KSRTC ബസില്‍ നിന്ന് വിദ്യാര്‍ഥിനി തെറിച്ചുവീണ സംഭവം; വാതിലിന് തകരാറില്ലെന്ന് വിശദീകരണം

ഓട്ടത്തിനിടെ കെ.എസ്.ആര്‍.ടി.സി. ബസിന്റെ വാതില്‍തുറന്ന് വിദ്യാര്‍ഥിനി റോഡില്‍ വീണ് ഗുരുതര പരിക്കേറ്റ സംഭവത്തില്‍ വിശദീകരണുമായി കെ.എസ്.ആര്‍.ടി.സി. ബസ് പതിവായി റൂട്ടില്‍ സര്‍വീസ് നടത്തുന്നതാണെന്നും വാതിലിന് തകരാറില്ലെന്നും അധികൃതര്‍ അറിയിച്ചു. അതേസമയം, ബസിന് ഇന്‍ഷൂറന്‍സ് ഇല്ലെന്ന ആരോപണവുമായി നാട്ടുകാര്‍ രംഗത്തെത്തി.

ആലുവ – പെരുമ്പാവൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന കെ.എല്‍. 15 – 8317 രജിസ്റ്റര്‍ നമ്പരുള്ള ബസില്‍ നിന്നാണ് വിദ്യാര്‍ഥിനി വീണത്. ഈ ബസിന്റെ ഇന്‍ഷുറന്‍സ് കാലാവധി കഴിഞ്ഞെന്നാണ് യാത്രക്കാരുടെ ആരോപണം. ഇന്‍ഷുറന്‍സ് പരിരക്ഷ 2020 മേയ് 24-ന് അവസാനിച്ചെന്നാണ് വാഹന ഗതാഗതവകുപ്പിന്റെ സൈറ്റിലുള്ളത്. അതേസമയം, കെ.എസ്.ആര്‍.ടി.സി. ഇത് സ്ഥിരീകരിച്ചില്ല. ഇക്കാര്യം പരിശോധിച്ചാലേ പറയാനാകൂ എന്നാണ് അവരുടെ വിശദീകരണം.

ഒക്കല്‍ എസ്.എന്‍. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനി, മഞ്ഞപ്പെട്ടി പേണാട്ട് വീട്ടില്‍ റഷീദ്- ഫൗസിയ ദമ്പതിമാരുടെ മകള്‍ ഫര്‍ഹ ഫാത്തിമ (17) യ്ക്കാണ് പരിക്കേറ്റത്. തലയ്ക്ക് സാരമായി പരിക്കേറ്റ ഫര്‍ഹ ഫാത്തിമയെ എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി.

വെള്ളിയാഴ്ച രാവിലെ 8.15-ന് ആലുവ-പെരുമ്പാവൂര്‍ കെ.എസ്.ആര്‍.ടി.സി. റൂട്ടില്‍ പെരിയാര്‍ ജങ്ഷന് സമീപമായിരുന്നു അപകടം. തിരക്കേറിയതിനാല്‍ മുന്‍വശത്തെ ചവിട്ടുപടിയില്‍ നിന്നാണ് പെണ്‍കുട്ടി യാത്രചെയ്തത്. പെട്ടെന്ന് മുന്‍വശത്തെ ഡോര്‍ തുറന്ന് റോഡില്‍ തലയടിച്ചു വീഴുകയായിരുന്നു. കുട്ടിയെ ഓട്ടോയില്‍ ആദ്യം പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചശേഷം വിദഗ്ധചികിത്സയ്ക്കായി മെഡിക്കല്‍ ട്രസ്റ്റിലേയ്ക്ക് മാറ്റുകയായിരുന്നു.

മഞ്ഞപ്പെട്ടി ജങ്ഷനില്‍ നിന്നാണ് മറ്റു വിദ്യാര്‍ഥികള്‍ക്കൊപ്പം ഫര്‍ഹ ബസില്‍ കയറിയത്. സംഭവത്തേ തുടര്‍ന്ന് നാട്ടുകാരുടെ നേതൃത്വത്തില്‍ കെ.എസ്.ആര്‍.ടി.സി. ഡിപ്പോ ഉപരോധിച്ചു. ആലുവ- പെരുമ്പാവൂര്‍ കെ.എസ്.ആര്‍.ടി.സി. റൂട്ടിലെ യാത്രാക്ലേശം പരിഹരിക്കണമെന്നാവശ്യപ്പെട്ട് പലവട്ടം അധികൃതര്‍ക്ക് നിവേദനം നല്‍കിയെങ്കിലും ഫലമുണ്ടായിട്ടില്ലെന്ന് ബ്ലോക്ക് പഞ്ചായത്തംഗം ഷാജിത നൗഷാദ് പറഞ്ഞു. സ്‌കൂള്‍ സമയങ്ങളില്‍ ബസുകളില്‍ വിദ്യാര്‍ഥികള്‍ തിങ്ങിനിറഞ്ഞ് യാത്രചെയ്യുന്നത് പതിവ് കാഴ്ചയാണ്.

 

KCN

more recommended stories