സന്ദീപാനന്ദ ഗിരിയുടെ ആശ്രമം കത്തിച്ച ‌കേസ്: ആർഎസ്എസ് പ്രവർത്തകൻ അറസ്റ്റിൽ

സ്വാമി സന്ദീപാനന്ദ ഗിരിയുടെ ആശ്രമം കത്തിച്ച കേസിൽ ആർഎസ്എസ് പ്രവർത്തകൻ അറസ്റ്റിൽ. കുണ്ടമൺകടവ് സ്വദേശി കൃഷ്ണകുമാറിനെയാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. തീ കത്തിയ ശേഷം ആശ്രമത്തിൽ കണ്ടെത്തിയ റീത്ത് തയാറാക്കിയത് കൃഷ്ണകുമാർ ആണെന്നു ക്രൈംബ്രാഞ്ച് പറഞ്ഞു.

ആശ്രമത്തിനു തീയിട്ടത്, ആത്മഹത്യ ചെയ്ത പ്രകാശ് ആണെന്ന നിഗമനത്തിൽ ക്രൈംബ്രാഞ്ച് ഉറച്ചുനിൽക്കുകയാണ്. ‘‘ആശ്രമം കത്തിച്ചത് ആർഎസ്എസുകാർ തന്നെയാണ്. പ്രകാശും ശബരിയുമാണ് കത്തിച്ചത്. കേസിൽ മൂന്നു പ്രതികളുണ്ട്. ശബരി ഒളിവിലാണ്. കത്തിക്കാനായി പ്രതികൾ ആശ്രമത്തിലെത്തിയ ബൈക്ക് പൊളിച്ചുവിറ്റതിന്റെ തെളിവ് ലഭിച്ചു. സന്ദീപാനന്ദ ഗിരിയോടുള്ള വൈരാഗ്യമാണ് പ്രകോപനകാരണമെന്നും കണ്ടെത്തി’’– ക്രൈംബ്രാഞ്ച് പറഞ്ഞു.

പ്രകാശിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ റിമാൻഡിലായിരുന്നു കൃഷ്ണകുമാർ. ‘പരേതനെ’ പ്രതിയാക്കി, ആശ്രമം കത്തിച്ച കേസ് ‘തെളിയിച്ച’ ക്രൈംബ്രാഞ്ച് സംഘത്തിനു തിരിച്ചടി നൽകി മുഖ്യസാക്ഷി പ്രശാന്ത് നേരത്തേ കോടതിയിൽ നൽകിയ രഹസ്യ മൊഴി മാറ്റിയിരുന്നു. സഹോദരൻ പ്രകാശും സുഹൃത്തുക്കളുമാണ് ആശ്രമം കത്തിച്ചതെന്നു പ്രശാന്ത് മൊഴി നൽകിയെന്നായിരുന്നു ക്രൈംബ്രാഞ്ച് അറിയിച്ചത്. പ്രകാശ് ആത്മഹത്യ ചെയ്യുന്നതിനു തൊട്ടുമുൻപു ഇക്കാര്യം വെളിപ്പെടുത്തി എന്നുമായിരുന്നു ആദ്യ മൊഴി.

ഈ മൊഴിയുടെ അടിസ്ഥാനത്തിൽ, ആശ്രമം കത്തിച്ച കേസിൽ പ്രകാശിനെ പ്രതിയാക്കി ക്രൈംബ്രാഞ്ച് കേസെടുത്തു. എന്നാൽ തന്റെ ആദ്യ മൊഴി ക്രൈംബ്രാഞ്ച് നിർബന്ധിച്ചു പറയിപ്പിച്ചതെന്നാണു പ്രശാന്ത് മജിസ്ട്രേട്ടിനു മുൻപാകെ മൊഴി നൽകിയത്. തീപിടിത്തത്തെക്കുറിച്ച് അറിയില്ലെന്നും പറഞ്ഞു. 2018ലാണ് ആശ്രമത്തിനു മുന്നിലുള്ള വാഹനവും മറ്റും കത്തിച്ച നിലയിൽ കണ്ടത്. കുണ്ടമൺകടവ് സ്വദേശിയും ആർഎസ്എസ് പ്രവർത്തകനുമായിരുന്ന പ്രകാശ് കഴിഞ്ഞ ജനുവരിയിലാണ് ആത്മഹത്യ ചെയ്തത്.

KCN

more recommended stories