മെഡിസെപ്: ശസ്ത്രക്രിയകൾക്ക് ഇൻഷുറൻസ് കമ്പനിയുടെ മുൻകൂർ അനുമതി വേണം

സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമായുള്ള മെഡിസെപ് ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിൽ, അടിയന്തരമല്ലാത്ത ശസ്ത്രക്രിയകൾ നടത്താൻ ഇൻഷുറൻസ് കമ്പനിയുടെ മുൻകൂർ അനുമതി വാങ്ങണമെന്ന് ആശുപത്രികൾക്കു നിർദേശം. മുട്ടു മാറ്റിവയ്ക്കൽ പോലെ നേരത്തേ തീയതി നിശ്ചയിച്ചു നടത്തുന്ന ശസ്ത്രക്രിയകൾക്ക് ഇതു ബാധകമാണ്.

ശസ്ത്രക്രിയകൾ വൻതോതിൽ കൂടുകയും, അവയവം മാറ്റിവയ്ക്കൽ ചികിത്സയ്ക്കായി മെഡിസെപ്പിൽ 3 വർഷത്തേക്കു നീക്കിവച്ച കോർപസ് ഫണ്ട് തീരുകയും ചെയ്ത സാഹചര്യത്തിലാണ് ഇൻഷുറൻസ് കമ്പനി ആശുപത്രികൾക്കു കത്തു നൽകിയത്. അനാവശ്യ ശസ്ത്രക്രിയകൾ നിയന്ത്രിക്കുകയാണു ലക്ഷ്യമെന്നു കമ്പനി അധികൃതർ പറയുന്നു. അടിയന്തര ശസ്ത്രക്രിയകൾക്കു നിയന്ത്രണം ബാധകമല്ല.

മുട്ടിനുണ്ടാകുന്ന എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം മുട്ടുമാറ്റിവയ്ക്കൽ ശസ്ത്രക്രിയയാണ് എന്ന രീതിയിൽ ചില ആശുപത്രികൾ അനാവശ്യ ശസ്ത്രക്രിയകൾ നടത്തുന്നതായാണ് ഇൻഷുറൻസ് കമ്പനിയുടെ കണ്ടെത്തൽ. 8 മാസത്തിനിടെ 1,481 പേർക്കു മുട്ടു മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്താൻ മാത്രം ഇതുവരെ 29 കോടി രൂപ ചെലവായി. 102 പേർക്കു കരൾ മാറ്റിവയ്ക്കാൻ 3.68 കോടിയും ഇടുപ്പു മാറ്റിവയ്ക്കാൻ ഒന്നേ മുക്കാൽ കോടിയും ചെലവായി. ശരാശരി 1.30 ലക്ഷം രൂപയ്ക്കു ചെയ്യാവുന്ന ഹൃദയ ശസ്ത്രക്രിയകൾ മെഡിസെപിൽ ഉൾപ്പെടുത്തി 2 ലക്ഷം രൂപയ്ക്കാണു ചെയ്യുന്നതെന്നും കണ്ടെത്തി. മുട്ടു മാറ്റിവയ്ക്കൽ, തിമിര ശസ്ത്രക്രിയകൾക്കും താരതമ്യേന ഉയർന്ന നിരക്കാണ്.

KCN

more recommended stories