ഗവ.കോളേജ് പ്രിന്‍സിപ്പല്‍ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങളെ കുറിച്ച് നിഷ്പക്ഷ അന്വേഷണം വേണം: ബിജെപി

കാസര്‍കോട്: കാസര്‍കോട് ഗവ.കോളേജ് പ്രിന്‍സിപ്പല്‍ ഡോ.രമ ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങള്‍ കുറിച്ച് സമഗ്രമായ നിഷ്പക്ഷ അന്വേഷണം നടത്തണമെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ.കെ.ശ്രീകാന്ത് വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ക്യാമ്പസില്‍ വ്യാപകമായി ലഹരി ഉപയോഗം നടക്കുന്നതായും വിദ്യാര്‍ത്ഥികള്‍ ലൈംഗീക അസാന്‍മാര്‍ഗിക പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതായും ആരോപണങ്ങള്‍ ഉയര്‍ന്നുവന്ന സാഹചര്യത്തില്‍ ഇവിടെ പഠിക്കുന്ന മുഴുവന്‍ വിദ്യാര്‍ത്ഥികളും സംശയത്തിന്റെ നിഴലിലായിരിക്കുകയാണ്. ഇത് നീക്കേണ്ടത് അനിവാര്യമാണ്. ലഹരിക്കും ഗുണ്ടായിസത്തിനും അസ്സന്മാര്‍ഗിക പ്രവര്‍ത്തനങ്ങള്‍ക്ക് സംസ്ഥാനം ഭരിക്കുന്ന വിദ്യാര്‍ത്ഥി സംഘടനയായ എസ്എഫ്ഐ ആണ് നേതൃത്വം നല്‍കുന്നത് എന്ന് ആരോപണം ഗൗരവത്തില്‍ എടുക്കണമെന്ന് ശ്രീകാന്ത് ആവശ്യപ്പെട്ടു. എസ്എഫ്‌ഐക്കെതിരെ പരസ്യമായി രംഗത്ത് വന്നതു കൊണ്ടാണ് കാസര്‍കോട് ഗവ.കോളജ് പ്രിന്‍സിപ്പല്‍ എന്‍.രമയെ പദവിയില്‍ നിന്നും നീക്കിയത്. മുഴുവന്‍ വിദ്യാര്‍ത്ഥികളും സംശയത്തിന്റെ നിഴലിലാകുന്ന സാഹചര്യം ഒഴിവാക്കി കുറ്റക്കാര്‍ക്കെതിരെ കര്‍ശന നാടുവഴി സ്വീകരിക്കണം. ശരിയായ ദിശയില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളുടെ അവകാശങ്ങള്‍ നിഷേധിക്കുകയാണ്. തെറ്റു ചെയ്യാത്ത ഭൂരിപക്ഷ വിദ്യാര്‍ത്ഥികളുടെ അവകാശങ്ങള്‍ ലംഘിക്കപ്പെടുകയാണ്. കടുത്ത മനുഷ്യാവകാശ ലംഘനമാണ് ഗവ.കോളേജില്‍ സംഭവിച്ചിട്ടുള്ളത്. അതിനാല്‍ ഇത്തരം വിദ്യാര്‍ത്ഥികളുടെ പ്രശ്‌നത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷനെ സമീപിക്കും. സിപിഐയുടെ ജില്ലാ നേതാവിന്റെ ഭാര്യയും കൂടിയായ പ്രിന്‍സിപ്പല്‍ ആരോപണങ്ങളെ നിസ്സാരമായി കാണാന്‍ സാധിക്കില്ലെന്ന് ശ്രീകാത് പറഞ്ഞു. സംഭവങ്ങളുടെ സത്യാവസ്ഥ പുറത്ത് വരണമെങ്കില്‍ ശക്തമായ അന്വേഷണം ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. തങ്ങള്‍ക്കെതിരെ നിലപാട് സ്വീകരിക്കുന്ന അധ്യാപകരെയും കോളജ് പ്രിന്‍സിപ്പല്‍മാരെയും പ്രത്യേകിച്ച് സ്ത്രീകളെ സര്‍ക്കാരിന്റെ സഹായത്തോടെ എസ്എഫ്‌ഐ വേട്ടയാടുകയാണ്. കേരളത്തിലെ പ്രമുഖ ക്യാമ്പസുകളില്‍ വ്യത്യസ്ത വിഷയങ്ങളില്‍ വനിതാ പ്രിന്‍സിപ്പല്‍മാരെ എസ്എഫ്‌ഐ വേട്ടയാടുന്നത് പൊതുസമൂഹം കണ്ടതാണ്. ഇതിന്റെ തുടര്‍ച്ചയാണ് കാസര്‍കോടും നടന്നത്. അരാജകത്വം പ്രോത്സാഹിപ്പിക്കുന്ന നിലപാട് തിരുത്താന്‍ എസ്എഫ്‌ഐയും അവരെ പിന്തുണയ്ക്കുന്ന ആളുകളും തയ്യാറാകണമെന്നും അഡ്വ.കെ.ശ്രീകാന്ത് ആവശ്യപ്പെട്ടു. കാസര്‍കോട് ഗവ.കോളേജില്‍ എംഎസ്എഫ് എസ്എഫ്ഐയും കൂട്ടുകച്ചവടമാണ് നടത്തുന്നത്.അതുകൊണ്ടാണ് യുഡിഎഫിന്റെ വിദ്യാര്‍ത്ഥി സംഘടനകളും യുവജന സംഘടനകളോ രാഷ്ട്രീയ നേതൃത്വം ഇക്കാര്യത്തില്‍ പ്രതികരിക്കാത്തത്. ഈ വിഷയത്തില്‍ സിപിഐ നിലപാട് വ്യക്തമാക്കണം. പ്രിന്‍സിപ്പല്‍ ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങള്‍ നിഷ്പക്ഷമായി അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് യൂണിവേര്‍സിറ്റി വൈസ് ചാന്‍സിലര്‍ക്ക് പരാതി നല്‍കുമെന്ന് ബിജെപി നേതാക്കള്‍ വ്യക്തമാക്കി. കാസര്‍കോട് ജില്ലാ ജന.സെക്രട്ടറിമാരായ എ.വേലായുധന്‍, വിജയ് കുമാര്‍ റൈ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.

KCN

more recommended stories