ഇന്ധനവില കുറയ്ക്കാന്‍ ആവശ്യപ്പെട്ട് കേന്ദ്രം

സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു മുന്‍പ് പെട്രോള്‍, ഡീസല്‍ വിലകളില്‍ കുറവു വരുത്തണമെന്ന് കേന്ദ്രസര്‍ക്കാര്‍ പെട്രോളിയം കമ്പനികളോട് ആവശ്യപ്പെട്ടതായി വിവരം. കഴിഞ്ഞ വര്‍ഷം മേയ് മുതല്‍ രാജ്യത്ത് ഇന്ധന വിലയില്‍ മാറ്റം വരുത്തിയിട്ടില്ല. രാജ്യാന്തര വിലയില്‍ ഈ കാലയളവില്‍ ബെന്റ് ക്രൂഡിന് 35 ഡോളറിലേറെ വിലക്കുറവുണ്ടായത് കാരണം കമ്പനികള്‍ക്ക് വലിയ ലാഭം കിട്ടിയിരുന്നുവെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.

എന്നാല്‍ കോവിഡ് കാലത്തുണ്ടായ ഭീമമായ നഷ്ടം ഇനിയും നികത്തിയിട്ടില്ലെന്ന നിലപാടാണ് എണ്ണക്കമ്പനികള്‍ക്ക്. അതിനിടയ്ക്ക് ഉത്തര്‍പ്രദേശടക്കം വിവിധ സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പു നടന്നപ്പോള്‍ രാജ്യാന്തര വിപണിയില്‍ വില കൂടി നിന്നിട്ടും കമ്പനികള്‍ വില വര്‍ധിപ്പിച്ചിരുന്നില്ല. 2022-23 സാമ്പത്തിക വര്‍ഷത്തിന്റെ അവസാന പാദത്തിലും ഈ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാദത്തിലും കമ്പനികള്‍ക്ക് വന്‍ ലാഭമുണ്ടായ സാഹചര്യത്തില്‍ വില കുറയ്ക്കാന്‍ ആവശ്യപ്പെടുന്നത് ന്യായമാണെന്ന് പെട്രോളിയം മന്ത്രാലയ ഉദ്യോഗസ്ഥര്‍ കഴിഞ്ഞ ദിവസം മാധ്യമങ്ങളോടു പറഞ്ഞിരുന്നു.

ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന് അറ്റാദായത്തില്‍ 52% വര്‍ധനയുണ്ടായി. ഭാരത് പെട്രോളിയത്തിന് 168% വര്‍ധനയും എച്ച്പിക്ക് 79% വര്‍ധനയുമാണ് ലഭിച്ചത്. എന്നാല്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ തുടക്കത്തില്‍ യുക്രെയ്ന്‍ യുദ്ധമടക്കമുള്ള സാഹചര്യങ്ങളില്‍ മൂന്നു കമ്പനികള്‍ക്കുമായി 18,622 കോടി രൂപയുടെ നഷ്ടമുണ്ടായതായാണ് അവകാശവാദം. പൊതുമേഖലാ എണ്ണ വിപണന കമ്പനികള്‍ക്ക് എല്‍പിജി സബ്‌സിഡി മൂലമുണ്ടായ നഷ്ടം നികത്താന്‍ ഒറ്റത്തവണ ഗ്രാന്റായി 22,000 കോടി രൂപ നല്‍കാന്‍ കഴിഞ്ഞ ഒക്ടോബറില്‍ കേന്ദ്രമന്ത്രിസഭാ യോഗം തീരുമാനിച്ചിരുന്നു.

KCN

more recommended stories