പിഎഫ് ഓപ്ഷൻ: അനുമതി രേഖകൾ നിർബന്ധമാക്കരുതെന്ന് ഹൈക്കോടതി

ഉയർന്ന പിഎഫ് പെൻഷന് ജോയിന്റ് ഓപ്ഷൻ നൽകുന്നവർ സ്കീമിന്റെ 26(6) വ്യവസ്ഥയനുസരിച്ച് കൂടുതൽ വിഹിതം അടച്ചതിന്റെ ഓപ്ഷൻ അനുമതി രേഖകൾ ഹാജരാക്കണമെന്ന വ്യവസ്ഥ ഇപ്പോൾ നിർബന്ധിക്കരുതെന്നു ഹൈക്കോടതി. ഇതില്ലാതെയും ഓപ്ഷൻ നൽകാൻ അനുവദിക്കണം. ഓൺലൈൻ പോർട്ടലിൽ ഇതിനു സൗകര്യമൊരുക്കണമെന്നും മാറ്റം വരുത്താനാകുന്നില്ലെങ്കിൽ അപേക്ഷയുടെ പകർപ്പ് (ഹാർഡ് കോപ്പി) സ്വീകരിക്കുന്നതുൾപ്പെടെ ക്രമീകരണം ഒരുക്കണമെന്നും ജസ്റ്റിസ് സിയാദ് റഹ്മാൻ നിർദേശിച്ചു.

അർഹതപ്പെട്ട ജീവനക്കാർക്കും അംഗങ്ങൾക്കും 10 ദിവസത്തിനുള്ളിൽ ഈ സൗകര്യം ഒരുക്കാനാണ് ഇപിഎഫ്ഒയ്ക്കുള്ള നിർദേശം. ഓപ്ഷൻ നൽകാനുള്ള തീയതി മേയ് 3ന് അവസാനിക്കുന്ന സാഹചര്യത്തിലാണ് ഇടപെടൽ. ബിഎസ്എൻഎൽ ജീവനക്കാർ നൽകിയതുൾപ്പെടെ ഒരു കൂട്ടം ഹർജികൾ പരിഗണിച്ചാണു കോടതി നിർദേശം.

ഓപ്ഷൻ നൽകാതെ തന്നെ തുടക്കം മുതൽ പിഎഫ് അധികൃതർ ഉയർന്ന വിഹിതം സ്വീകരിച്ചിരുന്നു എന്നു ഹർജിക്കാർ വാദിച്ചതു കോടതി അംഗീകരിച്ചു. ചില ഹർജിക്കാർ എക്സംപ്റ്റഡ് വിഭാഗത്തിൽപെട്ട (പിഎഫ് ട്രസ്റ്റ് രൂപീകരിച്ച) സ്ഥാപനങ്ങളിലെ ജീവനക്കാരായതിനാൽ ഉയർന്ന പെൻഷന് അർഹതയില്ലാത്തവരാണെന്ന് ഇപിഎഫ്ഒ വാദിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല.

അനുമതിയുടെ തെളിവു വേണ്ട 

ഉയർന്ന ഇപിഎഫ് പെൻഷൻ ലഭിക്കുന്നതിനായി ഇപിഎഫ് സ്കീം 26(6) പ്രകാരമുള്ള അനുമതിയുടെ തെളിവു നൽകാതെ തന്നെ ഓൺലൈൻ പോർട്ടൽ മുഖേന അപേക്ഷിക്കാമെന്നു റീജനൽ പിഎഫ് കമ്മിഷണർ അറിയിച്ച‌ു. പോർട്ടലിൽ അനുമതിയുടെ തെളിവു സമർപ്പിക്കേണ്ട ഫീൽഡ് ശൂന്യമായി നിലനിർത്തിക്കൊണ്ടു തന്നെ അപേക്ഷിക്കുന്നതിനു തടസ്സമുണ്ടാകില്ല.

 

KCN

more recommended stories