സുരക്ഷാശ്രീ ലഹരിവിരുദ്ധ പ്രചരണത്തിന് തുടക്കമായി

കാസര്‍കോട്: സുരക്ഷിത ബാല്യം, സുരക്ഷിത കൗമാരം, സംതൃപ്ത കുടുംബം എന്ന മുദ്രാവാക്യമുയര്‍ത്തി കുടുംബശ്രീ കാസര്‍കോട് ജില്ലാ മിഷന്‍ നടപ്പാക്കുന്ന ‘സുരക്ഷാശ്രീ’ ലഹരിവിരുദ്ധ പ്രചരണത്തിന് തുടക്കമായി. ജില്ലാതല ഉദ്ഘാടനം കക്കാട്ട് ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.ബേബി ബാലകൃഷ്ണന്‍ നിര്‍വ്വഹിച്ചു. കുടുംബശ്രീ ജില്ലാ മിഷന്‍, മടിക്കൈ കുടുംബശ്രീ സി.ഡി.എസ്, മോഡല്‍ ജി.ആര്‍.സിയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. കുടുംബശ്രീയുടെ നേതൃത്വത്തില്‍ സംസ്ഥാനതലത്തില്‍ നടക്കുന്ന രണ്ടാംഘട്ട പ്രചരണ പരിപാടിയാണിത്. മടിക്കൈ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി.പ്രകാശന്‍ അധ്യക്ഷനായി. കുടുംബശ്രീ ജില്ലാ മിഷന്‍ കോഡിനേറ്റര്‍ ടി.ടി.സുരേന്ദ്രന്‍, എന്നാ താന്‍ കേസ് കൊട് സിനിമ ഫെയിം പി.പി.കുഞ്ഞികൃഷ്ണന്‍ എന്നിവര്‍ മുഖ്യാഥിതികളായി. സുരക്ഷാശ്രീ പദ്ധതിയെക്കുറിച്ച് എഡിഎംസി പ്രകാശന്‍ പാലായി വിശദീകരിച്ചു. എഡിഎംസി സി.എച്ച്.ഇഖ്ബാല്‍ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍മാരായ ടി.രാജന്‍, രമ പത്മനാഭന്‍, പഞ്ചായത്തംഗം വി. രാധ, മടിക്കൈ പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ് ചെയര്‍പേഴ്സണ്‍ എസ്.റീന, സ്‌കൂള്‍ പിടിഎ പ്രസിഡണ്ട് വി.കെ.മധു, മടിക്കൈ പഞ്ചായത്ത് ആസൂത്രണ സമിതി അംഗം വി.പ്രഭാകരന്‍, പ്രകാശന്‍ പട്ടേന, ഡി പി എം അര്‍ജുന്‍ പ്രസാദ്, സ്നേഹിതാ കൗണ്‍സില്‍ അംഗം ശോഭന, എന്നിവര്‍ സംസാരിച്ചു. പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് വത്സന്‍ പിലിക്കോട് സ്വാഗതം പറഞ്ഞു.

കുടുംബശ്രീ ജില്ലാ മിഷന്‍ നടപ്പാക്കുന്ന തനത് പദ്ധതിയാണ് സുരക്ഷാശ്രീ. ലഹരി വസ്തുക്കളുടെ ഉപയോഗം കൂടിവരുന്ന സാഹചര്യത്തില്‍ ലഹരിയെന്ന മഹാവിപത്തിനെതിരെ കവചമൊരുക്കുകയെന്നാണ് സുരക്ഷാശ്രീയിലൂടെ ലക്ഷ്യമിടുന്നത്. പോസ്റ്റര്‍ പ്രകാശനം, സുരേന്ദ്രന്‍ കൂക്കാനത്തിന്റെ ആള്‍വര നാടകം, ലഹരിക്കെതിരെ സംരക്ഷണമതില്‍, പ്രതിജ്ഞ ചൊല്ലല്‍, ലഹരി രാക്ഷസനെ കത്തിക്കല്‍ തുടങ്ങിയ പരിപാടികള്‍ നടന്നു. പദ്ധതിയുടെ ഭാഗമായി വിവിധ സിഡിഎസ്സുകളില്‍ ലഹരിക്കെതിരെ മിന്നല്‍സേന രൂപീകരിക്കും. ജില്ലയിലെ എല്ലാ സിഡിഎസ്സുകളിലും ബാലസഭാകുട്ടികളുടെ മാരത്തോണ്‍, ഒപ്പുമര ക്യാംപയിന്‍ എന്നിവ സംഘടിപ്പിക്കും. കൂടാതെ ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെ സുരക്ഷാശ്രീ മദര്‍ കെയര്‍ സെന്റര്‍ സ്ഥാപിക്കും.
ജില്ലയിലെ 41 സിഡിഎസ്സുകളിലും, 24552 ബാലസഭാകുട്ടികളിലും, കുടുംബശ്രീ ജെന്‍ഡര്‍ റിസോഴ്‌സ് സെന്ററുകളിലും, മുഴുവന്‍ അയല്‍ക്കൂട്ടങ്ങളിലും പരിപാടിയുടെ സന്ദേശം എത്തിക്കും.

KCN