എന്റെ ഭൂമി ഡിജിറ്റല്‍ റീസര്‍വേ ജനപങ്കാളിത്തത്തോടെ പൂര്‍ത്തിയാക്കും: മന്ത്രി അഹമ്മദ് ദേവര്‍കോവില്‍

കാസര്‍കോട്: ജില്ലയിലെ ഉപഗ്രഹ സഹായത്തോടെയുള്ള എന്റെ ഭൂമി ഡിജിറ്റല്‍ റീസര്‍വേ ജനപങ്കാളിത്തത്തോടെ ജനകീയമായി നിര്‍വ്വഹിക്കുമെന്ന് തുറുഖ പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. വിദ്യാനഗര്‍ സണ്‍റൈസ് ഓഡിറ്റോറിയം സ്റ്റേഡിയം സക്വയറില്‍ എന്റെ ഭൂമി ഡിജിറ്റല്‍ റീസര്‍വേയുടെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. എല്ലാവര്‍ക്കും ഭൂമി, എല്ലാ ഭൂമിക്കും കൃത്യമായ രേഖ ഉണ്ടാക്കുക, ഭൂമി സംബന്ധമായ എല്ലാ സര്‍ക്കാര്‍ സേവനങ്ങളും ഓണ്‍ലൈന്‍ ആക്കുക എന്നിവയാണ് എന്റെ ഭൂമി പദ്ധതിയുടെ പ്രധാന ലക്ഷ്യം. ഇതിനായി ഓരോ ഭൂമിയുടെയും കൃത്യമായ അളവുകള്‍ വച്ച്, ലാന്‍ഡ് പാര്‍സല്‍ മാപ്പ് (ഐപിഎം) തയ്യാറാക്കാനാണ് ഡിജിറ്റല്‍ സര്‍വേ നടത്തുന്നത്. ഈ മാപ്പിന്റെ അടിസ്ഥാനത്തില്‍ ഭാവിയില്‍ സര്‍വേ, രജിസ്ട്രേഷന്‍, റവന്യൂ എന്നീ മൂന്ന് വകുപ്പുകളുടെ ഭൂമി സംബന്ധമായ എല്ലാ സേവനങ്ങളും ഓണ്‍ലൈന്‍ ആക്കും. ഇതിനുള്ള ഏകജാലക സംവിധാനമായി എന്റെ ഭൂമി പോര്‍ട്ടല്‍ മാറും. കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുള്ള കണ്‍ക്ലൂസിവ് ലാന്‍ഡ് ടൈറ്റിലിംഗ് (സിഎല്‍ടി) സമ്പ്രദായത്തിനും പുതിയ ഡാറ്റാബേസ് അടിസ്ഥാനമാകും. യഥാര്‍ത്ഥ ഉടമസ്ഥാവകാശം ഒരാള്‍ക്ക് രേഖയായി നല്‍കിയും, ആ രേഖയുടെ കൃത്യത സര്‍ക്കാരിന്റെ ഉത്തരവാദിത്തം ആയിരിക്കുകയും ചെയ്യുന്നതാണ് സിഎല്‍ടി. അത്യാധുനിക സര്‍വ്വേ സാങ്കേതിക വിദ്യകള്‍ പ്രയോജനപ്പെടുത്തി ബഹുജന പങ്കാളിത്തത്തോടെയാണ് എന്റെ ഭൂമി പദ്ധതി സംസ്ഥാനത്ത് നടപ്പിലാക്കുന്നത്.

