പൊതു ഇടത്തിൽ മാലിന്യം തള്ളിയാൽ ഉയർന്ന പിഴ ഈടാക്കണമെന്ന് ഹൈക്കോടതി

പൊതുസ്ഥലങ്ങളിൽ മാലിന്യം വലിച്ചെറിഞ്ഞ കേസിൽ പിടിച്ചെടുക്കുന്ന വാഹനങ്ങൾ കോടതി അനുമതിയില്ലാതെ വിട്ടുകൊടുക്കരുതെന്നു ഹൈക്കോടതി. പൊതു ഇടങ്ങളിൽ മാലിന്യം തള്ളുന്നവരിൽ നിന്നു മുനിസിപ്പൽ ആക്ടിന് പുറമേ ജല നിയമ വ്യവസ്ഥകളും ഉൾപ്പെടുത്തി ഉയർന്ന പിഴ ഈടാക്കണം. മുനിസിപ്പൽ ആക്ടിൽ 10,000 രൂപ വരെ പിഴ ഈടാക്കാൻ വ്യവസ്ഥയുള്ളതു കോടതി ചൂണ്ടിക്കാട്ടി. മാലിന്യം ഫലപ്രദമായി സംസ്കരിക്കാത്ത വാണിജ്യ സ്ഥാപനങ്ങൾക്കെതിരെ നടപടിയെടുക്കാനും നിർദേശിച്ചു.

ബ്രഹ്മപുരത്തു കൂട്ടിയിട്ട പ്ലാസ്റ്റിക് മാലിന്യം ദിവസങ്ങളോളം കത്തിയ സംഭവത്തിൽ സ്വമേധയാ എടുത്ത കേസാണു ചീഫ് ജസ്റ്റിസ് എസ്. വി. ഭട്ടി, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് പരിഗണിച്ചത്. കൊച്ചിയിലെ സ്ഥിതി കൂടുതൽ വഷളായെന്നു കുറ്റപ്പെടുത്തിയ കോടതി, മാലിന്യസംസ്കരണത്തിന് ഉചിതമായ ഉത്തരവു നൽകിയ കാസർകോട് കലക്ടറെ അഭിനന്ദിച്ചു. കാസർകോട്ട് മംഗൽപാടി പഞ്ചായത്തിലെ മാലിന്യ സംസ്കരണ വിഷയത്തിലാണു കലക്ടർ ഇടപെട്ടത്. ഇവിടെ പ്രശ്നമുണ്ടെന്നു കോടതിയെ സഹായിക്കുന്ന ‘അമിക്കസ് ക്യൂറി’യും റിപ്പോർട്ട് ചെയ്തിരുന്നു. ബ്രഹ്മപുരത്തെ നാട്ടുകാരും പി.കെ. കുഞ്ഞാലിക്കുട്ടി എംഎൽഎയും അപേക്ഷ നൽകിയതിനെത്തുടർന്ന് അവരെ കേസിൽ കക്ഷി ചേർത്തു.

ചെയ്തോളൂ, ഉത്തരവാദിത്തം വേണം

മാലിന്യ സംസ്കരണത്തിനു പദ്ധതി നടപ്പാക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്കു സ്വാതന്ത്ര്യമുണ്ടെന്നും എന്നാൽ തീരുമാനം എടുക്കുന്ന ഉദ്യോഗസ്ഥർക്കും ജനപ്രതിനിധികൾക്കും ഉത്തരവാദിത്തം ഉണ്ടാകുമെന്നും കോടതി മുന്നറിയിപ്പു നൽകി.

തിരുവനന്തപുരം കോർപറേഷൻ പുതിയ പദ്ധതിക്കു രൂപം നൽകിയെന്ന് അറിയിച്ചപ്പോഴായിരുന്നു പ്രതികരണം. ഒരു മാസത്തിനുള്ളിൽ പദ്ധതിക്കു സ്ഥലം കണ്ടെത്തിയാലും തുടർന്ന് ഒന്നോ രണ്ടോ വർഷം വേണ്ടിവരുമെന്ന് അധികൃതർ വിശദീകരിച്ചു. തദ്ദേശ വകുപ്പ് അഡീ. ചീഫ് സെക്രട്ടറി ശാരദ മുരള‌ീധരൻ, മലിനീകരണ നിയന്ത്രണ ബോർഡ് ചെയർമാൻ എ.ബി. പ്രദീപ് കുമാർ, എറണാകുളം കലക്ടർ എൻ. എസ്. കെ. ഉമേഷ്, കൊച്ചി കോർപറേഷൻ സെക്രട്ടറി ബാബു അബ്ദുൽ ഖാദിർ തുടങ്ങിയവർ ഹാജരായിരുന്നു.

 

KCN

more recommended stories