പട്ടയഭൂമിയിലെ മരംമുറി; റവന്യു ഉത്തരവ് കോടതി തള്ളി

പട്ടയഭൂമിയിലെ വിവാദമായ മരം മുറി കേസുകൾ പാടേ അട്ടിമറിക്കാനുള്ള പഴുതുകൾ ഹൈക്കോടതി ഒറ്റ ഉത്തരവിലൂടെ അടച്ചു. റവന്യു വകുപ്പിന്റെ ഉത്തരവ് പ്രകാരമാണ് മരം മുറിച്ചത് എന്നതിനാൽ കേസ് എടുക്കാൻ സാധിക്കില്ല എന്ന വാദത്തോടെ ഹൈക്കോടതിയിൽ എത്തിയ ഹർജികളിലാണ് ജസ്റ്റിസ് എ.ബദറുദ്ദീന്റെ നിർണായക വിധി. ഭൂപതിവ് നിയമത്തിന് ഉപരിയായി റവന്യു വകുപ്പ് പുറത്തിറക്കിയ സർക്കുലറിനും ഉത്തരവിനും നിലനിൽപില്ലെന്ന് വ്യക്തമാക്കിക്കൊണ്ടാണ് ഹർജി ൈഹക്കോടതി തള്ളിയത്.

സംസ്ഥാനത്തൊട്ടാകെ പട്ടയ ഭൂമിയിൽ നിന്ന് വ്യാപക മരം മുറിക്ക് ഇടയാക്കിയതാണ് റവന്യു വകുപ്പ് 2020 മാർച്ച് 11നും ഒക്ടോബർ 24നും ഇറക്കിയ സർക്കുലറും ഉത്തരവും. ഈ ഉത്തരവിനു ശേഷം ഇടുക്കി മറയൂരിൽ നിന്ന് മരം വെട്ടിയതുമായി ബന്ധപ്പെട്ട വനം വകുപ്പിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് (ഒആർ) റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹർജിക്കാർ ഹൈക്കോടതിയെ സമീപിച്ചത്. റവന്യു ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് മരം വെട്ടിയത് എന്നതായിരുന്നു പ്രധാന വാദം.

കോടതി ഇത് അംഗീകരിച്ചിരുന്നെങ്കിൽ സംസ്ഥാനത്തൊട്ടാകെ റജിസ്റ്റർ ചെയ്ത കേസുകൾ എല്ലാം ദിവസങ്ങൾക്കുള്ളിൽ തള്ളിപ്പോവുമായിരുന്നു. വിവാദ ഉത്തരവ് നാലു മാസത്തിനുള്ളിൽ റവന്യു വകുപ്പ് തന്നെ റദ്ദാക്കിയെങ്കിലും അതിനിടയിൽ 2419 തേക്ക്, ഈട്ടി മരങ്ങൾ വെട്ടിക്കഴിഞ്ഞിരുന്നു. വനം വകുപ്പ് 584 ഒആറും  പൊലീസ് 19 എഫ്ഐആറും റജിസ്റ്റർ ചെയ്തിട്ടുണ്ട്.

വിവിധ കേസുകളിൽ ക്രൈം ബ്രാഞ്ചിന്റെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക സംഘത്തിന്റെ അന്വേഷണം അവസാന ഘട്ടത്തിലാണെന്നാണ് സൂചന. വയനാട് മുട്ടിൽ വില്ലേജിൽ നിന്ന് മുറിച്ച മരങ്ങളുടെ ഡിഎൻഎ പരിശോധനയ്ക്കായി കേരള ഫോറസ്റ്റ് റിസർച് ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് സാംപിളുകൾ അയച്ചിട്ടുണ്ട്. ഇതിന്റെ ഫലം ലഭിച്ചാൽ കുറ്റപത്രം സമർപ്പിക്കുമെന്നാണ് വിവരം.

KCN

more recommended stories