വിഴിഞ്ഞം കുറ്റപത്രം: പൊലീസ് സർക്കാർ ഉപദേശം തേടി

വിഴിഞ്ഞം തുറമുഖ നിർമാണത്തിനെതിരെ നടത്തിയ സമരത്തെ തുടർന്നുണ്ടായ സംഘർഷ കേസുകളിൽ കുറ്റപത്രം സമർപ്പിക്കുന്നതിനു മുന്നോടിയായി അന്വേ‍ഷണ സംഘം സർക്കാർ ഉപദേശം തേടി.

തിരുവനന്തപുരം ലത്തീൻ അതിരൂപത ആർച്ച് ബിഷപ് ഡോ. തോമസ് ജെ.നെറ്റോ ഉൾപ്പെടെയുള്ളവരെ പ്രതികളാക്കിയാണു കുറ്റപത്രം തയാറാക്കുന്നത്. വിഴിഞ്ഞം പൊലീസ് സ്റ്റേഷൻ ആക്രമണത്തിനു പിന്നിൽ സമരസമിതി മുൻ കൺവീനർ ഫാ. തിയഡോഷ്യസ് ഡിക്രൂസിന്റെ നേതൃത്വത്തി‍ൽ ഗൂഢാലോചന നടന്നെന്നാണു പൊലീസ് കണ്ടെത്തൽ.

സമരം ഒത്തുതീർപ്പായെങ്കിലും സംഘർഷവുമായി ബന്ധപ്പെട്ടു റജിസ്റ്റർ ചെയ്ത കേസുകൾ റദ്ദാക്കുമെന്നു സർക്കാരും സമരസമിതി ഭാരവാഹികളും തമ്മിൽ നടന്ന ഒത്തുതീർപ്പു വ്യവസ്ഥയിൽ ഉണ്ടായിരുന്നില്ല. ഇതിനിടെയാണ് എല്ലാ കേസുകളിലെയും പ്രതികളെ തിരിച്ചറിഞ്ഞ് അന്വേ‍ഷണ നടപടികൾ ഏതാണ്ടു പൂർത്തിയാക്കിയത്.

വൈദികരുടെ നേതൃത്വത്തിലുള്ള സമരസമിതി‍ക്കെതിരെ 181 കേസും അവരെ എതിർത്തിരുന്ന തുറമുഖ അനുകൂല സമിതിക്കെതിരെ 17 കേസുകളുമാണു റജിസ്റ്റർ ചെയ്തിരിക്കുന്നത്. കണ്ടാലറിയാവുന്നവ‍ർക്കെതിരെയും കേസുകളുണ്ട്.

പൊലീസ് സ്റ്റേഷൻ ആക്രമിച്ചതിന്റെ പേരിൽ ‍റജിസ്റ്റർ ചെയ്ത 3 കേസുകളാണ് ഏറ്റവും ഗുരുതരം. അക്രമത്തിൽ പങ്കെടുത്തെന്നു കണ്ടെത്തിയ 76  മത്സ്യത്തൊഴിലാളികളെ തിരിച്ചറിഞ്ഞു പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തി. തുറമുഖ നിർമാണത്തിനു കല്ലുമായി വന്ന ലോറി തടഞ്ഞപ്പോഴുണ്ടായ സംഘർഷമാണു രണ്ടാമത്തെ പ്രധാന കേസ്. ഇതുൾപ്പെടെയുള്ള സമര‍ക്കേസുകളിൽ ലത്തീൻ അതിരൂപത ആർച്ച് ബിഷപ് ഉൾപ്പെടെയുള്ളവരെ പ്രതികളാക്കി നിലനിർത്തി.

കുറ്റപത്രം പൂർത്തിയായാലുടൻ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളിലേക്കു നീങ്ങാനാണു പൊലീസിന്റെ തീരുമാനം. എന്നാൽ, വൈദികർ പ്രതികളായതിനാലും സർക്കാർ ഇടപെട്ട് ഒത്തുതീർപ്പിലെത്തിയ വിഷയ‍മെന്നതിനാലും തുടർനടപടി സർക്കാർ നിർദേശപ്രകാ‍രമേ ഉണ്ടാകുകയുള്ളൂ.

 

 

KCN

more recommended stories