ചെക് പോസ്റ്റില്‍ ഒളിപ്പിച്ച 8390 രൂപ പിടികൂടി…

മുതലമട (പാലക്കാട്) ; കൈക്കൂലിപ്പണം സൂക്ഷിക്കാന്‍ അഗര്‍ബത്തിയുടെ കൂടും വേസ്റ്റ്, പേന ബോക്സുകളും പിന്നെ ക്ഷേത്രത്തിലെ ഓവുചാലും. സംസ്ഥാന അതിര്‍ത്തിയായ ഗോവിന്ദാപുരത്തെ ആര്‍ടിഒ ചെക് പോസ്റ്റില്‍ വിജിലന്‍സ് നടത്തിയ മിന്നല്‍ പരിശോധനയിലാണു റബര്‍ ബാന്‍ഡിട്ടു ചുരുട്ടിയ നിലയില്‍ ഇവിടെ നിന്നെല്ലാം കൈക്കൂലിപ്പണം കണ്ടെടുത്തത്.

ഇന്നലെ പുലര്‍ച്ചെ നടത്തിയ പരിശോധനയില്‍ ഗോവിന്ദാപുരം ചെക് പോസ്റ്റില്‍ നിന്ന് 8390 രൂപയാണു കണ്ടെടുത്തത്. ഈ സമയത്തു ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന അസിസ്റ്റന്റ് മോട്ടര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ക്കും ഓഫിസ് അറ്റന്‍ഡന്റിനുമെതിരെ നടപടിക്കു റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് അധികൃതര്‍ പറഞ്ഞു. മറ്റു സംസ്ഥാനങ്ങളില്‍ നിന്നു ഗോവിന്ദാപുരം ആര്‍ടിഒ ചെക് പോസ്റ്റ് വഴി വരുന്ന ചരക്കു വാഹനങ്ങള്‍ കൈക്കൂലി വാങ്ങി പരിശോധന കൂടാതെ കടത്തി വിടുന്നുവെന്ന രഹസ്യവിവരമുണ്ടായിരുന്നു.

ബുധനാഴ്ച രാത്രി 11 മുതല്‍ ഇന്നലെ പുലര്‍ച്ചെ 2.30 വരെ ചെക് പോസ്റ്റും പരിസരവും നിരീക്ഷിച്ച ശേഷമാണു മിന്നല്‍ പരിശോധന നടത്തിയത്. പേനയും പെന്‍സിലും വയ്ക്കുന്ന ബോക്സിനുള്ളില്‍ നിന്നും ചുമരിലെ ഷെല്‍ഫിലെ അഗര്‍ബത്തി കൂടിനകത്തു നിന്നും പേപ്പറില്‍ പൊതിഞ്ഞ നിലയില്‍ കംപ്യൂട്ടര്‍ ടേബിളിന് അടിയില്‍ നിന്നും പണം കിട്ടി. വേസ്റ്റ് ബോക്സില്‍ നിന്നും ചെക് പോസ്റ്റിന് അടുത്തുള്ള ക്ഷേത്രത്തിന്റെ ഓവുചാലില്‍ നിന്നും റബര്‍ ബാന്‍ഡിട്ടു ചുരുട്ടിയ നിലയില്‍ പണം കിട്ടി.

KCN

more recommended stories