കേന്ദ്രം ഒഴിവാക്കിയ പാഠങ്ങൾ കേരളം പഠിപ്പിക്കും

എൻസിഇആർടി പാഠപുസ്തകങ്ങളിൽ നിന്നു കേന്ദ്ര സർക്കാർ ഒഴിവാക്കുന്ന പാഠഭാഗങ്ങൾ കേരളത്തിലെ ഹയർസെക്കൻഡറി വിദ്യാർഥികളെ പഠിപ്പിക്കാൻ കരിക്കുലം കമ്മിറ്റി യോഗം തീരുമാനിച്ചു.

മുഗൾ ചരിത്രം, ഗുജറാത്ത് കലാപം തുടങ്ങി കേന്ദ്രം ഒഴിവാക്കുന്ന പാഠഭാഗങ്ങൾ കേരളത്തിലെ വിദ്യാർഥികളെ പഠിപ്പിക്കും. ഈ ഭാഗങ്ങൾ സംസ്ഥാന സിലബസിൽനിന്ന് ഒഴിവാക്കേണ്ട എന്നാണു തീരുമാനം. പൊളിറ്റിക്സ്, ചരിത്രം, സിവിക്സ്, സോഷ്യോളജി, ഇക്കണോമിക്സ് തുടങ്ങിയ വിഷയങ്ങളിലാണു കേന്ദ്ര സർക്കാർ പ്രധാനമായും മാറ്റം വരുത്തുന്നത്. ഒഴിവാക്കുന്ന ഭാഗങ്ങൾ ഉൾപ്പെടുത്തി എസ്‍സിഇആർടി സപ്ലിമെന്ററി പാഠപുസ്തകങ്ങൾ പുറത്തിറക്കും. ഇതിന്റെ അച്ചടി ഉടൻ ആരംഭിക്കാനും കരിക്കുലം കമ്മിറ്റി തീരുമാനിച്ചു.

കേരളത്തിലെ ഒന്നും രണ്ടും വർഷ ഹയർസെക്കൻഡറി വിദ്യാർഥികളാണ് എൻസിഇആർടി പാഠപുസ്തകങ്ങൾ പഠിക്കുന്നത്. ഓരോ വർഷവും 13 കോർ സബ്ജക്ടുകളിലുള്ള എൻസിഇആർടി പാഠപുസ്തകങ്ങളാണു ഹയർസെക്കൻഡറിയിൽ പഠിപ്പിക്കുന്നത്.

അതേസമയം, ഹയർസെക്കൻഡറി വിദ്യാർഥികൾക്കായി സംസ്ഥാന സർക്കാർ തയാറാക്കുന്ന പാഠപുസ്തകങ്ങൾ പരിഷ്കരിക്കാനും കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്. എൺപതോളം പുസ്തകങ്ങളാണു പരിഷ്കരിക്കുക. ഇതു 2024–25 അധ്യയനവർഷം നിലവിൽ വരും.

1,3,5,7,9 ക്ലാസുകളിലെ പാഠപുസ്തകങ്ങൾ പരിഷ്കരിക്കാൻ നേരത്തെ തീരുമാനിച്ചിരുന്നു. പുതിയ പാഠപുസ്തകങ്ങളുടെ രചന ജൂണിൽ ആരംഭിക്കും. ഇവ 2024–25 ൽ നിലവി‍ൽ വരും. അധ്യയനം പഴയ മലയാളം ലിപിയിലേക്കു മാറണം എന്ന നിർദേശം സബ് കമ്മിറ്റിയുടെ പരിഗണനയിൽ ആയതിനാൽ ചർച്ച ചെയ്തില്ല. 1 മുതൽ 12 വരെ ക്ലാസുകളിലെ നിലവിലുള്ള ഐസിടി പാഠപുസ്തകങ്ങൾ അതേപടി തുടരാനാണു മറ്റൊരു തീരുമാനം.

മന്ത്രി വി.ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ പൊതു വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി മുഹമ്മദ് ഹനീഷ് ഉൾപ്പെടെയുള്ളവർ പങ്കെടുത്തു.

 

 

KCN

more recommended stories