മഞ്ചേശ്വരം ഗ്രാമ പഞ്ചായത്തിലെ രണ്ടാം വാര്‍ഡ് പരിധിയിലുള്ള തുമിനാടില്‍ ജനങ്ങള്‍ കുടി വെള്ളത്തിനായി നെട്ടോട്ടമോടുന്നു

മഞ്ചേശ്വരം: മഞ്ചേശ്വരം ഗ്രാമ പഞ്ചായത്തിന്റെ രണ്ടാം വാര്‍ഡ് പരിധിയിലുള്ള തുമിനാട്ടില്‍ ജനങ്ങള്‍ കുടി വെള്ളയതിനായി നെട്ടോട്ടമോടുന്നു. പട്ടിക ജാതി, പട്ടിക വര്‍ഗ്ഗ കുടുംബങ്ങളടക്കമുള്ള നിരവധി കുടുംബങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന മേഖലയിലാണ് കുടിവെള്ള ക്ഷാമം അതി രൂക്ഷമായത്.

ഇവിടെ 5 ബോര്‍വെല്ലുകള്‍ ഉണ്ടെങ്കിലും ഒന്നിന്റെ മോട്ടോര്‍ മാത്രമേ പ്രവര്‍ത്തിക്കുന്നുള്ളു. ഒരു ബോര്‍വെല്ലിന്റെ മോട്ടോര്‍ കേട് വന്ന് പ്രവര്‍ത്തനരഹിതമാണ്. പല പ്രാവശ്യം നാട്ടുകാര്‍ വാട്ടര്‍ അതോറിറ്റി അധികൃതരെ ബന്ധപ്പെട്ടെങ്കിലും ആരും തിരിഞ്ഞു നോക്കിയില്ല എന്ന് നാട്ടുകാര്‍ പരാതി പറയുന്നു.പ്രവര്‍ത്തനക്ഷമമായ ഒരു മോട്ടോര്‍ ഉള്ള ബോര്‍വെല്ലില്‍ നിന്നും ലഭിക്കുന്ന വെള്ളം പ്രദേശവാസികള്‍ക്ക് തികയാക്ക അവസ്ഥയാണ്. ഇതാകട്ടെ 6 ദിവസത്തില്‍ ഒരു തവണ മാത്രമാണ് ലഭിക്കുന്നത്.

2 മാസത്തിലധികമായി കുടിക്കാനോ കുളിക്കാനോ വെള്ളമില്ലാത്തതിനാല്‍ പ്രദേശവാസികള്‍ തീര്‍ത്തും ദുരിതത്തിലാണ്. ജല അതോറിറ്റിയുടെ അനാസ്ഥ മൂലമാണ് തങ്ങള്‍ക്ക് ഇങ്ങനെയൊരു ദുരവസ്ഥയുണ്ടായതെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. കുടിവെള്ളം ഇപ്പോള്‍ വിലയ്ക്ക് വാങ്ങേണ്ട ഗതികേടിലാണ് ഇവര്‍. വെള്ളം വരാത്തത് എന്തുകൊണ്ടാണെന്നു ചോദിക്കുമ്പോള്‍ പമ്പിങ് തടസ്സമില്ലാതെ നടക്കുന്നുണ്ടെന്നാണ് ജല അതോറിറ്റിയില്‍ നിന്നുള്ള മറുപടി.ഈ ദുരവസ്ഥയ്ക്ക് പരിഹാരം കാണണമെന്ന് നാട്ടുകാര്‍ പറയുന്നു.ഈ മേഖലയില്‍ 90 ശതമാനം ആളുകള്‍ക്കും കിണറുകള്‍ ഇല്ല. ആഴ്ചയില്‍ ഒന്നോ രണ്ടോ ദിവസങ്ങളില്‍ മാത്രമാണ് ഉയര്‍ന്ന സ്ഥലങ്ങളിലേക്ക് വെള്ളം ലഭിക്കുന്നത്.ചില ആഴ്ചകളില്‍ പൈപ്പില്‍ കാറ്റു മാത്രമേ വരാറുള്ളൂവെന്നും നാട്ടുകാര്‍ പരാതി പറയുന്നു. കുടിവെള്ള പ്രശ്നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് പലവട്ടം പരാതി നല്‍കിയതാണെന്നും, എന്നാല്‍ നടപടിയുണ്ടായില്ലെന്നും, ജലവിതരണ വകുപ്പ് അധികൃതര്‍ ഉടനടി ഇതിനൊരു പരിഹാരം കണ്ടില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ടു പോകുമെന്ന് നാട്ടുകാര്‍ മുന്നറിയിപ്പ് നല്‍കി.

KCN

more recommended stories