ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തെറിച്ചു വീണു; അച്ഛനു പിന്നാലെ മകനും ദാരുണാന്ത്യം…

എറവ് (തൃശൂര്‍); ഡോക്ടറെ കണ്ടു മടങ്ങിയവര്‍ സഞ്ചരിച്ച ഓട്ടോ ടാക്‌സിയും രോഗിയുമായി വരികയായിരുന്ന ആംബുലന്‍സും കൂട്ടിയിടിച്ച് ഓട്ടോ ടാക്‌സി ഡ്രൈവറും മൂന്നര വയസ്സുള്ള മകനും മരിച്ചു. എടതിരിഞ്ഞി പടിയൂര്‍ ചളിങ്ങാട് സുകുമാരന്റെ മകന്‍ ജിതിന്‍ (30), മകന്‍ അദ്രിനാഥ് എന്നിവരാണു മരിച്ചത്. ഭാര്യ നീതു (23), നീതുവിന്റെ അച്ഛന്‍ തളിക്കുളം കൈതയ്ക്കല്‍ പ്രിയദര്‍ശിനി കോളനിയില്‍ ചിറ്റൂര്‍ വീട്ടില്‍ കണ്ണന്‍ (55) എന്നിവരെ ഗുരുതരാവസ്ഥയില്‍ തൃശൂര്‍ ജൂബിലി മിഷന്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ പുലര്‍ച്ചെ രണ്ടോടെ കപ്പല്‍പ്പള്ളിക്കു സമീപമാണ് അപകടം.

വയറിളക്കവും ഛര്‍ദിയും ബാധിച്ച അദ്രിനാഥിനെ ഒളരിയിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറെ കാണിച്ച് ഓട്ടോ ടാക്‌സിയില്‍ മടങ്ങുമ്പോള്‍ എതിരെ വന്ന പുത്തന്‍പീടിക പാദുവ ആംബുലന്‍സുമായാണു കൂട്ടിയിടിച്ചത്. ഓട്ടോയെ ഇടിക്കാതിരിക്കാന്‍ ആംബുലന്‍സ് വെട്ടിച്ചു മാറ്റുന്നതു സിസിടിവി ദൃശ്യത്തിലുണ്ട്. ഇടിയുടെ ആഘാതത്തില്‍ ഓട്ടോയിലെ 4 പേരും റോഡിലേക്കു തെറിച്ചുവീണു. ജിതിന്‍ സംഭവ സ്ഥലത്തുതന്നെ മരിച്ചു. ഓട്ടോയുടെ മുന്‍പില്‍ വീണുകിടക്കുകയായിരുന്ന അദ്രിനാഥ് ഇന്നലെ ഉച്ചകഴിഞ്ഞ് ആശുപത്രിയിലാണു മരിച്ചത്.

ഓട്ടോയുടെ മുന്‍ സീറ്റില്‍ കാല്‍ കുടുങ്ങി റോഡിലേക്കു വീണ നിലയിലായിരുന്നു നീതു. ഓടിക്കൂടിയ പരിസരവാസികളും ഇതു വഴി വന്ന മറ്റു വാഹനയാത്രക്കാരും ചേര്‍ന്ന് ഓട്ടോയുടെ മുന്‍വശം പൊളിച്ചാണു നീതുവിനെ പുറത്തെടുത്തത്. ആംബുലന്‍സിലുള്ളവര്‍ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ഇതിലുണ്ടായിരുന്ന രോഗിയെ മറ്റൊരു ആംബുലന്‍സില്‍ ആശുപത്രിയിലെത്തിച്ചു. പെയിന്റ് പണിക്കാരനായ ജിതിന്‍ ആംബുലന്‍സ്, ടൂറിസ്റ്റ് ബസ് ഡ്രൈവറുടെ ജോലികളും ചെയ്യുന്നുണ്ട്. ശൈലജയാണ് അമ്മ.

KCN

more recommended stories