പിൻവാതില്‍ നിയമനം: ജോലി ലഭിച്ചവരിൽ ഡി.ആർ.അനിലിന്റെ സഹോദരനും

മെഡിക്കൽ കോളജിൽ പിൻവാതിലിലൂടെ താൽക്കാലിക ജോലി ലഭിച്ചവരിൽ കോർപറേഷനിലെ എൽഡിഎഫ് പാർലമെന്ററി പാർട്ടി സെക്രട്ടറി ഡി.ആർ. അനിലിന്റെ സഹോദരനും. ലിഫ്റ്റ് ഓപ്പറേറ്റർ തസ്തികയിലാണ് അനിലിന്റെ സഹോദരൻ ഡി.ആർ.രാംരാജ് അനധികൃത നിയമനം നേടിയത്. ബന്ധു നിയമനത്തിന്റെ പേരിൽ എസ്എടിയിലെ ലേ സെക്രട്ടറി മൃദുല കുമാരിയെ സസ്പെൻഡ് ചെയ്ത സാഹചര്യത്തിൽ സമാന ആരോപണം നേരിടുന്ന അനിലിനെതിരെ നടപടിയുണ്ടായേക്കും. മെഡിക്കൽ കോളജിന്റെ ഭാഗം തന്നെയായ എസ്എടി ആശുപത്രിയിലെ താൽക്കാലിക നിയമനത്തിന് അനിൽ ജില്ലാ സെക്രട്ടറിക്ക് എഴുതിയ കത്ത് വിവാദത്തിലാണ്.

. മെഡിക്കൽ കോളജ് ആശുപത്രി വികസന സമിതിയിൽ ആരോഗ്യ മന്ത്രിയുടെ പ്രതിനിധിയാണ് അനിൽ. വാർഡ് കൗൺസിലർ സമിതിയിൽ അംഗമാണെങ്കിലും രണ്ടു പദവികളും അനിൽ ഒരുമിച്ചു വഹിക്കുകയാണ്. ഇതിന്റെ മറവിലാണ് മെഡിക്കൽ കോളജിലും എസ്എടിയിലും അനധികൃത നിയമനങ്ങൾ നടത്തുന്നതതെന്നാണ് ആരോപണം. കുടുംബശ്രീ വഴിയുള്ള നിയമനത്തിന്റെ മറവിലാണ് ആദ്യം രാംരാജിന് ജോലി തരപ്പെടുത്തിയത്.

ഡ്യൂട്ടി സമയത്ത് മദ്യപിച്ച് ആശുപത്രിക്കുള്ളിൽ ബഹളമുണ്ടാക്കുന്നതു സംബന്ധിച്ച് ഡോക്ടർമാരുൾപ്പെടെയുള്ളവർ നിരന്തരം പരാതിപ്പെട്ടപ്പോൾ രാംരാജിനെ ജോലിയിൽ നിന്നു പിരിച്ചു വിട്ടു. വിവാദം കെട്ടടങ്ങിയപ്പോഴാണ് ലിഫ്റ്റ് ഓപ്പറേറ്ററായി വീണ്ടും പിൻവാതിലിലൂടെ കയറ്റിയത്.

ബന്ധുക്കളെ ഉൾപ്പെടുത്തി ലേ സെക്രട്ടറിയും 

സിപിഎം പ്രാദേശിക നേതാക്കൾ നൽകുന്ന ലിസ്റ്റിനൊപ്പം തന്റെ ബന്ധുക്കളെയും ഉൾപ്പെടുത്തിയാണ് ലേ സെക്രട്ടറി അനധികൃത നിയമനങ്ങൾ നടത്തിയത്. പാർട്ടി അംഗങ്ങൾ അല്ലാത്തവർക്കും പാർട്ടിയുടെ ലേബലിൽ നിയമനം നൽകിയ വിവരം സിപിഎം നേതൃത്വത്തിന്റെ ചെവിയിലെത്തിയിട്ടുണ്ട്. ഒരു മാസത്തെ ശമ്പളം മുൻകൂറായി വാങ്ങിയാണ് അനധികൃത നിയമനങ്ങൾ നടത്തിയിരിക്കുന്നത്.

എല്ലാ മാസവും ഒരു ദിവസത്തെ ശമ്പളം നൽകണമെന്നും നിർദേശിച്ചിട്ടുണ്ട്. പടി മുടങ്ങിയാൽ എന്തെങ്കിലും കാരണം പറ‍ഞ്ഞ് താൽക്കാലിക ജീവനക്കാരെ ജോലിയിൽ നിന്ന് ഒഴിവാക്കും. സർക്കാരിൽ നിന്നു നോൺ പ്രാക്ടീസിങ് അലവൻസ് കൈപ്പറ്റിയ ശേഷം സ്വകാര്യ പ്രാക്ടീസ് നടത്തുന്ന മെഡിക്കൽ കോളജിലെ ഡോക്ടർമാരിൽ നിന്നും നിയമന ലോബി പടി വാങ്ങുന്നതായും ആരോപണമുണ്ട്. അനധികൃത നിയമനങ്ങൾക്കു ചുക്കാൻ പിടിക്കുന്ന നേതാവ് പാർട്ടി ചാനൽ സ്ഥിതി ചെയ്യുന്ന സ്ഥലത്തിനു പിറകിലായി ഭൂമി സ്വന്തമാക്കിയതും പാർട്ടി നേതൃത്വം അന്വേഷിക്കുന്നുണ്ടെന്നാണ് വിവരം.

കത്ത് തയാറാക്കി, കീറിക്കളഞ്ഞു: ഡി.ആർ.അനിൽ 

തിരുവനന്തപുരം ∙ എസ്എടി ആശുപത്രിയിലെ താൽക്കാലിക നിയമനത്തിനായി പാർട്ടിയുടെ പട്ടിക ആവശ്യപ്പെട്ട് സിപിഎം ജില്ലാ സെക്രട്ടറിക്ക് എഴുതിയ കത്ത് കീറിക്കളയുകയാ‍യിരുന്നുവെന്നു കോർപറേഷൻ പാർലമെന്ററി പാർട്ടി സെക്രട്ടറി ഡി.ആർ.അനിലിന്റെ മൊഴി. പബ്ലി‍സിറ്റി‍ക്കു വേണ്ടിയായിരുന്നു തന്റെ ഓഫിസിൽ വച്ച് കത്ത് തയാറാക്കിയതെന്നും കത്ത് പുറത്തു പോയതിനെക്കുറിച്ച് അറിയില്ലെന്നും ക്രൈംബ്രാഞ്ചിനും വിജിലൻസിനും നൽകിയ മൊഴിയിൽ പറയുന്നു.

‘എസ്എടി ആശുപത്രിയിൽ കുടുംബശ്രീ പ്രവർത്തകരെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട് താൻ കത്തു തയാറാക്കിയെന്നും ഇതു ആവശ്യമില്ലെന്നു മന‍സ്സിലായതിനാൽ നശിപ്പിച്ചെന്നും മൊഴിയിൽ പറയുന്നു. മേയറുടെ പേരിൽ പ്രചരിക്കുന്ന കത്ത് താൻ കണ്ടിട്ടില്ലെന്നും മേയറുടെ കത്തിന്റെ വാട്സാപ് സ്ക്രീൻഷോട്ട് മാത്രമാണ് ലഭിച്ചതെന്നും അനിൽ മൊഴി നൽകി. 

 

KCN

more recommended stories