കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ ആദ്യ ലീപ് കോ-വര്‍ക്കിംഗ് കേന്ദ്രം കാസര്‍കോട്ട് ആരംഭിച്ചു

കാസര്‍കോട്: സംസ്ഥാനത്തെ സ്റ്റാര്‍ട്ടപ്പ് ഇന്‍കുബേറ്ററുകളെ കോ-വര്‍ക്കിംഗ് സ്പേസ് ആക്കി മാറ്റുന്നതിന് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ വിഭാവനം ചെയ്ത ലീപ് (ലോഞ്ച്, എംപവര്‍, അക്സിലറേറ്റ്, പ്രോസ്പര്‍) പദ്ധതിയുടെ ആദ്യ കേന്ദ്രം കാസര്‍കോട് പ്രവര്‍ത്തനം ആരംഭിച്ചു. രാവിലെ അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ നടന്ന ചടങ്ങില്‍ എംഎല്‍എ എന്‍ എ നെല്ലിക്കുന്ന് ലീപിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ചു. കാസര്‍കോഡ് എംപി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ കോ-വര്‍ക്ക് സെന്ററിന്റെ ഉല്‍ഘാടനവും നിര്‍വഹിച്ചു. സ്റ്റാര്‍ട്ടപ്പ് മിഷന്‍ സി.ഇ.ഒ അനൂപ് അംബിക അധ്യക്ഷനായി. അഡിഷണല്‍ സ്‌കില്‍ അക്വിസിഷന്‍ പ്രോഗ്രാം സിഎംഡി ഡോ.ഉഷാ ടൈറ്റസ്, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍, വൈസ് പ്രസിഡന്റ് ഷാനവാസ് പഥൂര്‍, ഹരീഷ് വാസുദേവന്‍, അമിക്കസ് അഡ്വക്കേറ്റ്‌സ്, ഡോ. എം. മുരളീധരന്‍ നമ്പ്യാര്‍, രജിസ്ട്രാര്‍ സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി ഓഫ് കേരള എന്നിവര്‍ സംസാരിച്ചു. അരുണ്‍ ജി നന്ദി പ്രകാശനം നടത്തി.

സ്റ്റാര്‍ട്ടപ്പ് സംരംഭം തുടങ്ങാന്‍ ആഗ്രഹിക്കുന്ന ആര്‍ക്കും ലീപ് സെന്ററുകളില്‍ രജിസ്റ്റര്‍ ചെയ്യാം. സംസ്ഥാനത്തുടനീളം ആരംഭിക്കുന്ന ഏല്ലാ ലീപ് കേന്ദ്രങ്ങളിലും വിവിധ സൗകര്യങ്ങളാണ് പുതിയ സംരംഭകര്‍ക്കായി സ്റ്റാര്‍ട്ടപ്പ് മിഷന്‍ ഒരുക്കിയിരിക്കുന്നത്. മികച്ച രീതിയില്‍ രൂപകല്‍പന ചെയ്ത തൊഴിലിടങ്ങള്‍, അതിവേഗ ഇന്റര്‍നെറ്റ്, മീറ്റിംഗ് റൂമുകള്‍, തുടങ്ങിയ സംവിധാനങ്ങള്‍ ഇവിടെ സംരംഭകര്‍ക്ക് പങ്കിടാം. ഇതിനു പുറമെ പ്രൊഫഷണലുകള്‍ക്ക് ദിവസ, മാസ വ്യവസ്ഥയില്‍ ഈ സൗകര്യങ്ങള്‍ ആവശ്യാനുസരണം ഉപയോഗിക്കാനും കഴിയും. വര്‍ക്ക് ഫ്രം ഹോം ചെയ്യുന്നവര്‍ക്കും യാത്ര ചെയ്യേണ്ടി വരുന്ന പ്രൊഫഷണലുകള്‍ക്കും ഇത് ഗുണകരമാകും.

