പരിശോധിക്കാത്ത പേവിഷവാക്സീൻ 250 എണ്ണം കുത്തിവച്ചു

ഉൽപാദകർ നടത്തേണ്ട നിലവാര പരിശോധനയോ കേന്ദ്ര മരുന്നു ലാബിന്റെ പരിശോധനാ സർട്ടിഫിക്കറ്റോ ഇല്ലാതെ കേരളത്തിലെത്തിച്ച 250 വയ്‌ൽ പേവിഷ വാക്സീൻ മനുഷ്യരിൽ കുത്തിവച്ചതായി തെളിഞ്ഞു. കോഴിക്കോട്, തിരുവനന്തപുരം, തൃശൂർ ജില്ലകളിലാണ് ഇത് ഉപയോഗിച്ചത്. ആർക്കും അലർജിയോ ആരോഗ്യ പ്രശ്നങ്ങളോ റിപ്പോർട്ട് ചെയ്യാത്തതിനാൽ കൂടുതൽ അന്വേഷണം നടന്നില്ല.

സർട്ടിഫിക്കറ്റ് ഇല്ലാതെ വാക്സീൻ എത്തിച്ചിട്ടില്ലെന്ന് ആരോഗ്യവകുപ്പ് ആവർത്തിക്കുമ്പോഴാണ് ഈ കണക്കുകൾ പുറത്തു വരുന്നത്. കേരള മെഡിക്കൽ സർവീസസ് കോർപറേഷന്റെ ടെൻഡർ നടപടികളിൽ വന്ന പാളിച്ചയെ തുടർന്നാണ് വാക്സീൻ ക്ഷാമം രൂക്ഷമായതും പരിശോധനകൾ പൂർത്തിയാക്കാത്ത വാക്സീൻ എത്തിക്കേണ്ടി വന്നതും. ജൂലൈ 17നു മെഡിക്കൽ കോളജുകളിൽ വാക്സീൻ എത്തിച്ച വിവരം 18ന് മലയാള മനോരമ പുറത്തു കൊണ്ടുവന്നതോടെ 19ന് ഇവയുടെ വിതരണം മരവിപ്പിക്കാൻ കോർപറേഷൻ ഉത്തരവിട്ടു. തുടർന്നു തമിഴ്നാട്ടിൽ നിന്ന് 5000 വയ്‌ൽ (ചെറുകുപ്പി) എത്തിക്കുകയും ചെയ്തു.

വിവാദ ബാച്ചിലെ ഒരു വയ്‌ൽ പോലും വിതരണം ചെയ്തില്ല എന്നായിരുന്നു ആരോഗ്യ മന്ത്രിയുടെയും കോർപറേഷൻ അധികൃതരുടെയും നിലപാട്. എന്നാൽ 325 വയ്‌ലാണ് മൂന്നു സംഭരണ കേന്ദ്രങ്ങളിൽ നിന്നായി ആശുപത്രികളിലേക്ക് എത്തിച്ചത്. ഇതിൽ തിരിച്ചെത്തിയതാകട്ടെ 75ൽ താഴെ വയ്‌ലുകൾ മാത്രവും.

ജുലൈ 21ന് കമ്പനിയുടെ പരിശോധന പൂർത്തിയായി കത്ത് നൽകുകയും കേന്ദ്ര മരുന്നു ലാബിന്റെ സർട്ടിഫിക്കറ്റ് പിന്നീട് ലഭിക്കുകയും ചെയ്തതോടെ ഈ ബാച്ചിലെ വാക്സീന്റെ വിതരണം പുനരാരംഭിക്കുകയും ചെയ്തു.

660 ഹോട്സ്പോട്ട്

സംസ്ഥാനത്ത് തെരുവുനായ ശല്യം രൂക്ഷമായ ഹോട്സ്പോട്ടുകൾ 660. നായ്ക്കൾ മനുഷ്യരെ കടിച്ച കണക്ക് അടിസ്ഥാനമാക്കി ആരോഗ്യ വകുപ്പ് 490 ഹോട്സ്പോ‍ട്ടുകളും മൃഗങ്ങളെ ആക്രമിച്ചത് അടിസ്ഥാനമാക്കി മൃഗസംരക്ഷണ വകുപ്പ് 170 ഹോട്സ്പോ‍ട്ടുകളും കണ്ടെത്തിയതായി മന്ത്രി എം.ബി.രാജേഷ് അറിയിച്ചു. ഒരു പഞ്ചായത്തിൽ പത്തിലധികം പേർക്ക് നായയുടെ കടിയേറ്റാൽ ആ മേഖല ഹോട്സ്പോട്ട് ആകും.

KCN

more recommended stories