ജഡ്ജിമാരുടെ പേരിൽ കോഴ വാങ്ങിയിട്ടില്ല: ആരോപണം നിഷേധിച്ച് ബാർ കൗൺസിലിന് സൈബിയുടെ കത്ത് 

ഹൈക്കോടതി ജഡ്ജിമാരെ സ്വാധീനിക്കാനെന്ന പേരിൽ കോഴ വാങ്ങിയിട്ടില്ലെന്ന് ആരോപണ വിധേയനായ അഭിഭാഷകന്‍ സൈബി ജോസ് കിടങ്ങൂർ. തനിക്കെതിരെ ഗൂഢാലോചന നടന്നുവെന്നും ആരോപണത്തിനു പിന്നില്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തര്‍ക്കമാണെന്നും സൈബി, ബാര്‍ കൗണ്‍സില്‍ ഓഫ് കേരളയ്ക്ക് നല്‍കിയ വിശദീകരണത്തില്‍ വ്യക്തമാക്കി. സൈബിയുടെ വിശദീകരണം പരിശോധിക്കാന്‍ ബാര്‍ കൗണ്‍സില്‍ ഉടൻ യോഗം ചേരും.

ജഡ്ജിമാരുടെ പേരിൽ കോഴ വാങ്ങിയ സംഭവത്തിൽ സൈബിക്കെതിരെ ബാർ കൗൺസിൽ സ്വമേധയാ നടപടി തുടങ്ങിയിരുന്നു. കേന്ദ്ര നിയമ മന്ത്രായലത്തിൽനിന്ന് ലഭിച്ച കത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്. സംഭവത്തിൽ സൈബിയുടെ വിശദീകരണം തേടാനും ബാർ കൗൺസിൽ തീരുമാനിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ആരോപണം നിഷേധിച്ച് സൈബി ബാർ കൗൺസിലിന് കത്തു നൽകിയത്.

തനിക്കെതിരെ ഗൂഢാലോചന നടന്നെന്നാണ് സൈബി നൽകിയ പ്രധാന വിശദീകരണം. താൻ ജഡ്ജിമാരുടെ പേരിൽ കോഴ വാങ്ങിയിട്ടില്ല. അഭിഭാഷക അസോസിയേഷൻ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തർക്കങ്ങളാണ് ആരോപണത്തിനു പിന്നിൽ. ഈ ആരോപണവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം നടക്കുന്നുണ്ട്. സംഭവത്തിൽ താൻ നിരപരാധിയാണെന്നും സൈബി വിശദീകരിച്ചിട്ടുണ്ട്. വിശദീകരണം പരിശോധിക്കുന്നതിനായി ബാർ കൗൺസിൽ ഓഫ് കേരളയുടെ യോഗം ഇന്നു തന്നെ ചേരുമെന്നാണ് വിവരം.

നേരത്തെ, ഒരു കൂട്ടം അഭിഭാഷകരാണ് സൈബിക്കെതിരെ കേന്ദ്ര നിയമ മന്ത്രാലയത്തിനു പരാതി നൽകിയത്. പരാതിക്കാരായ അഭിഭാഷകരുടെ വിശദീകരണവും തേടുമെന്ന് ബാർ കൗൺസിൽ അറിയിച്ചു.

 

KCN

more recommended stories