എഐ ക്യാമറ ഇടപാട്: ഹൈക്കോടതി അന്വേഷണം ആവശ്യപ്പെട്ട് സതീശനും ചെന്നിത്തലയും …

എഐ ക്യാമറ ഇടപാടില്‍ അടിമുടി അഴിമതിയാണെന്നും പദ്ധതി സംബന്ധിച്ചു ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തണമെന്നുമാവശ്യപ്പെട്ടു പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും രമേശ് ചെന്നിത്തലയും ഹൈക്കോടതിയെ സമീപിച്ചു. പൊതുതാല്‍പര്യ ഹര്‍ജി ചീഫ് ജസ്റ്റിസ് എസ്.വി.എന്‍. ഭട്ടി ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് ഇന്നു പരിഗണിക്കും.

അഴിമതി ഇടപാടിന്റെ പ്രയോജനം ലഭിക്കുന്നവരുടെ കീഴിലാണു കേരളത്തിലെ അന്വേഷണ ഏജന്‍സികളെന്നും കഴിവുള്ള ഉദ്യോഗസ്ഥര്‍ ഉണ്ടെങ്കിലും ഭരിക്കുന്ന പാര്‍ട്ടിയുടെ ചൊല്‍പ്പടിക്കു നില്‍ക്കുന്ന അവസ്ഥയാണെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു. ഇത്തരമൊരു സാഹചര്യം കേരളത്തിലാദ്യമാണ്. പാര്‍ട്ടിയിലെ ഉന്നതരുടെ നിര്‍ദേശപ്രകാരം പ്രാഥമിക അന്വേഷണം പോലുമില്ലാതെയാണു കേസുകള്‍ റജിസ്റ്റര്‍ ചെയ്യുന്നത്. ഈ സാഹചര്യത്തില്‍ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണമാണു സ്വാഭാവിക വഴിയെങ്കിലും അവരും ഈ കേസിലെ കുറ്റവാളികള്‍ക്കൊപ്പമാണ്. നിര്‍ണായകമായ തെളിവുകള്‍ ലഭിച്ചിട്ടും കേന്ദ്ര ഏജന്‍സികള്‍ മരവിച്ച അവസ്ഥയിലാണെന്നും കോടതിയുടെ മേല്‍നോട്ടത്തിലുള്ള അന്വേഷണം അനിവാര്യമാണെന്നും ഹര്‍ജിയില്‍ വിശദീകരിച്ചു.

പദ്ധതിക്കു സര്‍ക്കാര്‍ 2020 ഏപ്രില്‍ 27നു നല്‍കിയ ഭരണാനുമതിയും സേഫ് കേരള പദ്ധതിക്കു സമഗ്രഭരണാനുമതി നല്‍കിയ 2023 ഏപ്രില്‍ 18ലെ ഉത്തരവും റദ്ദാക്കണം. വ്യവസ്ഥകള്‍ പ്രകാരമുള്ള വൈദഗ്ധ്യമില്ലാത്തതിനാല്‍ ടെന്‍ഡര്‍ നടപടികളില്‍ പങ്കെടുക്കാന്‍ എസ്ആര്‍ഐടിക്കു യോഗ്യതയില്ലെന്നു പ്രഖ്യാപിക്കണം. കെല്‍ട്രോണും എസ്ആര്‍ഐടിയും തമ്മില്‍ ഉണ്ടാക്കിയ കരാറും മോട്ടര്‍ വാഹന വകുപ്പ് കെല്‍ട്രോണുമായുണ്ടാക്കിയ കരാറും നിയമവിരുദ്ധമായതിനാല്‍ റദ്ദാക്കണം എന്നിവയാണ് ആവശ്യങ്ങള്‍. സേഫ് കേരള പദ്ധതി സ്റ്റേ ചെയ്യണമെന്നാണ് ഇടക്കാല ആവശ്യം.

KCN

more recommended stories