദേശ ഹൈവേ വരാന്‍ പോകുന്നത് അജാനൂര്‍ കടപ്പുറം – കൊത്തിക്കാല്‍ – ചിത്താരി കടപ്പുറം വഴിയാണ്. പ്രസ്തുത റോഡിനെ സംസ്ഥാന പാതയുമായി ബന്ധിപ്പിക്കാനും മാണിക്കോത്ത് മേല്‍പ്പാലം വന്നാല്‍ സാധിക്കും. പ്രസിദ്ധമായ ആരാധനാലയങ്ങള്‍ കൂടി ഉള്‍പ്പെടുന്ന പ്രദേശമായതു കൊണ്ട് തന്നെ ആയിരകണക്കിന് ആളുകളാണ് ഈ പ്രദേശത്ത് എത്തുന്നത്. അതുകൊണ്ട് തന്നെ പ്രസ്തുത പ്രദേശത്തിന്റെ പ്രാധാന്യം കണക്കിലെടുത്തും നാടിന്റെ വികസനം മുന്‍ നിര്‍ത്തിയും മേല്‍പ്പാലം അത്യാവശ്യമാണ്.
നിര്‍ദ്ദിഷ്ട സ്ഥലം പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനായി പൊതുമരാമത്ത് പാലം വിഭാഗം ഓവര്‍സിയര്‍ രജിന്‍ മോഹന്‍ സ്ഥലം സന്ദര്‍ശിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ സബീഷ്, മെമ്പര്‍മാരായ ഇബ്രാഹിം ആവിക്കല്‍, ഷക്കില ബദ്ദറുദ്ദീന്‍, ഹംസ സി എച്ച്, പൊതുപ്രവര്‍ത്തകരായ കമലാക്ഷന്‍ കൊളവയല്‍, അശോകന്‍ മാണിക്കോത്ത്, എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.

KCN

more recommended stories