പ്രിയ വര്‍ഗീസിന് യോഗ്യതയില്ല; ഹൈക്കോടതി

കൊച്ചി: കെ.കെ.രാഗേഷിന്റെ ഭാര്യ പ്രിയാ വര്‍ഗീസിനു കണ്ണൂര്‍ സര്‍വകലാശാലയിലെ അസോഷ്യേറ്റ് പ്രഫസര്‍ തസ്തികയില്‍ നിയമനം നല്‍കിയതില്‍ ഹൈക്കോടതിയില്‍നിന്നു തിരിച്ചടി. പ്രിയാ വര്‍ഗീസിന്റെ ഗവേഷണ കാലം അധ്യാപക പരിചയമായി കണക്കാക്കാനാകില്ലെന്നു ഹൈക്കോടതി നിരീക്ഷിച്ചു. പ്രിയാ വര്‍ഗീസിസ് അവകാശപ്പെടുന്ന സേവനങ്ങള്‍ അധ്യാപന പരിചയം ആകില്ല. പ്രിയാ വര്‍ഗീസിന്റെ നിയമനത്തിനു മതിയായ യോഗ്യതയില്ലെന്നും യോഗ്യതകളെല്ലാം അക്കാദമികമായി കണക്കാക്കാനാകില്ലെന്നും കോടതി നിരീക്ഷിച്ചു. അതിന്റെ അടിസ്ഥാനത്തില്‍ പ്രിയാ വര്‍ഗീസിനു യോഗ്യതയുണ്ടോ എന്നു സര്‍വകലാശാല പുനഃപരിശോധിക്കണം. ലിസ്റ്റില്‍ നിലനിര്‍ത്തണോ എന്നു പരിശോധിച്ചു തീരുമാനിച്ച ശേഷം മാത്രം റാങ്ക് ലിസ്റ്റില്‍ തുടര്‍നടപടി എടുക്കാന്‍ കോടതി നിര്‍ദേശിച്ചു.

ഒറ്റവരിയില്‍ ഒരു വിധിന്യായമല്ല കോടതി നടത്തിയത്. വിധിപ്രസ്താവം വിശദമായി വായിക്കുകയാണ് ജഡ്ജിമാര്‍. പ്രിയ വര്‍ഗീസിനു യോഗ്യതയില്ലെന്ന് ആരോപിച്ച് ലിസ്റ്റില്‍ രണ്ടാം റാങ്കുകാരനായ ചങ്ങനാശേരി എസ്ബി കോളജ് മലയാളം വിഭാഗം മേധാവി ജോസഫ് സ്‌കറിയ നല്‍കിയ ഹര്‍ജിയിലാണു ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ ഉത്തരവ്. ഹര്‍ജിയില്‍ പ്രിയാ വര്‍ഗീസിന്റെ നിയമനം ഹൈക്കോടതി നേരത്തേ സ്റ്റേ ചെയ്തിരുന്നു. ഡോ. രാധാകൃഷ്ണന്റെ വാക്കുകള്‍ കടമെടുത്താണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ വിധി പ്രസ്താവം നടത്തിയത്.

അധ്യാപകന്‍ വിളക്കാണ്. അനുഭവ പരിചയം ഉള്ള ആളാകണം അധ്യാപകനാകേണ്ടതെന്നും വിധിയില്‍ പറയുന്നു. അക്കാദമിക് സ്‌കോര്‍ കുറഞ്ഞ പ്രിയയെ നിയമിച്ചതില്‍ സിലക്ഷന്‍ കമ്മിറ്റിയെയും കോടതി വിമര്‍ശിച്ചു. ”പ്രിയയ്ക്ക് മതിയായ അധ്യാപന പരിചയമില്ല. അസി. പ്രഫസര്‍ തസ്തികയില്‍ ആവശ്യമായ കാലം പ്രവര്‍ത്തിച്ചിട്ടില്ല. പിഎച്ച്ഡി ഗവേഷണം നടന്നപ്പോള്‍ അധ്യാപനം ഒഴിവാക്കിയിട്ടുണ്ട്. ഗവേഷണകാലം ഡപ്യൂട്ടേഷനിലാണ്. ഇതും അധ്യാപന പരിചയമാകില്ല. സ്റ്റുഡന്റ് സര്‍വീസ് ഡയറക്ടര്‍ കാലയളവും അധ്യാപന പരിചയമാകില്ല.

ഗവേഷണകാലം പൂര്‍ണമായി ഗവേഷണത്തിന് വിനിയോഗിച്ചെന്ന് പ്രിയ സമ്മതിച്ചിട്ടുണ്ട്. സ്‌ക്രൂട്ടിനി കമ്മിറ്റി അക്കാദമിക യോഗ്യതയായി ഇവ പരിഗണിച്ചത് എങ്ങനെയെന്ന് വ്യക്തമല്ല. യുജിസി മാനദണ്ഡങ്ങള്‍ മറികടക്കാനില്ല.” കോടതി വിധിയില്‍ പറയുന്നു. അധ്യാപകര്‍ രാഷ്ട്രനിര്‍മാതാക്കളാണെന്ന് കോടതി നിരീക്ഷിച്ചു. ഇരുഭാഗത്തിന്റെയും വാദമുഖങ്ങള്‍ കോടതി വിശദീകരിച്ചു.

