ഷാരോൺ വധം: ഗ്രീഷ്മയുടെ വീട്ടിൽ നിന്ന് തെളിവുകൾ കണ്ടെത്തി

ഷാരോൺ കെ‍ാലക്കേസ് പ്രതി ഗ്രീഷ്മയെ വീട്ടിൽ എത്തിച്ച് 8 മണിക്കൂറോളം തെളിവെടുത്തു. കഷായം നിർമിച്ച പെ‍ാടി, കളനാശിനി കലർത്താൻ ഉപയോഗിച്ച പാത്രങ്ങൾ, കുപ്പി, മുറിയിലെ തറയിൽ വീണ കളനാശിനിയുടെ തുള്ളികൾ തുടച്ചു നീക്കിയ തുണി എന്നിവ വീട്ടിൽ നിന്നു കണ്ടെടുത്തിട്ടുണ്ട്. തെളിവുകൾ ഫൊറൻസിക് പരിശോധനയ്ക്ക് അയച്ചു.

സംഭവ ദിവസം ഷാരോൺ വീട്ടിലെത്തിയ ശേഷം നടന്ന മുഴുവൻ സംഭവങ്ങളും പുനരാവിഷ്കരിച്ചാണ് തെളിവെടുപ്പു നടന്നത്. ഗ്രീഷ്മ, അമ്മാവൻ നിർമൽകുമാർ എന്നിവരെ ഒരുമിച്ചും ഒറ്റയ്ക്കും ഇരുത്തി വിവരങ്ങൾ ശേഖരിച്ചു. നിർമൽകുമാറിനെ സ്വന്തം വീട്ടിലും എത്തിച്ച് തെളിവെടുത്തു.

ഷാരോൺ കഷായം കുടിച്ച ശേഷം ഛർദിച്ച സ്ഥലത്തെ മണ്ണും ശേഖരിച്ചു. നിർമൽകുമാർ കൃഷി ആവശ്യത്തിനു വാങ്ങി വീട്ടിൽ സൂക്ഷിച്ചിരുന്ന കളനാശിനിയാണ് ഗ്രീഷ്മ കഷായത്തിൽ ചേർത്തു നൽകിയത്. ഷാരോണിന്റെ മരണ ശേഷം വീട്ടുകാർക്കു മുന്നിൽ ഗ്രീഷ്മ കുറ്റസമ്മതം നടത്തിയതോടെ തെളിവുകൾ മാതാവ് സിന്ധുവും നിർമൽകുമാറും ചേർന്നു നശിപ്പിച്ചു എന്നാണ് പെ‍ാലീസ് വെളിപ്പെടുത്തൽ.

ഗ്രീഷ്മയുടെ പിതാവ് ശ്രീകുമാറിനെയും പെ‍ാലീസ് ഇന്നലെ വീട്ടിൽ എത്തിച്ചു. പെ‍ാലീസ് സീൽ ചെയ്തിരുന്ന വീടിന്റെ പൂട്ട് കഴിഞ്ഞ ദിവസം തകർത്ത നിലയിൽ കാണപ്പെട്ടിരുന്നു. ഈ കേസ് അന്വേഷണത്തിനു വേണ്ടിയാണ് അദ്ദേഹത്തെ എത്തിച്ചതെന്നാണു വിവരം. ഷാരോൺ കേസിൽ ശ്രീകുമാറിനു പങ്കില്ലെന്നാണു ക്രൈംബ്രാഞ്ച് നിഗമനം.

 

KCN

more recommended stories