സ്ത്രീത്വത്തെ അപമാനിച്ച കേസ്: ഹാജരാകുന്നതിൽ ഇളവു തേടി നടൻ ഉണ്ണി മുകുന്ദൻ

സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസിൽ നേരിട്ട് കോടതിയിൽ ഹാജരാകുന്നതിൽനിന്ന് ഇളവു തേടി നടൻ ഉണ്ണി മുകുന്ദൻ. ഈ മാസം 17ന് കേസിൽ വിശദമായ വാദം കേൾക്കാനിരിക്കെയാണ് ഹാജരാകുന്നിൽനിന്ന് ഉണ്ണി മുകുന്ദൻ ഇളവു തേടിയത്. ഉണ്ണി മുകുന്ദനെതിരെ സ്ത്രീത്വത്തെ അപമാനിച്ചെന്ന കുറ്റം ഉൾപ്പെടെ ആരോപിച്ചു യുവതി നൽകിയ കേസിൽ തുടർനടപടിക്കുളള സ്റ്റേ ഈ മാസം ഒൻപതിനാണ് ഹൈക്കോടതി നീക്കിയത്. കേസ് ഒത്തുതീർപ്പാക്കുന്നതിൽ എതിർപ്പില്ലെന്നു വ്യക്തമാക്കി, ഹർജിഭാഗം തന്റെ പേരിൽ ഹാജരാക്കിയ സത്യവാങ്മൂലം വ്യാജമാണെന്നു പരാതിക്കാരി ഹൈക്കോടതിയിൽ അറിയിച്ചതിനെ തുടർന്നാണു സ്റ്റേ നീക്കിയത്. വിഷയം ഗൗരവതരമെന്നു ജസ്റ്റിസ് കെ. ബാബു അഭിപ്രായപ്പെട്ടു. ഇക്കാര്യത്തിൽ ഹർജിഭാഗം മറുപടി നൽകണമെന്നും കോടതി നിർദേശിച്ചിരുന്നു.

എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിലെ കേസ് നടപടികളാണു ഹൈക്കോടതി നേരത്തെ സ്റ്റേ ചെയ്തിരുന്നത്. ഹൈക്കോടതി ജഡ്ജിമാർക്കു കൈക്കൂലി നൽകണമെന്നു തെറ്റിദ്ധരിപ്പിച്ചു കക്ഷികളിൽനിന്നു പണം വാങ്ങിയെന്ന ആരോപണത്തിനു വിധേയനായ സൈബി ജോസ് കിടങ്ങൂരാണു നടനുവേണ്ടി ഹാജരായിരുന്നത്. അതേസമയം, കഴിഞ്ഞ ദിവസം കേസ് പരിഗണിക്കുമ്പോൾ അഡ്വ. സൈബി ഹാജരായിരുന്നില്ല. പകരം ജൂനിയർ അഭിഭാഷകയാണു ഹാജരായത്.

സത്യവാങ്മൂലം വ്യാജമാണെന്നു പരാതിക്കാരി അറിയിച്ച സാഹചര്യത്തിൽ, സത്യവാങ്മൂലം നൽകിയതെങ്ങനെയെന്നു വിശദീകരിക്കാൻ ഹൈക്കോടതി നിർദേശിച്ചു. സംഭവത്തിൽ വ്യാജ രേഖ ചമയ്ക്കൽ, കോടതിയെ തെറ്റിദ്ധരിപ്പിക്കൽ തുടങ്ങിയവ ഉണ്ടായിട്ടുണ്ടോയെന്നും വാക്കാൽ ചോദിച്ചു.

2017ൽ സിനിമാ ചർച്ചയ്ക്ക് ഉണ്ണി മുകുന്ദനെ കാണാനെത്തിയപ്പോൾ ലൈംഗികമായി ആക്രമിക്കുക, സ്ത്രീത്വത്തെ അപമാനിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ മോശമായി പെരുമാറിയെന്നാണു പരാതി. കേസിൽ എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി പരാതിക്കാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയിരുന്നു. വിചാരണ പുരോഗമിക്കുന്നതിനിടെയാണു കേസ് റദ്ദാക്കാൻ ഉണ്ണി മുകുന്ദൻ ഹൈക്കോടതിയെ സമീപിച്ചത്.

കേസുമായി മുന്നോട്ടു പോകാൻ താൽപര്യമില്ലെന്നു പരാതിക്കാരി അറിയിച്ചിട്ടുണ്ടെന്നു നടന്റെ അഭിഭാഷകൻ വിശദീകരിച്ചതിനെത്തുടർന്ന് ഹൈക്കോടതി 2021 മേയ് 7 നു വിചാരണ നടപടികൾ 2 മാസത്തേക്കു സ്റ്റേ ചെയ്തു. പിന്നീട് 2022 ഓഗസ്റ്റ് 22നു കേസ് ഒത്തുതീർപ്പായെന്നു നടന്റെ അഭിഭാഷകൻ അറിയിച്ചു. തുടർനടപടിക്കു കേസ് ഓണം അവധിക്കുശേഷം പരിഗണിക്കുമെന്നു വ്യക്തമാക്കി അന്നു സ്റ്റേ നീട്ടുകയും ചെയ്തു. സ്റ്റേ പിന്നീടു പലതവണ നീട്ടി. കഴിഞ്ഞ ദിവസം വീണ്ടും കേസ് വന്നപ്പോഴാണു താൻ ഒത്തുതീർപ്പു കരാറിൽ ഒപ്പിട്ടിട്ടില്ലെന്നും രേഖ വ്യാജമാണെന്നും പരാതിക്കാരി അറിയിച്ചത്.

KCN

more recommended stories