തിയറ്ററുകള്‍ പൂരപ്പറമ്പാക്കി ആടുതോമയുടെ രണ്ടാം വരവ്

28 വര്‍ഷങ്ങള്‍ക്ക് ശേഷം ‘സ്ഫടിക’ത്തിന്റെ ഡിജിറ്റല്‍ പതിപ്പെത്തിയത് ആഘോഷമാക്കിയിരിക്കുകയാണ് സിനിമാ പ്രേമികള്‍. പഴയ തലമുറയും പുതിയ തലമുറയും ഒരുപോലെ സിനിമ തിയേറ്ററുകളിലേക്ക് എത്തിക്കൊണ്ടിരിക്കുന്ന കാഴ്ചയാണ് ഓരോ തിയറ്ററുകളിലും. ഓള്‍ഡ് ഈസ് ഗോള്‍ഡ് എന്ന് അക്ഷരം തെറ്റാതെ വിളിക്കാന്‍ പറ്റിയ സിനിമയാണിതെന്ന് സിനിമാപ്രേമികളുടെ ഭാഷ്യം. 4കെ ഡോള്‍ബി അറ്റ്മോസ് ദൃശ്യശ്രവ്യ ചാരുതയോടെ ‘സ്ഫടികം’ കേരളത്തില്‍ 150-ല്‍ പരം തിയേറ്ററുകളിലും ലോകമെമ്പാടും 500-ല്‍ പരം തിയേറ്ററുകളിലുമാണെത്തിയിരിക്കുന്നത്. പുലര്‍ച്ചെ ആറിനുള്ള ഫാന്‍സ് ഷോയ്ക്കും വലിയ തിരക്കാണ് അനുഭവപ്പെട്ടത്. സംവിധായകന്‍ ഭദ്രനും സുഹൃത്തുക്കളും ചേര്‍ന്ന് രൂപീകരിച്ച ജ്യോമെട്രിക്സ് എന്ന പുതിയ കമ്പനി വഴിയാണ് സ്ഫടികം സിനിമ റീറിലീസ് ചെയ്തിരിക്കുന്നത്.
തിലകന്‍, മോഹന്‍ലാല്‍, കെപിഎസി ലളിത, ഉര്‍വശി, നെടുമുടി വേണു, എന്‍എഫ് വര്‍ഗ്ഗീസ്, സ്ഫടികം ജോര്‍ജ്ജ് തുടങ്ങി നിരവധി താരങ്ങളുടെ കരിയര്‍ ബെസ്റ്റ് പ്രകടനം തന്നെയാണ് സ്ഫടികത്തിലുള്ളത്. ആ അഭിനയ മുഹൂര്‍ത്തങ്ങള്‍ ബിഗ് സ്‌ക്രീനില്‍ ഏറെ മിഴിവോടെ കാണാന്‍ കഴിഞ്ഞതിന് സംവിധായകന്‍ ഭദ്രനോട് കടപ്പെട്ടിരിക്കുന്നുവെന്നാണ് തിയേറ്ററില്‍ നിന്നിറങ്ങവേ പലരും പറയുകയുണ്ടായത്.

KCN

more recommended stories