യുഎസിലും സൗദിയിലും ലോകകേരള സഭ; മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കും

ലോക കേരളസഭയുടെ മേഖലാ സമ്മേളനങ്ങളിൽ പങ്കെടുക്കാൻ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും വീണ്ടും വിദേശ യാത്രയ്ക്ക്. ജൂണിൽ യുഎസിലും സെപ്റ്റംബറിൽ സൗദി അറേബ്യയിലും മേഖലാ സമ്മേളനങ്ങൾ നടത്താൻ സർക്കാർ തീരുമാനിച്ചു. പ്രവാസികാര്യവകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രിക്കു പുറമേ, ഏതെല്ലാം മന്ത്രിമാർ പങ്കെടുക്കുമെന്നതിൽ അന്തിമ തീരുമാനമായില്ല. പ്രതിനിധികളെ നിശ്ചയിക്കാനുള്ള ഫയൽ മുഖ്യമന്ത്രിയുടെ ഓഫിസിന്റെ പരിഗണനയിലാണ്.

കഴിഞ്ഞ ഒക്ടോബറിൽ ലണ്ടനിൽ സംഘടിപ്പിച്ച യൂറോപ്പ്–യുകെ മേഖലാ സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും 3 മന്ത്രിമാരും ആസൂത്രണ ബോർഡ് അംഗങ്ങളും നോർക്ക ഉദ്യോഗസ്ഥരുമടക്കം വലിയ സംഘം പങ്കെടുത്തിരുന്നു. മുഖ്യമന്ത്രിയും മന്ത്രി വി.ശിവൻകുട്ടിയും കുടുംബസമേതമാണു പങ്കെടുത്തത്. മുഖ്യമന്ത്രിയുടെ ലണ്ടൻ സന്ദർശനത്തിനു വിമാനക്കൂലി ഒഴികെ 43.14 ലക്ഷം രൂപ ചെലവായെന്നാണു ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മിഷൻ വിവരാവകാശ നിയമപ്രകാരം അറിയിച്ചത്.

സൗദി അറേബ്യയിലെ സമ്മേളനത്തിന് ചീഫ് സെക്രട്ടറി ചെയർമാനായി ഏഴംഗ സമിതിയാണു രൂപീകരിച്ചത്. ഈ സമിതിയിൽ എം.അനിരുദ്ധൻ ഒഴികെയുള്ളവർ അംഗങ്ങളാണ്. നോർക്ക റൂട്സ് വൈസ് ചെയർമാൻ എം.എ.യൂസഫലി, ഡയറക്ടർ രവി പിള്ള എന്നിവരെയും ഉൾപ്പെടുത്തി. ഈ സമിതികളുടെ നേതൃത്വത്തിലാകും സമ്മേളനങ്ങളുടെ നടത്തിപ്പെന്ന് നോർക്ക വകുപ്പിന്റെ ഉത്തരവിൽ പറയുന്നു. ചെലവ് ഉൾപ്പെടെയുള്ള കാര്യങ്ങൾ ഉത്തരവിൽ പരാമർശിക്കുന്നില്ല.

ലോക കേരള സഭാ നടത്തിപ്പിനെച്ചൊല്ലി വിമർശനമുയർന്നതോടെ, 2020ലും 2022ലും ചേർന്ന ലോക കേരള സഭയിൽനിന്നു യുഡിഎഫ് വിട്ടുനിന്നിരുന്നു. മൂന്നു ലോക കേരള സഭകൾ സംഘടിപ്പിച്ചെങ്കിലും സാധാരണക്കാരായ പ്രവാസികൾക്കു പ്രയോജനപ്രദമായ പദ്ധതികളൊന്നും ഇതിന്റെ ഭാഗമായി നടപ്പാക്കിയില്ലെന്നാണു പ്രതിപക്ഷത്തിന്റെ വിമർശനം. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി അഭിമുഖീകരിക്കുകയും ബജറ്റിലൂടെ കോടിക്കണക്കിനു രൂപയുടെ നികുതിഭാരം ജനത്തിനുമേൽ ചുമത്തുകയും ചെയ്ത പശ്ചാത്തലത്തിൽ വിദേശയാത്രയെ വിമർശിച്ച് അവർ രംഗത്തെത്തിയിട്ടുമുണ്ട്.

 

 

 

KCN

more recommended stories