മണിക്കൂറിൽ 100 കി.മീ വേഗം; കേരളത്തിന് ആദ്യ വന്ദേഭാരത് ട്രെയിൻ അടുത്തമാസം

കേരളത്തിനുള്ള ആദ്യ വന്ദേഭാരത് ട്രെയിൻ അടുത്ത മാസം ലഭിക്കും. മേയ് പകുതിയോടെ ട്രെയിനിന്റെ പരീക്ഷണയോട്ടം നടക്കും. വന്ദേഭാരത് ട്രെയിനുകളുടെ അറ്റകുറ്റപ്പണിക്കുള്ള സൗകര്യം കൊച്ചുവേളിയിൽ പൂർത്തിയായി. 2 പിറ്റ്‌ലൈനുകൾ ഇതിനായി വൈദ്യുതീകരിച്ചു. ചെന്നൈ – കോയമ്പത്തൂർ റൂട്ടിലെ പോലെ 8 കാർ (കോച്ച്) വന്ദേഭാരത് ട്രെയിനായിരിക്കും കേരളത്തിനും ലഭിക്കുക. യാത്രക്കാരുടെ തിരക്കു പരിഗണിച്ചു പിന്നീട് കോച്ചുകളുടെ എണ്ണം കൂട്ടും.

തിരുവനന്തപുരം – മംഗളൂരു റൂട്ടിൽ വന്ദേഭാരത് ഓടിക്കാൻ ആലോചിച്ചിരുന്നെങ്കിലും കണ്ണൂർ വരെ ഓടിക്കാനാണു സാധ്യത. അന്തിമ തീരുമാനം വൈകാതെയുണ്ടാകും. ഇരട്ടപ്പാതയുള്ളതിനാൽ വന്ദേഭാരത് കോട്ടയം വഴിയാകും സർവീസ് നടത്തുക.

എറണാകുളം മുതൽ തിരുവനന്തപുരം വരെ മണിക്കൂറിൽ 75, 90, 100 കിലോമീറ്റർ എന്നിങ്ങനെയാണു അനുവദനീയമായ വേഗം. മറ്റു ട്രെയിനുകളിൽനിന്നു വ്യത്യസ്തമായി പെട്ടെന്നു വേഗം കൈവരിക്കാൻ വന്ദേഭാരതിനു കഴിയുമെന്നതിനാൽ ശരാശരി വേഗം 65ന് മുകളിൽ നിലനിർത്താൻ കഴിയും. കൂടുതൽ സ്റ്റോപ്പുകൾ നൽകുന്നതു വേഗം കുറയ്ക്കുമെന്നതിനാൽ പ്രധാന നഗരങ്ങളിൽ മാത്രമായിരിക്കും സ്റ്റോപ്.

KCN

more recommended stories