കഴിഞ്ഞ ആറു വര്‍ഷത്തെ സമാനതകളില്ലാത്ത വികസനത്തിന്റെ തുടര്‍ച്ച ഉറപ്പുവരുത്തുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. അതിനു നമ്മുടെ വിഭവങ്ങളെക്കുറിച്ച് കൃത്യമായ ധാരണ ഉണ്ടാവേണ്ടതുണ്ട്. ഈ രേഖകള്‍ കുറ്റമറ്റ രീതിയില്‍, വേഗത്തില്‍ ലഭ്യമാക്കാന്‍ ഡിജിറ്റല്‍ സര്‍വേ സഹായിക്കും. അതുവഴി കേരളത്തിന്റെ ഭാവി വികസനത്തിനാവശ്യമായ ഭൂവിനിയോഗം കൂടുതല്‍ കാര്യക്ഷമവും സുതാര്യവുമാക്കലാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. അതോടൊപ്പം സ്വകാര്യ ഭൂമി കൃത്യതപ്പെടുത്തി, ഭൂവുടമകള്‍ക്ക് സംരക്ഷിക്കാനും സാധിക്കും. അതുകൊണ്ടു തന്നെ ഈ റീ-സര്‍വ്വേ നടപടികള്‍ കാലതാമസം കൂടാതെ പൂര്‍ത്തിയാക്കേണ്ടതുണ്ട്. അതിനായി ജനപ്രതിനിധികളുടെയും, പൊതുജനങ്ങളുടേയും ഭാഗത്തു പൂര്‍ണ സഹകരണം ഉണ്ടാകണമെന്നും മന്ത്രി പറഞ്ഞു. എന്‍.എ. നെല്ലിക്കുന്ന് എംഎല്‍എ അധ്യക്ഷനായി. എ.കെ.എം.അഷ്‌റഫ് എം.എല്‍.എ, സബ് കളക്ടര്‍ സൂഫിയാന്‍ അഹമ്മദ്, എ.ഡി.എം എ.കെ.രമേന്ദ്രന്‍, ആര്‍.ഡി.ഒ അതുല്‍ എസ്.നാഥ്, ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. സര്‍വേ ഡെപ്യൂട്ടി ഡയറക്ടര്‍ എസ്. സലീം പദ്ധതി വിശദീകരിച്ചു. ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ് സ്വാഗതവും കാസര്‍കോട് റീസര്‍വേ അസിസ്റ്റന്റ് ഡയറക്ടര്‍ സുനില്‍ ജോസഫ് ഫെര്‍ണാണ്ടസ് നന്ദിയും പറഞ്ഞു.

ഡിജിറ്റല്‍ റീസര്‍വേ ആദ്യഘട്ടം 18 വില്ലേജുകളില്‍

ജില്ലയില്‍ മഞ്ചേശ്വരം, കാസര്‍കോട് താലൂക്കുകളിലെ 18 വില്ലേജുകളിലാണ് ആദ്യഘട്ടത്തില്‍ ഡിജിറ്റല്‍ സര്‍വേ നടക്കുന്നത്. ഉദ്ഘാടനത്തിന് പിന്നാലെ ജില്ലയിലെ റീസര്‍വേ നടപടികള്‍ മുട്ടത്തൊടി വില്ലേജില്‍ ആരംഭിച്ചു. ഡിജിറ്റല്‍ റീസര്‍വ്വേ പൂര്‍ത്തിയാകുന്നതോടെ ഭൂമിസംബന്ധമായ വിവരങ്ങള്‍ക്ക് വളരെ കൃത്യതയും സുതാര്യതയും ഉറപ്പു വരുന്നു. റെലിസ് (റവന്യു ലാന്‍ഡ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം), പേള്‍ (പാക്കേജ് ഫോര്‍ ഇഫക്ടീവ് അഡ്മിനിസ്ട്രേഷന്‍ ഓഫ് രജിസ്ട്രേഷന്‍ ലോസ്), ഇ-മാപ്സ് (ഇഫക്ടീവ് മാപ്പിംഗ് ആപ്ലിക്കേഷന്‍ പാക്കേജ് ഫോര്‍ സര്‍വേയിംഗ്) എന്നിവയുടെ ഏകോപനം വഴി റവന്യൂ, രജിസ്ട്രേഷന്‍, സര്‍വ്വേ എന്നീ സേവനങ്ങള്‍ ഒരുമിച്ച് ലഭ്യമാകും. ഭൂമി സംബന്ധമായ വിവരങ്ങള്‍ കൈകാര്യം ചെയ്തു വരുന്ന റവന്യൂ, രജിസ്ട്രേഷന്‍, സര്‍വ്വേ വകുപ്പുകളുടെ സേവനം എന്നിവ ഒറ്റ പോര്‍ട്ടല്‍ വഴി സുതാര്യമായി ലഭ്യമാക്കും. ഭൂമി സംബന്ധിച്ച വിവരങ്ങളുടെ അപ്ഡേഷന്‍ എളുപ്പത്തില്‍ സാധ്യമാകുന്നു. അപേക്ഷകള്‍ വേഗത്തില്‍ തീര്‍പ്പാക്കാനും അതുവഴി ഉപഭോക്തൃ സേവനം ജനപ്രിയമാകാനും സാധിക്കും. പൊതുജനങ്ങള്‍ക്ക് ഒരു ആവശ്യത്തിനായി പല ഓഫീസുകളില്‍ കയറിയിറങ്ങുന്നത് ഒഴിവാക്കാനാവും. അപേക്ഷകള്‍ ഓണ്‍ലൈനായി കൊടുക്കുവാനും ഓണ്‍ലൈനായി പരിഹരിക്കപ്പെടാനും സാധിക്കും. വസ്തുക്കളുടെ പോക്കുവരവ് വളരെ വേഗത്തിലാക്കാനും ഡോക്യുമെന്റേഷന്‍ ജോലികള്‍ വളരെ വേഗത്തില്‍ നടത്താനും സാധിക്കും.

KCN

more recommended stories