ദിലീപ് കുറ്റപത്രം വായിച്ചു കേട്ടു; മഞ്ജു വാരിയരെ വീണ്ടും വിസ്തരിക്കും

ക്വട്ടേഷൻ പ്രകാരം നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന കേസിൽ എട്ടാം പ്രതി നടൻ ദിലീപിന്റെ മുൻഭാര്യ മഞ്ജു വാരിയരെ വീണ്ടും വിസ്തരിക്കും.

കേസിന്റെ രഹസ്യവിചാരണ നടപടികൾ ഇന്നലെ തുടങ്ങിയപ്പോൾ ദിലീപ് ഹാജരായി. ദിലീപിനെതിരെ കേസിലെ തെളിവുനശിപ്പിക്കൽ, സാക്ഷികളെ സ്വാധീനിക്കൽ തുടങ്ങിയ ആരോപണങ്ങൾ ഉന്നയിക്കുന്ന അനുബന്ധ കുറ്റപത്രം ഇന്നലെ കോടതി വായിച്ചു കേൾപ്പിച്ചു. ദിലീപും കേസിൽ പുതുതായി പ്രതിചേർത്ത സുഹൃത്ത് ജി.ശരത്തും കുറ്റങ്ങൾ നിഷേധിച്ചു.

ഇന്നലെ വൈകിട്ട് 3 ന് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ നേരിട്ടു ഹാജരായ രണ്ടു പ്രതികളെയും അടച്ചിട്ട കോടതി മുറിയിലാണു കുറ്റപത്രം വായിച്ചു കേൾപ്പിച്ചത്. തുടരന്വേഷണത്തിനു വഴി തുറക്കുന്ന വെളിപ്പെടുത്തൽ നടത്തിയ സിനിമാ സംവിധായകൻ പി.ബാലചന്ദ്രകുമാർ, നടി മഞ്ജു വാരിയർ എന്നിവരുടെ സാക്ഷി വിസ്താരം കേസിൽ ഏറെ നിർണായകമാണ്. ഇവരടക്കം ആദ്യഘട്ടത്തിൽ വിസ്തരിക്കാനുള്ള 39 പേരടങ്ങുന്ന സാക്ഷിപ്പട്ടിക പ്രോസിക്യൂഷൻ വിചാരണക്കോടതിക്കു കൈമാറി. സാക്ഷി വിസ്താരത്തിനുള്ള തീയതികൾ നിശ്ചയിക്കാൻ കോടതി 3നു കേസ് വീണ്ടും പരിഗണിക്കും.

ക്രൈംബ്രാഞ്ച് നടത്തിയ തുടരന്വേഷണത്തിന്റെ നിയമസാധുത ചോദ്യം ചെയ്തു കുറ്റപത്രം തള്ളാനുള്ള ഹർജി പ്രതിഭാഗം സമർപ്പിച്ചിരുന്നു. കുറ്റപത്രവും അനുബന്ധ തെളിവുകളും പരിശോധിച്ച കോടതി പ്രതിഭാഗത്തിന്റെ ഹർജി തള്ളിയതോടെയാണു 2 പ്രതികളും ഇന്നലെ കോടതിയിൽ നേരിട്ടു ഹാജരായി കുറ്റപത്രം വായിച്ചു കേട്ടത്.

അടുത്ത സുഹൃത്തും വ്യവസായിയുമായ ജി.ശരത്തിന്റെ സഹായത്തോടെ ദിലീപ് തെളിവുകൾ നശിപ്പിക്കാൻ ശ്രമിച്ചതായാണു കുറ്റപത്രം ആരോപിക്കുന്നത്. 112 പുതിയ സാക്ഷികളുടെ പട്ടികയും 300 രേഖകളും അടങ്ങുന്നതാണ് അനുബന്ധ കുറ്റപത്രം.

KCN

more recommended stories