ബിബിസിക്കെതിരെ കേസെടുത്ത് ഇഡി; നടപടി വിദേശനാണയ വിനിമയചട്ട പ്രകാരം 

ബ്രിട്ടിഷ് ബ്രോഡ്കാസ്റ്റിങ് കമ്പനി (ബിബിസി) ചാനലിനെതിരെ കേസെടുത്ത് ഇഡി. വിദേശനാണയവിനിമയ ചട്ടപ്രകാരമാണ് ബിബിസിക്കെതിരെ ഇഡി കേസെടുത്തിരിക്കുന്നത്. ഫെമ നിയമപ്രകാരം രേഖകള്‍ ഹാജരാക്കണമെന്നും ഉദ്യോഗസ്ഥര്‍ മൊഴി നല്‍കണമെന്നും ഇഡി ആവശ്യപ്പെട്ടിട്ടുണ്ട്. വിദേശവിനിമയ ചട്ട ലംഘനവുമായി ബന്ധപ്പെട്ട് ബിബിസിക്കെതിരെ അന്വേഷണം നടത്തുമെന്നും റിപ്പോര്‍ട്ടുണ്ട്. 2002ലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമര്‍ശിക്കുന്ന ബിബിസി ഡോക്യുമെന്ററി ‘ഇന്ത്യ: ദ് മോദി ക്വസ്റ്റ്യന്‍’ പുറത്തുവന്ന് മാസങ്ങള്‍ക്കുള്ളിലാണ് ബിബിസിക്കെതിരെ ഇഡി കേസെടുത്തിരിക്കുന്നത്. ഡോക്യുമെന്ററിക്ക് സമൂഹമാധ്യമങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു.

ഫെബ്രുവരിയില്‍ ബിബിസിയുടെ ഡല്‍ഹി, മുംബൈ കേന്ദ്രങ്ങളില്‍ 58 മണിക്കൂർ പരിശോധന നടത്തിയ ആദയാനികുതി വുകുപ്പ്  ധനവിനിമയത്തിൽ ക്രമക്കേട് കണ്ടെത്തിയതായി വ്യക്തമാക്കിയിരുന്നു. ബിബിസി ഓഫിസുകളിൽനിന്നു കണ്ടെത്തിയ വരുമാന– ലാഭ കണക്കുകൾ അവരുടെ ഇന്ത്യയിലെ പ്രവർത്തനങ്ങളും തമ്മിൽ യോജിക്കുന്നില്ലെന്നും ആദായ നികുതി വകുപ്പ് അറിയിച്ചു. ജിവനക്കാരുടെ മൊഴികളിൽനിന്നും, ഡിജിറ്റൽ തെളിവുകൾ, രേഖകൾ എന്നിവ പരിശോധിച്ചതിൽനിന്നും നിർണായക വിവരങ്ങൾ ലഭ്യമായിട്ടുണ്ടെന്നും ബിബിസിക്കെതിരായ നടപടികൾ തുടരുമെന്നും വ്യക്തമാക്കി.

ബിബിസിയുടെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് നിരവധി തെളിവുകൾ ശേഖരിച്ചെന്നും വകുപ്പ് അറിയിച്ചു. ബിബിസി ഗ്രൂപ്പിന്റെ വിദേശ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട ചില പണമിടപാടുകൾക്ക് നികുതി കൃത്യമായ അടച്ചിട്ടില്ലെന്നും ആദായ നികുതി വകുപ്പ് ആരോപിച്ചു. ഇന്ത്യയിലെ പ്രവർത്തനങ്ങളിൽനിന്ന് ലഭിച്ച വരുമാനം വിദേശത്തേക്ക് വകമാറ്റി. ബിബിസി ഉദ്യോഗസ്ഥർ രേഖകൾ ഹാജരാക്കാൻ കാലതാമസം എടുത്തതിനാലാണ് പരിശോധന നീണ്ടതെന്നും ഇവർ വ്യക്തമാക്കി.

രാജ്യാന്തര നികുതി, ബിബിസി ഉപകമ്പനികൾ തമ്മിലുള്ള ഇടപാടുകളുമായി ബന്ധപ്പെട്ട ട്രാൻസ്ഫർ പ്രൈസിങ് രീതി എന്നിവ സംബന്ധിച്ചാണ് ബിബിസി ഓഫിസുകളിൽ പരിശോധന നടത്തിയതെന്നാണ് വിവരം. ബിബിസി ഇന്ത്യയുടെ 2012 മുതലുള്ള സാമ്പത്തിക രേഖകളുടെ സർവേയാണ് നടന്നതെന്നാണ് ആദായനികുതി വകുപ്പ് അറിയിച്ചത്.

 

KCN