ഹൈക്കോടതിയുടെ വിമര്‍ശനത്തിനെതിരെ പ്രിയാ വര്‍ഗീസ് ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടതിനെ കോടതി വിമര്‍ശിച്ചിരുന്നു. സംഭവിക്കുന്നത് അസുഖകരമായ കാര്യങ്ങളാണെന്നു കോടതി പറഞ്ഞു. കുഴിവെട്ട് എന്ന കാര്യം പറഞ്ഞത് ഓര്‍ക്കുന്നില്ലെന്നും കോടതി വ്യക്തമാക്കി. താനും എന്‍എസ്എസിന്റെ (നാഷനല്‍ സര്‍വീസ് സ്‌കീം) ഭാഗമായിരുന്നുവെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു. നാഷനല്‍ സര്‍വീസ് സ്‌കീമിനെ താഴ്ത്തിക്കെട്ടി സംസാരിച്ചിട്ടില്ല. കോടതിയില്‍ സംഭവിച്ചത് കോടതിയില്‍ തന്നെ നില്‍ക്കണമെന്നും കോടതി നിലപാടെടുത്തു.

എന്നാല്‍, കോടതിയുടെ പരാമര്‍ശം പ്രിയയ്ക്ക് അവമതിപ്പുണ്ടാക്കിയെന്ന് അഭിഭാഷകന്‍ പറഞ്ഞു. കഴിഞ്ഞ ദിവസം, ഹര്‍ജിയുടെ വാദത്തിനിടെ ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നതിനു മറുപടിയായാണ് ‘നാഷനല്‍ സര്‍വീസ് സ്‌കീമിനു വേണ്ടി കുഴിയല്ല, കക്കൂസ് വെട്ടിയെങ്കിലും അഭിമാനം മാത്രം’ എന്ന് പ്രിയ പോസ്റ്റിട്ടത്. പ്രിയാ വര്‍ഗീസ് പിഎച്ച്ഡി പഠനത്തിനു പോയതും സ്റ്റുഡന്റ്‌സ് ഡയറക്ടറായി ഡപ്യൂട്ടേഷനില്‍ പോയതും അധ്യാപനം ആകില്ലെന്നാണു ഹര്‍ജിയിലെ വാദം. എന്നാല്‍, ഇതു രണ്ടും അധ്യാപന പരിചയത്തില്‍ കണക്കാക്കാമെന്നും സ്റ്റുഡന്റ്‌സ് ഡയറക്ടര്‍ ആയിരിക്കെ എന്‍എസ്എസ് കോ ഓര്‍ഡിനേറ്ററുടെ അധിക ചുമതല വഹിച്ചിരുന്നുവെന്നും പ്രിയയുടെ അഭിഭാഷകന്‍ വാദിച്ചു.

ഡപ്യൂട്ടേഷന്‍ കാലത്തും സ്റ്റുഡന്റ് ഡയറക്ടര്‍ ആയിരുന്നപ്പോഴും പഠിപ്പിച്ചിട്ടുണ്ടോ, എന്‍എസ്എസ് കോ ഓര്‍ഡിനേറ്ററുടെ ചുമതല അധ്യാപന പരിചയമായി അപേക്ഷയില്‍ കാണിച്ചിട്ടുണ്ടോ തുടങ്ങിയ ചോദ്യങ്ങള്‍ ഉന്നയിച്ച കോടതി സ്‌ക്രീനിങ് കമ്മിറ്റിക്കു മുന്നില്‍ വ്യക്തമാക്കാത്ത യോഗ്യത കോടതിയില്‍ ഉന്നയിക്കരുതെന്നും പറഞ്ഞു. ഗവേഷണവും അധ്യാപനവും ഒപ്പം നടത്തിയാലേ അതു അധ്യാപനത്തില്‍ പരിഗണിക്കാന്‍ കഴിയൂ എന്നും ഇവിടെ അങ്ങനെയല്ലെന്നും യുജിസിയുടെ അഭിഭാഷകന്‍ വിശദീകരിച്ചിരുന്നു.

ഇതിനെതിരെ പ്രിയാ വര്‍ഗീസ് ഫെയ്‌സ്ബുക്കില്‍ പോസ്റ്റിടുകയും പിന്നാലെ പിന്‍വലിക്കുകയും ചെയ്തിരുന്നു. അസോഷ്യേറ്റ് പ്രഫസര്‍ നിയമനത്തിനു പരിഗണിച്ച 6 പേരില്‍ റിസര്‍ച് സ്‌കോറില്‍ ഏറ്റവും പിന്നിലായിരുന്നു പ്രിയ. റിസര്‍ച് സ്‌കോറില്‍ 651 മാര്‍ക്കോടെ ഒന്നാമനായിരുന്ന ജോസഫ് സ്‌കറിയയെ 156 മാര്‍ക്കു മാത്രമുണ്ടായിരുന്ന പ്രിയാ വര്‍ഗീസ് അഭിമുഖം കഴിഞ്ഞപ്പോള്‍ രണ്ടാമനാക്കി മാറ്റി. പ്രിയയ്ക്ക് അഭിമുഖത്തില്‍ മാര്‍ക്ക് 32, ജോസഫ് സ്‌കറിയയ്ക്ക് 30. പ്രിയാ വര്‍ഗീസിന് ഒന്നാം റാങ്ക് നല്‍കിയത് വിവാദമായതിനു പിന്നാലെ അസോഷ്യേറ്റ് പ്രഫസര്‍ നിയമന നടപടികള്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മരവിപ്പിച്ചിരുന്നു.

KCN

more recommended stories