മലയാളി ഒരു കൊല്ലം കഴിച്ച ഗുളികകള്‍; കൂട് മാത്രമുണ്ട് 7 ടണ്‍…

തിരുവനന്തപുരം ; കേരളം ഒരു വര്‍ഷം ഉപയോഗിച്ച ഗുളികകളുടെ കൂടുകള്‍ (ടാബ്‌ലെറ്റ് സ്ട്രിപ്) ശേഖരിച്ചു തൂക്കിയപ്പോള്‍ 7774 കിലോഗ്രാം (7.774 ടണ്‍). ക്ലീന്‍ കേരള കമ്പനി ഹരിതകര്‍മ സേന വഴി 2022-23 സാമ്പത്തിക വര്‍ഷം ശേഖരിച്ച ടാബ്‌ലെറ്റ് സ്ട്രിപ്പുകളുടെ കണക്കാണിത്. ശേഖരിക്കാതെ പോയവ ഇതിലേറെയുണ്ടാകും. 2022ല്‍ കേരളം മരുന്നിനു ചെലവാക്കിയ തുക 12,500 കോടിയോളമെന്നാണ് ഓള്‍ കേരള കെമിസ്റ്റ്‌സ് ആന്‍ഡ് ഡ്രഗിസ്റ്റ്‌സ് അസോസിയേഷന്‍ കണക്കാക്കിയത്.

കഴിഞ്ഞ സാമ്പത്തിക വര്‍ഷം ആകെ 3.02 കോടി കിലോഗ്രാം (30,217 ടണ്‍) പാഴ്വസ്തുക്കളാണ് ഹരിതകര്‍മസേന ശേഖരിച്ചു കമ്പനിക്കു നല്‍കിയത്. ഇതില്‍ നിന്നു വേര്‍തിരിച്ചെടുത്തതാണ് ഏതാനും ഗ്രാം വീതം തൂക്കമുള്ള നേര്‍ത്ത സ്ട്രിപ്പുകള്‍. പ്രത്യേകതരം പ്ലാസ്റ്റിക് ആയതിനാലാണ് ഇവ വേര്‍തിരിച്ചെടുത്തത്. കൊച്ചിയിലെ ബയോ മെഡിക്കല്‍ മാലിന്യസംസ്‌കരണ പ്ലാന്റില്‍ ഇവ ശാസ്ത്രീയമായി സംസ്‌കരിക്കും. ചില സ്ട്രിപ്പുകള്‍ക്ക് ഉത്തരേന്ത്യയില്‍ പുനരുപയോഗ സാധ്യത ഉണ്ടെങ്കിലും അവ എത്തിക്കാനുള്ള ചെലവ് കൂടുതലാണെന്ന് ക്ലീന്‍ കേരള കമ്പനി അധികൃതര്‍ പറഞ്ഞു.

2021-22 സാമ്പത്തിക വര്‍ഷം ക്ലീന്‍ കേരള കമ്പനിക്കു ലഭിച്ച പാഴ്വസ്തുക്കളുടെ തൂക്കം 7,657 ടണ്‍ ആയിരുന്നു. ഒരു കൊല്ലം കൊണ്ട് ശേഖരിക്കുന്നതിന്റെ അളവ് നാലിരിട്ടിയിലേറെ വര്‍ധിച്ചു. ബ്രഹ്‌മപുരം തീപിടിത്തത്തിനു ശേഷം കൊച്ചി കോര്‍പറേഷന്‍ മേഖലയില്‍ നിന്നായി രണ്ടു മാസം കൊണ്ട് 750 ടണ്‍ പാഴ്വസ്തു ശേഖരിച്ചു.

ഹരിതകര്‍മസേനയ്ക്ക് പാഴ്വസ്തു ശേഖരണം വഴി ലഭിക്കുന്ന പ്രതിഫലം ഇരട്ടിയിലേറെയായി. 2021-22 സാമ്പത്തിക വര്‍ഷം 2.60 കോടി രൂപയാണു പ്രതിഫലമായി നല്‍കിയതെങ്കില്‍ 2022-23ല്‍ 5.08 കോടി രൂപയായി. ഏതാണ്ട് 31,000 പേരാണ് സേനാംഗങ്ങള്‍. പ്രതിഫലം കൊണ്ടു മാത്രം ഇവരുടെ ഉപജീവനം നടക്കാത്തതിനാല്‍ വീടുകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും യൂസര്‍ ഫീയും പിരിച്ചെടുക്കുന്നുണ്ട്.

KCN

more recommended stories