ലഹരിയില്‍ നിന്നും പുതുതലമുറയെ രക്ഷിക്കാന്‍ ചെറുത്ത് നില്‍പ്പ് അനിവാര്യം: ഇ.ചന്ദ്രശേഖരന്‍ എം.എല്‍എ

കാസര്‍കോട്: മാരക ലഹരിക്കെതിരായ ചെറുത്തു നില്‍പ്പ് ഉയര്‍ത്തി കൊണ്ടുവന്നാല്‍ മാത്രമേ പുതുതലമുറയെ ഇതില്‍ നിന്ന് രക്ഷിക്കാന്‍ കഴിയൂയെന്ന് ഇ.ചന്ദ്രശേഖരന്‍ എംഎല്‍എ. ഗാന്ധി ജയന്തി വാരാഘോഷത്തിന്റെ ഭാഗമായി ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പ് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് കരിന്തളം ഗവ.ആര്‍ട്സ് ആന്റ് സയന്‍സ് കോളേജില്‍ സംഘടിപ്പിച്ച ലഹരി വിമുക്ത ബോധവല്‍ക്കരണ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ പ്രതീക്ഷ യുവതലമുറയിലാണ്. ഈ തലമുറയെ നിര്‍ജീവമാക്കുന്നതാണ് ലഹരിയുടെ അടിമത്തം. ലഹരിയുടെ വ്യാപനം തടയുന്നതാകണം നമ്മുടെ ലക്ഷ്യം. ഈ ലക്ഷ്യത്തിനായി വിദ്യാര്‍ഥി സമൂഹം ഒരു സേനാ വിഭാഗത്തെ പോലെ നാടിന്റെ രക്ഷയ്ക്കായി അണിനിരക്കണമെന്നും അദ്ദേഹം പറഞ്ഞു.

കിനാനൂര്‍ കരിന്തളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.കെ.രവി അധ്യക്ഷനായി. സമൂഹത്തില്‍ വര്‍ധിച്ചുവരുന്ന ലഹരി ഉപയോഗം കേരളം നേടിയെടുത്തിട്ടുള്ള വികസനത്തിനും പുരോഗതിക്കും സാംസ്‌കാരികമൂല്യങ്ങള്‍ക്കും കടുത്ത വെല്ലുവിളിയാണ് ഉയര്‍ത്തുകയാണ്. സ്ത്രീകളിലും കുട്ടികള്‍ക്കിടയിലും ലഹരി ഉപയോഗം വര്‍ധിച്ചുവരുന്നതായി പഠനറിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. വ്യക്തിയെയും സമൂഹത്തെയും ശിഥിലമാക്കുന്ന ലഹരി എന്ന വിപത്തിനെക്കുറിച്ച് ജനങ്ങള്‍ക്ക് പ്രത്യേകിച്ചും യുവജനങ്ങള്‍ക്ക് അവബോധം നല്‍കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് കോളേജുകള്‍ കേന്ദ്രീകരിച്ച് സെമിനാറുകള്‍ സംഘടിപ്പിക്കുന്നത്. ഡി വൈ എസ് പി ഡോ.വി.ബാലകൃഷ്ണന്‍ ബോധവല്‍ക്കരണ സെമിനാര്‍ നയിച്ചു. പ്രിന്‍സിപ്പാള്‍ ഡോ.ജയ്‌സണ്‍.വി.ജോസഫ് ലഹരി വിമുക്ത സന്ദേശം നല്‍കി. സെമിനാറിനു ശേഷം ബാലചന്ദ്രന്‍ കൊട്ടോടിയുടെ മാജിക് ഷോയും സംഘടിപ്പിച്ചു. എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ ഡോ.ടി.എസ്.ശ്രീജ, കോളജ് യൂണിയന്‍ ജനറല്‍ സെക്രട്ടറി സി.ജിഷ്ണു,വിദ്യാര്‍ഥി പ്രതിനിധി എം.കെ.മീര തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം.മധുസൂദനന്‍ സ്വാഗതവും ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ് അരുണ്‍ സെബാസ്റ്റ്യന്‍ നന്ദിയും പറഞ്ഞു. സെമിനാറില്‍ 200 ഓളം കുട്ടികള്‍ പങ്കെടുത്തു.

KCN

more recommended stories