റിപ്പോ നിരക്ക് വീണ്ടും കൂട്ടി ആർബിഐ; ബാങ്ക് വായ്പ പലിശ നിരക്കുകൾ ഉയരും

റിപ്പോ  നിരക്ക് വീണ്ടും കൂട്ടി റിസർവ് ബാങ്ക്. റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് വർധിപ്പിച്ച് 6.5 ശതമാനമാക്കി. ഗവർണർ ശക്തികാന്ത ദാസ് ധന നയ സമിതിയുടെ തീരുമാനം പ്രഖ്യാപിച്ചു, ഈ വർഷത്തെ ആദ്യത്തെ ധനനയ പ്രസ്താവനയായിരുന്നു ഇത്.2022 ഡിസംബറിൽ റിപ്പോ നിരക്ക് 0.35 ശതമാനം ഉയർത്തിയിരുന്നു. റിവേഴ്‌സ് റിപ്പോ നിരക്കിൽ  മാറ്റമില്ല. 3.35 ശതമാനത്തിൽ തുടരും.

ധന നയ സമിതിയിലെ 6  അംഗങ്ങളിൽ 4 അംഗങ്ങളുടെ ഭൂരിപക്ഷത്തിൽ ആണ് നിരക്ക് വർദ്ധനയെന്ന തീരുമാനം കൈകൊണ്ടത്. 2023-24 ലെ യഥാർത്ഥ ജിഡിപി വളർച്ച പ്രതീക്ഷിക്കുന്നത്  6.4 ശതമാനമാണെന്ന് ആർബിഐ ഗവർണർ പറഞ്ഞു. സ്റ്റാൻഡിംഗ് ഡെപ്പോസിറ്റ് ഫെസിലിറ്റി നിരക്ക് 6.25 ശതമാനമായും മാർജിനൽ സ്റ്റാൻഡിംഗ് ഫെസിലിറ്റി നിരക്കും ബാങ്ക് നിരക്കും 6.75 ശതമാനമായും പരിഷ്കരിക്കും.

വളർച്ചയെ പിന്തുണയ്‌ക്കുമ്പോൾ തന്നെ  പണപ്പെരുപ്പം കുറയുന്നുണ്ടെന്ന് ഉറപ്പാക്കാൻ ശ്രദ്ധ  നൽകുമെന്ന് ധന നയ സമിതി വ്യക്തമാക്കി. ആഗോള സാമ്പത്തിക സ്ഥിതി കുറച്ച് മാസങ്ങൾക്ക് മുമ്പുള്ളതുപോലെ ഭയാനകമല്ല എന്ന ആർബിഐ ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു. 2023-24ൽ യഥാർത്ഥ ജിഡിപി വളർച്ച 7 ശതമാനം ആയിരിക്കുമെന്ന് ആർബിഐ ഗവർണർ ശക്തികാന്ത ദാസ് വ്യക്തമാക്കി.

2023-24 ൽ പണപ്പെരുപ്പം മിതമായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെങ്കിലും അത് നാല് ശതമാനത്തേക്കാൾ ഉയരാൻ സാധ്യതയുണ്ട്. ഭൗമരാഷ്ട്രീയ പിരിമുറുക്കം, ആഗോള സാമ്പത്തിക വിപണിയിലെ ചാഞ്ചാട്ടം, എണ്ണ ഇതര ഉൽപ്പന്നങ്ങളുടെ വിലക്കയറ്റം, അസ്ഥിരമായ ക്രൂഡ് എന്നിവയിൽ തുടരുന്ന അനിശ്ചിതത്വങ്ങളാൽ കൃത്യമായ വിശകലനം സാധ്യമാകുന്നില്ലെന്ന് ശക്തികാന്ത ദാസ് പറഞ്ഞു.

KCN

more recommended stories