വെറ്ററിനറി സർവകലാശാല വിസി നിയമനത്തിൽ ചട്ടലംഘനം; ഗവർണർ നോട്ടിസ് നൽകും

യുജിസി ചട്ടം ലംഘിച്ചാണു കേരള വെറ്ററിനറി സർവകലാശാല വൈസ് ചാൻസലറുടെ നിയമനം നടത്തിയതെന്നു വ്യക്തമായ സാഹചര്യത്തിൽ അദ്ദേഹത്തിനു ഗവർണർ കാരണം കാണിക്കൽ നോട്ടിസ് നൽകും.

ഇതിനുള്ള ഫയൽ ഡൽഹിയിലുള്ള ഗവർണറുടെ തീരുമാനത്തിന് ഓൺലൈനായി നൽകി. യുജിസി ചട്ടം ലംഘിച്ചു നിയമനം ലഭിച്ച മറ്റു വിസിമാർക്കു ഗവർണർ കാരണം കാണിക്കൽ നോട്ടിസ് നൽകിയിരുന്നു. ഇതിനെതിരെയുള്ള കേസ് ഹൈക്കോടതിയുടെ പരിഗണനയിലാണ്.

കേരള ഫിഷറീസ് സർവകലാശാല (കുഫോസ്) വിസി കെ.റിജി ജോണിനെ ഹൈക്കോടതി പുറത്താക്കിയെങ്കിലും പകരം ആർക്കും ചുമതല നൽകിയിട്ടില്ല. അപ്പീൽ പോകാൻ ഒരാഴ്ച നൽകണമെന്ന് ആവശ്യപ്പെട്ട് റിജി ജോൺ രാജ്ഭവനു കത്ത് നൽകിയിട്ടുണ്ട്. എന്നാൽ, ഇങ്ങനെ സാവകാശം അനുവദിക്കാമോ എന്നു രാജ്ഭവൻ നിയമോപദേശം തേടി.

വിസിമാർ പുറത്തായാൽ പകരം ചുമതല നൽകേണ്ട സീനിയർ പ്രഫസർമാരുടെ പട്ടിക രാജ്ഭവൻ നേരത്തേ സർവകലാശാലകളിൽനിന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, കുഫോസിൽനിന്നു ലഭിച്ച പട്ടികയിൽ ഉള്ളവർ വിവാദത്തിൽപെട്ടവരും ചില പ്രമുഖരുടെ ഭാര്യമാരും ആണെന്ന് ആക്ഷേപമുണ്ട്. ഇതു തൃപ്തികരമല്ലാത്തതിനാൽ 10 വർഷം സർവീസുള്ള എല്ലാ സീനിയർ പ്രഫസർമാരുടെയും പട്ടിക നൽകാൻ വീണ്ടും ആവശ്യപ്പെട്ടിരിക്കുകയാണ്.

കാർഷിക സർവകലാശാല വിസിയുടെ ചുമതല വഹിക്കാൻ യുജിസി ചട്ടങ്ങൾ അനുസരിച്ചു കാർഷികോൽപാദന കമ്മിഷണർക്ക് യോഗ്യത ഇല്ലെങ്കിലും അവരെ ഒഴിവാക്കുന്ന കാര്യത്തിൽ തിരക്കിട്ടു തീരുമാനം ഉണ്ടാകില്ല. കാർഷിക സർവകലാശാലയിലെ സീനിയർ പ്രഫസർമാരുടെ പട്ടിക രാജ്ഭവനിൽ ഉണ്ട്. ഗവർണർ മടങ്ങി എത്തിയ ശേഷം ഇക്കാര്യത്തിൽ തീരുമാനം എടുത്തേക്കും.

വെറ്ററിനറി സർവകലാശാലാ വിസി നിയമനം റദ്ദാക്കണമെന്നും കാർഷിക സർവകലാശാല വിസിയുടെ ചുമതലയിൽനിന്നു കാർഷികോൽപാദന കമ്മിഷണറെ ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടു സേവ് യൂണിവേഴ്സിറ്റി ക്യാംപെയ്ൻ കമ്മിറ്റി നൽകിയ നിവേദനം ഗവർണറുടെ പരിഗണനയിലാണ്.

കലാമണ്ഡലം ചാൻസലർ: ഗവർണറെ നീക്കിയതിന് മന്ത്രിസഭയുടെ അംഗീകാരം

തിരുവനന്തപുരം∙കലാമണ്ഡലം കൽപിത സർവകലാശാലയുടെ ചാൻസലർ പദവിയിൽ നിന്നു ഗവർണറെ നീക്കിയ സാംസ്‌കാരിക വകുപ്പിന്റെ നടപടിക്കു മന്ത്രിസഭാ യോഗത്തിന്റെ  അംഗീകാരം. കലാമണ്ഡലത്തിന്റെ ചാൻസലർ ആയി കലാ,സാംസ്‌കാരിക മേഖലയിലെ പ്രഗല്ഭ വ്യക്തിയെ നിയമിക്കാനുള്ള അധികാരം മന്ത്രിസഭയുടെ അധികാര പരിധിയിൽ നിലനിർത്താനും തീരുമാനിച്ചു.

ചാൻസലറെ നിയമിക്കാനുള്ള നടപടികൾ വൈകാതെ തന്നെ സ്വീകരിച്ചു മന്ത്രിസഭയുടെ പരിഗണനയ്ക്കു കൊണ്ടുവരാൻ സാംസ്‌കാരിക മന്ത്രി വി.എൻ.വാസവനു നിർദേശം നൽകി.

 ചാൻസലർ സ്ഥാനത്തു നിന്നു ഗവർണറെ ഒഴിവാക്കിയ സാംസ്‌കാരിക വകുപ്പു പ്രിൻസിപ്പൽ സെക്രട്ടറിയുടെ എക്‌സിക്യൂട്ടീവ് ഉത്തരവ് റദ്ദാക്കാനും പകരം മന്ത്രിസഭാ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ പ്രത്യേക ഉത്തരവ് ഇറക്കാനും തീരുമാനിച്ചു.

സംസ്ഥാനത്തിന്റെ തലവനായ ഗവർണറെ പുറത്താക്കിയ നടപടി സാധൂകരിക്കുന്നതിന് ആണ് ഇതു മന്ത്രിസഭയുടെ പരിഗണനയ്ക്കു കൊണ്ടു വന്നത്.

KCN

more recommended stories