ടൂറിസ്റ്റ് വാഹനങ്ങള്‍ക്ക് കേരളത്തിലും നികുതി ഈടാക്കാം: ഹൈക്കോടതി

കൊച്ചി:  മറ്റ് സംസ്ഥാനങ്ങളില്‍ റജിസ്റ്റര്‍ ചെയ്ത ടൂറിസ്റ്റ് വാഹനങ്ങള്‍ക്ക് കേരളത്തിലും നികുതി ഈടാക്കാമെന്നു ഹൈക്കോടതി. സര്‍ക്കാര്‍ നീക്കം തടയണമെന്ന ബസുടമകളുടെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചില്ല. കേന്ദ്രനിയമത്തിന്റെ അഭാവത്തില്‍ സംസ്ഥാന സര്‍ക്കാരിനു അധികാരമുണ്ടെന്നു കോടതി വ്യക്തമാക്കി. ഓള്‍ ഇന്ത്യ ടൂറിസ്റ്റ് പെര്‍മിറ്റ് വാഹനങ്ങളില്‍ നിന്ന് ഓള്‍ ഇന്ത്യ പെര്‍മിറ്റ് ഫീസ് കൂടാതെ സംസ്ഥാനം നികുതി പിരിക്കുന്നത് അന്തര്‍ സംസ്ഥാന യാത്രകള്‍ സുഗമമാക്കുന്നതിനു കേന്ദ്രം ആവിഷ്‌കരിച്ച ഓള്‍ ഇന്ത്യ ടൂറിസ്റ്റ് പെര്‍മിറ്റ് സംവിധാന അട്ടിമറിക്കാനുള്ള നീക്കമാണെന്നു ടൂറിസ്റ്റ് വാഹന ഉടകള്‍ ആരോപിച്ചിരുന്നു. കേരളത്തില്‍ റജിസ്റ്റര്‍ ചെയ്യേണ്ട വാഹനങ്ങള്‍ 2021ലെ ഓള്‍ ഇന്ത്യ പെര്‍മിറ്റ് ആന്റ് ഓതറൈസേഷന്‍ ചട്ടങ്ങള്‍ പ്രകാരം നാഗാലാന്‍ഡ്, ഒഡിഷ, അരുണാചല്‍ പ്രദേശ് എന്നിവിടങ്ങളില്‍ റജിസ്റ്റര്‍ ചെയ്ത് സര്‍വീസ് നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ട സാഹചര്യത്തിലാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ നടപടി.കേരളത്തിലേക്ക് റജിസ്‌ട്രേഷന്‍ മാറ്റിയില്ലെങ്കില്‍ കേരള മോട്ടോര്‍ വാഹന ടാക്‌സേഷന്‍ നിയമ പ്രകാരംനികുതി ഈടാക്കുമെന്നു സംസ്ഥാന സര്‍ക്കാര്‍ നിലപാട് എടുത്തതിനു പിന്നാലെയാണ് ബസുടമകള്‍ ഹൈക്കോടതിയെ സമീപിച്ചത്.

KCN