എന്‍എച്ച് ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മനുഷ്യചങ്ങല തീര്‍ത്തു

കാസര്‍കോട്: ദേശീയപാത വികസനവുമായി ബന്ധപ്പെട്ട പ്രവൃത്തി പുരോഗമിക്കവെ, ചെര്‍ക്കള മുതല്‍ തെക്കില്‍ പാലം വരെയുള്ള ജനങ്ങള്‍ ദുരിതത്തില്‍. സഞ്ചാരസ്വാതന്ത്ര്യം നിഷേധിച്ചു കൊണ്ട് പ്രവൃത്തി നടത്തുന്നതാണ്. പ്രദേശവാസികള്‍ക്ക് ദുരിതമാകുന്നത്. വിഷയത്തില്‍ നടപടിയാവശ്യപ്പെട്ട് എന്‍എച്ച് ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മനുഷ്യചങ്ങല തീര്‍ത്തു.

യാത്ര ചെയ്യാന്‍ സര്‍വീസ് റോഡോ അനുബന്ധ സൗകര്യങ്ങളോ ഇല്ലാതെയാണ് ചെര്‍ക്കള മുതല്‍ തെക്കില്‍ പാലം വരെ ദേശീയ പാത നിര്‍മ്മാണ പ്രവൃത്തി നടക്കുന്നത്. ഇത് കാരണം ജനങ്ങള്‍ക്ക് ഇത് വഴി യാത്ര ചെയ്യുവാന്‍ പറ്റാത്ത അവസ്ഥയാണ്. ഇക്കാര്യം നിരവധി തവണ ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍ പെടുത്തിയിരുന്നു. എന്നാല്‍ പ്രശ്‌നം പരിഹരിക്കാമെന്ന് വാക്കാല്‍ ഉറപ്പു നല്‍കുന്നതല്ലാതെ, യാതൊരു നടപടിയും സ്വീകരിക്കുന്നില്ല. ഈ സാഹചര്യത്തില്‍ സഞ്ചാരസ്വാതന്ത്ര്യം നിഷേധിച്ചു കൊണ്ടുള്ള പ്രവൃത്തിക്കെതിരെ നാട്ടുകാരുടെ നേതൃത്വത്തില്‍ എന്‍ എച്ച് ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ച് പ്രക്ഷോഭത്തിനിറങ്ങിയിരിക്കുകയാണ്. ചെര്‍ക്കള മുതല്‍ ബേവിഞ്ച വരെ റോഡിന്റെ ഇരുവശങ്ങളിലും സര്‍വീസ് റോഡ് നിര്‍മ്മിക്കുക ബേവിഞ്ചയില്‍ അടിപ്പാത നിര്‍മ്മിക്കുക എന്നതാണ് ആക്ഷന്‍ കമ്മിറ്റിയുടെ ആവശ്യം. ഈ ആവശ്യമുന്നയിച്ച് ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ തെക്കില്‍ പാലത്തിന് സമീപം റിലെ സമരവും നടന്നു വരുന്നുണ്ട്. ഒരാഴ്ച്ച മുന്‍പ് ആരംഭിച്ച റിലേ സമരം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഇപ്പോള്‍ മനുഷ്യചങ്ങലയും തീര്‍ത്തത്. പ്രദേശവാസികളേയും ജനപ്രതിനിധികളേയും മത- രാഷ്ട്രീയ- സാമൂഹിക- സാംസ്‌കരിക പ്രവര്‍ത്തകരേയും പങ്കെടുപ്പിച്ച് കൊണ്ടാണ് മനുഷ്യചങ്ങല തീര്‍ത്തത്.

മനുഷ്യച്ചങ്ങലയില്‍ അണിനിരന്നവര്‍ പ്രതിജ്ഞയും ചൊല്ലി. എന്‍എ നെല്ലിക്കുന്ന് എം എല്‍ എ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു. ആക്ഷന്‍ കമ്മിറ്റി ചെയര്‍മാനും പഞ്ചായത്തംഗവുമായ സത്താര്‍ പള്ളിയാന്‍ അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ ബി ഷാഫി ഹാജി സ്വാഗതം പറഞ്ഞു. ബഷീര്‍ ആമുഖ ഭാഷണവും നടത്തി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂര്‍, ജില്ലാ പഞ്ചായത്തംഗം ജാസ്മിം കബീര്‍, ചെങ്കള പഞ്ചായത്ത് പ്രസിഡന്റ് ഖാദര്‍ ബദരിയ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ഹനീഫ പാറ, ജയിംസ്, വാര്‍ഡ് മെമ്പര്‍ ശിവ പ്രസാദ്, അബ്ദുള്ള കുഞ്ഞി എയര്‍ലൈന്‍സ് എന്നിവര്‍ സംസാരിച്ചു.

KCN

more recommended stories