ഡ്രോണ്‍ എക്സ്പോ, വര്‍ക്ക്ഷോപ്പുകള്‍, ചാറ്റ് ജിടിപി വര്‍ക്ക്ഷോപ്പ്, വിദ്യാര്‍ത്ഥികള്‍, യുവാക്കള്‍, നവ സംരംഭകര്‍ എന്നിവര്‍ക്കുള്ള കരിയര്‍ ക്ലിനിക്ക്, സ്റ്റാര്‍ട്ടപ്പ് എക്സ്പോ തുടങ്ങിയവയും ഉദ്ഘാടന പരിപാടിയോടനുബന്ധിച്ച് സംഘടിപ്പിച്ചു.

ലീപ് കോ-വര്‍ക്കിംഗ്

ഇന്‍കുബേഷന്‍ കേന്ദ്രങ്ങള്‍ ലീപ് കോ-വര്‍ക്കിങ് കേന്ദ്രങ്ങളായി മാറുന്നതോടെ പ്രൊഫഷണലുകളുടെ സാന്നിദ്ധ്യം അവിടെയുണ്ടാകും. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വിദഗ്ധോപദേശം നേടാനും പുതിയ സാങ്കേതിക ക്രമങ്ങളെക്കുറിച്ച് ആശയവിനിമയം നടത്താനുമുള്ള വേദി കൂടിയാകും ഈ കോ-വര്‍ക്കിങ് സ്‌പേസുകള്‍.

നൂതന സാങ്കേതികവിദ്യകളെ പ്രോത്സാഹിപ്പിക്കുന്നതിനും അവയെ സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥയുമായി സമന്വയിപ്പിക്കുന്നതിനും വേണ്ടിയാണ് വളരെ പ്രതീക്ഷയുള്ള ഈ പദ്ധതി അവതരിപ്പിക്കുന്നതെന്ന് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ ലീപ് കോ-ഓര്‍ഡിനേറ്റര്‍ അരുണ്‍ ഗിരീശന്‍ പറഞ്ഞു. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സമഗ്രമായ പിന്തുണ ഇതു വഴി നല്‍കും. സംരംഭകര്‍ക്ക് സ്റ്റാര്‍ട്ടപ്പ് ആവാസ വ്യവസ്ഥയിലേക്കെത്താനുള്ള ഏകജാലകമായി ലീപ് വര്‍ത്തിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

കൊ-വര്‍ക്കിംഗ് സ്പേസ് ആയി മാറുമെങ്കിലും നിലവില്‍ ഇന്‍കുബേഷന്‍ കേന്ദ്രത്തില്‍ നല്‍കി വരുന്ന എല്ലാ സേവനങ്ങളും അതേപടി തുടരുമെന്നും കെഎസ്യുഎം അറിയിച്ചിട്ടുണ്ട്. ലീപ് വരുന്നതോടെ ഇന്‍കുബേഷന്‍ സ്ഥിതിയിലുള്ള സംരംഭകര്‍ക്ക് കൂടുതല്‍ പ്രൊഫഷണലുകളുമായും വിദഗ്ധരുമായും ആശയവിനിമയം നടത്താനും സാങ്കേതിക ഉപദേശം സ്വീകരിക്കാനും സാധിക്കും.

ഭാവിയില്‍ കെ എസ് യുഎം അംഗത്വമുള്ള സ്റ്റാര്‍ട്ടപ്പുകള്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട സൗകര്യം ഏര്‍പ്പെടുത്താനും ഉദ്ദേശിക്കുന്നുണ്ട്. സ്വകാര്യ ഓഫീസ് ഇടങ്ങളും ഇതിലുള്‍പ്പെടും. കെഎസ്യുഎമ്മിന്റെ ധനസഹായ പദ്ധതികള്‍, സീഡ് വായ്പകള്‍, വിപണി പ്രവേശനം, വിദഗ്ധോപദേശം, നിക്ഷേപകരുമായുള്ള ബന്ധം എന്നിവയെല്ലാം ലീപ് വഴി സാധ്യമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

KCN

more recommended stories