കെ. മാധവന്‍ പുരസ്‌കാരം നിരജ്ഞനയ്ക്ക്

കാസര്‍ഗോഡ്:  ഉത്തര കേരളത്തിലെ പ്രമുഖ സ്വാതന്ത്ര്യസമര സേനാനിയും കര്‍ഷക-കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സ്ഥാപക നേതാക്കളിലൊരാളുമായിരുന്ന കെ. മാധവന്റെ പേരിലുള്ള 2022 ലെ പുരസ്‌കാരം മരണാനന്തര ബഹുമതിയായി പ്രശസ്ത കന്നട സാഹിത്യകാരന്‍ നിരജ്ഞനയ്ക്ക് നല്‍കുവാന്‍ കെ. മാധവന്‍ ഫൗണ്ടേഷന്‍ തീരിമാനിച്ചു. 2022 ഡിസംബര്‍ 18 ന് കാഞ്ഞങ്ങാട് കെ. മാധവന്‍ ഫൗണ്ടേഷന്‍ ആസ്ഥാന മന്ദിരത്തില്‍ വച്ച് നടക്കുന്ന ചടങ്ങില്‍ നിരജ്ഞനയുടെ മകളും പ്രശസ്ത ഇന്ത്യന്‍-ഇംഗ്ലീഷ് എഴുത്തുകാരിയും വിവിധ അന്തര്‍ദേശീയ സര്‍വ്വകലാശാലകളില്‍ വിസിറ്റിംഗ് പ്രൊഫസറുമായ തേജസ്വിനി നിരജ്ഞന അവാര്‍ഡ് ഏറ്റുവാങ്ങും. കയ്യൂര്‍ സംഭവം ആസ്പദമാക്കി നിരജ്ഞന രചിച്ച നോവല്‍ ‘ചിരസ്മരണ’ ഇംഗ്ലീഷ്, റഷ്യന്‍ ഭാഷകളിലടക്കം നിരവധി ഭാഷകളില്‍ പ്രസിദ്ധീകരിക്കപ്പെട്ടു. ‘ചിരസ്മരണ’യിലെ കേന്ദ്ര കഥാപാത്രമായ ‘മാസ്റ്റര്‍’ കെ. മാധവനാണെന്ന് നിരജ്ഞന നോവലിന്റെ കന്നട പതിപ്പിന്റെ രണ്ടാം പതിപ്പില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ജീവിച്ചിരിക്കുമ്പോള്‍ തന്നെ ഒരു നോവലില്‍ മുഖ്യകഥാപാത്രമാകാന്‍ കെ. മാധവന് അത് അവസരമൊരുക്കി. 1940 കളില്‍ നീലേശ്വരം രാജാസ് ഹൈസ്‌കൂളില്‍ വിദ്യാര്‍ത്ഥിയായിരുന്ന നിരജ്ഞന കെ. മാധവന്റെ ഹിന്ദി ക്ലാസ്സിലും വിദ്യാര്‍ത്ഥിയായിരുന്നു. ആ ബന്ധം നിരജ്ഞനയെ കമ്മ്യൂണിസ്റ്റാക്കി മാറ്റി. പ്രസിദ്ധമായ കയ്യൂര്‍ കേസ്സിന്റെ വിചാരണ ലോകത്തെ അറിയിച്ച പത്രപ്രവര്‍ത്തകനും കന്നട സാഹിത്യത്തിലെ പ്രമുഖ പുരോഗമന എഴുത്തുകാരനും കൂടിയായിരുന്നു നിരജ്ഞന.
പ്രശസ്ത കന്നട എഴുത്തുകാരി ഡോ. അനുപമ നിരജ്ഞനയാണ് ഭാര്യ. ഹൈദരബാദ് സെന്‍ട്രല്‍ യൂണിവേഴ്സിറ്റി അധ്യാപികയും എഴുത്തുകാരിയുമായിരുന്ന ഡോ. സീമന്തിനി നിരജ്ഞന മറ്റൊരു മകളാണ്. അനുപമ നിരജ്ഞനയും സീമന്തിനി നിരജ്ഞനും ജീവിച്ചിരിപ്പില്ല. മുന്‍വര്‍ഷങ്ങളില്‍ കനയ്യകുമാറിനും സീതാറാം യെച്ചൂരിക്കുമാണ് കെ. മാധവന്‍ പുരസ്‌കാരം നല്‍കിയത്.

KCN

more recommended stories