കോഴിക്കോട് സർവകലാശാല: താൽക്കാലിക സിൻഡിക്കറ്റ് രൂപീകരിക്കാനുള്ള ബിൽ തിങ്കളാഴ്ച സഭയിൽ

കോഴിക്കോട് സർവകലാശാലയിൽ യഥാസമയം തിരഞ്ഞെടുപ്പ് നടത്താതെ, പ്രതിപക്ഷ അംഗങ്ങളെ ഒഴിവാക്കുന്നതിനായി നാമനിർദേശം ചെയ്യപ്പെട്ട അംഗങ്ങളെ മാത്രം ഉൾപ്പെടുത്തി താൽക്കാലിക സിൻഡിക്കറ്റ് രൂപീകരിക്കുവാനുള്ള ഭേദഗതി ബിൽ തിങ്കളാഴ്ച നിയമസഭയിൽ അവതരിപ്പിക്കും. ഇതിനുള്ള സമയക്രമ പട്ടികയും ബില്ലും പ്രസിദ്ധപ്പെടുത്തി.

എക്സ് ഒഫിഷ്യോ അംഗങ്ങളെ കൂടാതെ 13 പേരെ പുതുതായി നാമനിർദേശം ചെയ്യാനാണ് കരട് ബില്ലിൽ വ്യവസ്ഥ ചെയ്തിട്ടുള്ളത്. പ്രതിപക്ഷ അംഗങ്ങൾ തിരഞ്ഞെടുപ്പിൽ വരുന്നത് ഒഴിവാക്കാനും സർവകലാശാല ഭരണം പൂർണമായും സിപിഎമ്മിന്റെ നിയന്ത്രണത്തിലാക്കാനുമാണ് യഥാസമയം തിരഞ്ഞെടുപ്പ് നടത്താതെ പുതിയ ബിൽ നിയമസഭയിൽ അവതരിപ്പിക്കുന്നതെന്നാണ് ആരോപണം. സർക്കാരിന്റെ സഞ്ചിത നിധിയിൽ നിന്ന് അധിക തുക ചെലവാക്കേണ്ടതുള്ളതായി ബില്ലിന്റെ ധനകാര്യ മെമ്മോറാണ്ടത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ട് ഭരണഘടനയുടെ 299 (1) വകുപ്പ് പ്രകാരം ബിൽ നിയമസഭയിൽ അവതരിപ്പിക്കുന്നതിനു ഗവർണറുടെ മുൻകൂട്ടിയുള്ള  അനുമതി ആവശ്യമാണ്.

ബിൽ അവതരിപ്പിക്കുന്നതിന് അനുമതി ചോദിച്ചുകൊണ്ടുള്ള കത്ത് കഴിഞ്ഞയാഴ്ച സർക്കാർ ഗവർണർക്ക് കൈമാറിയെങ്കിലും ഗവർണർ അനുമതി നൽകിയിട്ടില്ല. കോഴിക്കോട് സർവകലാശാല ആക്ടിന്റെ 7 (4 ) വകുപ്പ് പ്രകാരം സെനറ്റ്/സിൻഡിക്കേറ്റ് സമിതികൾ കാലാവധി അവസാനിച്ച് പിരിച്ചു വിടപ്പെട്ടാൽ ഒരു താൽക്കാലിക ഭരണസമിതി രൂപീകരിക്കാനുള്ള അധികാരം ഗവർണറിൽ മാത്രം നിക്ഷിപ്തമാണ്. ഈ വകുപ്പ് സർവകലാശാല നിയമത്തിൽ ഉള്ളപ്പോൾ സമാനമായി മറ്റൊരു അധികാരകേന്ദ്രം കൂട്ടിച്ചേർക്കുന്നത് ചട്ടവിരുദ്ധമാണ്.

അംഗങ്ങളെ നാമനിർദേശം ചെയ്യാനുള്ള നിലവിലെ അധികാരത്തിൽ നിന്നും ഗവർണറെ ഒഴിവാക്കുന്നതിനാണ് പുതിയ ബിൽ അവതരിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ ഗവർണർ ഈ ബില്ല് ഒപ്പുവയ്ക്കാൻ സാധ്യതയില്ല. ഗവർണറുടെ അനുമതി ലഭിക്കാതെ ബില്ലിന്റെ ക്രമപട്ടിക നിശ്ചയിച്ച് ബിൽ നിയമസഭ അംഗങ്ങൾക്ക് വിതരണം ചെയ്യുകയായിരുന്നു.

KCN

more recommended stories