യങ് ഇന്നൊവെറ്റേര്‍സ് പ്രോഗ്രാം: സര്‍ക്കാര്‍ വകുപ്പുകളുടെ കാസര്‍കോട് ജില്ലാ ശില്പശാല ആരംഭിച്ചു

കാസര്‍കോട്: വിവിധ മേഖലകളില്‍ യുവജനങ്ങളുടെ നൂതനാശയങ്ങള്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ പ്രവര്‍ത്തനത്തെ മെച്ചപ്പെടുത്താന്‍ ഉപയോഗിക്കുന്നതിനായി ഈ വര്‍ഷം മുതല്‍ യങ്ങ് ഇന്നോവേറ്റര്‍സ് പ്രോഗ്രാം സര്‍ക്കാര്‍ വകുപ്പുകളുടെ സമ്പൂര്‍ണ സഹകരണത്തോടെ സംസ്ഥാനത്ത് നടപ്പിലാക്കുകയാണ്. സംസ്ഥാന മന്ത്രിസഭയുടെ തീരുമാനപ്രകാരമാണിത്. ഇതിന്റെ ഭാഗമായി കാസര്‍കോട് ജില്ലാ ശില്പശാല ആരംഭിച്ചു. വിവിധ വകുപ്പുകളുടെ പ്രോബ്ലം സ്റ്റേറ്റ്മെന്റുകള്‍ ശേഖരിക്കാന്‍ വേണ്ടി നടത്തുന്ന ശില്പശാലകള്‍ കാസര്‍കോട് മുന്‍സിപ്പാലിറ്റിക്ക് സമീപത്തെ വനിതാ കോണ്‍ഫറന്‍സ് ഹാളില്‍ ആണ് ആരംഭിച്ചത്. ശില്‍പശാല കാസര്‍കോട് നഗരസഭ ചെയര്‍മാന്‍ അഡ്വ.വി.എം.മുനീര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ് അധ്യക്ഷത വഹിച്ചു.

മഞ്ചേശ്വരം ഗോവിന്ദ പൈ കോളേജ് അസിസ്റ്റന്റ് പ്രൊഫസര്‍ പി.സജിത് കുമാര്‍, തൃക്കരിപ്പൂര്‍ ഇ.കെ നായനാര്‍ സ്മാരക എന്‍ജിനീയറിങ് കോളേജ് അസിസ്റ്റന്റ് പ്രൊഫസര്‍ കെ.വിനോദ്, രാജപുരം സെന്റ് പയസ് കോളേജ് അസിസ്റ്റന്റ് പ്രൊഫസര്‍ സിജി സിറിയക്, കാസര്‍കോട് എല്‍.ബി.എസ് എന്‍ജിനീയറിങ് കോളേജ് അസിസ്റ്റന്റ് പ്രൊഫസര്‍ എം.സരിത് ദിവാകര്‍, കാസര്‍കോട് ഗവണ്‍മെന്റ് പോളിടെക്നിക് ലെക്ചറര്‍ കെ.പി.സുമേഷ്, കെ ഡിസ്‌ക് പ്രോഗ്രാം എക്സിക്യൂട്ടീവ് ജയ്മോന്‍ തോമസ് എന്നിവര്‍ സംസാരിച്ചു. ശില്‍പശാല ചൊവ്വാഴ്ചയും തുടരും. കേരള ഐ.സി.ടി അക്കാദമി പ്രതിനിധി എം.പി.രാജേഷ് വിഷയം അവതരിപ്പിച്ചു. വിവിധ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥര്‍ വകുപ്പുകളിലെ പ്രോബ്ലം സ്റ്റേറ്റ്മെന്റ് അവതരിപ്പിച്ചു. ഭാഷാന്യൂനപക്ഷ മേഖല ഉള്‍പ്പെടുന്ന ജില്ലയില്‍ സര്‍ക്കാര്‍ സേവന-ക്ഷേമ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണ തോതില്‍ ജനങ്ങളിലെത്തിക്കുന്നതിനുള്ള പ്രായോഗിക പ്രശ്നങ്ങള്‍, വിവിധ സര്‍ക്കാര്‍ സേവനങ്ങള്‍ ജനങ്ങള്‍ക്ക് ലഭിക്കുന്നതിനുണ്ടാകുന്ന കാലതാമസപ്രശ്നങ്ങള്‍, പ്രതിസന്ധികള്‍, തുടങ്ങിയവയെല്ലാം ചര്‍ച്ച ചെയ്തു.

സംസ്ഥാനത്തെ 13 മുതല്‍ 37 വയസ്സ് വരെയുള്ള യുവജനങ്ങള്‍ക്കിടയില്‍ നിത്യജീവിത പ്രശ്നപരിഹാരത്തിനുള്ള പുത്തനാശയരൂപീകരണം പ്രോത്സാഹിപ്പിക്കുന്ന കെ-ഡിസ്‌ക്കിന്റെ മുന്‍നിര പദ്ധതിയാണ് യങ് ഇന്നൊവേറ്റര്‍സ് പ്രോഗ്രാം (വൈ.ഐ.പി). കഴിഞ്ഞ വര്‍ഷം നവംബര്‍ 30നു നടന്ന സംസ്ഥാന മന്ത്രിസഭാ യോഗത്തില്‍ യങ് ഇന്നൊവേറ്റര്‍സ് പ്രോഗ്രാമിന്റെ സ്‌കീം അംഗീകരിക്കുകയും ഈ വര്‍ഷം മുതല്‍ യങ് ഇന്നോവേറ്റേഴ്സ് പ്രോഗ്രാം വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ സഹകരണത്തോടെ സംസ്ഥാനത്ത് നടപ്പിലാക്കാന്‍ തീരുമാനിക്കുകയായിരുന്നു. കെ ഡിസ്‌ക്കിന്റെ ചെയര്‍മാന്‍ മുഖ്യമന്ത്രിയും, വൈസ് ചെയര്‍മാന്‍ ധനകാര്യ മന്ത്രിയുമാണ്.

KCN