ദുബായ് സന്ദര്‍ശനം: പി.എ.യെ കൂട്ടിയത് ഔദ്യോഗിക കാര്യങ്ങള്‍ക്കെന്ന് മുഖ്യമന്ത്രി

ദുബായില്‍ നടത്തിയ സ്വകാര്യസന്ദര്‍ശനത്തില്‍ പേഴ്സണല്‍ അസിസ്റ്റന്റിനെ കൂട്ടിയത് ഇ-ഫയല്‍ നോക്കാനും മന്ത്രിസഭാ യോഗത്തിന് സൗകര്യം ഒരുക്കാനുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വിദേശകാര്യ മന്ത്രാലയത്തിന് നല്‍കിയ വിശദീകരണത്തില്‍ അറിയിച്ചു.

ഇതേത്തുടര്‍ന്ന് മുഖ്യമന്ത്രി ദുബായില്‍ എത്തിയതിനുശേഷം സന്ദര്‍ശനത്തിനുള്ള അനുമതി മന്ത്രാലയം നല്‍കി. യു.കെ, നോര്‍വെ എന്നിവിടങ്ങളിലെ ഔദ്യോഗിക സന്ദര്‍ശനത്തിനുശേഷം ദുബായില്‍ സ്വകാര്യസന്ദര്‍ശനം നടത്താനുള്ള അനുമതി തേടിയാണ് മുഖ്യമന്ത്രി വിദേശകാര്യ മന്ത്രാലയത്തെ സമീപിച്ചത്.

എന്നാല്‍, ദുബായിലെ സ്വകാര്യസന്ദര്‍ശനത്തില്‍ സര്‍ക്കാരുദ്യോഗസ്ഥനായ പേഴ്സണല്‍ അസിസ്റ്റന്റ് വി.എം. സുനീഷിനെ ഒപ്പം കൊണ്ടുപോകുന്നതിനെക്കുറിച്ച് മന്ത്രാലയം വിശദീകരണം തേടി. സര്‍ക്കാരുദ്യോഗസ്ഥനായ പേഴ്സണല്‍ അസിസ്റ്റന്റിനെ സ്വകാര്യസന്ദര്‍ശനത്തിന്റെ ഭാഗമാക്കാന്‍ കഴിയില്ലെന്ന് മന്ത്രാലയം പറഞ്ഞു. തുടര്‍ന്ന് നല്‍കിയ വിശദീകരണത്തിലാണ് പേഴ്സണല്‍ അസിസ്റ്റന്റിന്റേത് ഔദ്യോഗിക സന്ദര്‍ശനമാണെന്ന് വ്യക്തമാക്കിയത്. സന്ദര്‍ശനത്തിന്റെ ചെലവ് സ്വയം വഹിക്കുമെന്നും മുഖ്യമന്ത്രി മന്ത്രാലയത്തെ അറിയിച്ചിരുന്നു.

KCN

more recommended stories