വാക്കിന്റെ വടക്കന്‍ വഴികള്‍ നാട്ടുമൊഴികളിലൂടെയുള്ള യാത്ര; പുസ്തക പ്രകാശനം 27 ന്

കാസര്‍കോട്; കാസര്‍കോടിന്റെ നാട്ടുമൊഴികളുടെ ജീവചരിത്രമാണ് റഹ്മാന്‍ തായലങ്ങാടിയുടെ ”വാക്കിന്റെ വടക്കന്‍ വഴികള്‍”. നാട്ടുമൊഴികളിലൂടെ അദ്ദേഹം നടത്തിയ യാത്രയുടെ ഹൃദയം തൊടുന്ന അനുഭവങ്ങളാണ് ഈ പുസ്തകം. കാസര്‍കോടന്‍ മൊഴികളുടെ മധുരം, ഓരോ വരികളിലും വിജ്ഞാനം, നിറയ്ക്കുന്നുവെന്ന സവിശേഷത മറ്റ് പുസ്തകങ്ങളില്‍ നിന്നും, ഈ പുസ്തകത്തെ വേറിട്ടുനിര്‍ത്തും.

നര്‍മ്മവും മര്‍മ്മവും കലര്‍ന്ന എഴുത്തിലൂടെ കാസര്‍കോടിന്റെ സഹൃദയങ്ങളില്‍ ചേക്കേറിയ എഴുത്തുകാരനാണ് റഹ്മാന്‍ തായലങ്ങാടി. മാധ്യമ പ്രവര്‍ത്തകന്‍,സാഹിത്യ സംഘാടകന്‍, സാമൂഹിക നിരീക്ഷകന്‍… നീണ്ടുപോകുന്നതാണ് ഈ എഴുത്തുകാരന്റെ വിശേഷണങ്ങള്‍. സമൂഹ മാധ്യമങ്ങളില്‍, റഹ്മാന്‍ തായലങ്ങാടി പങ്കുവെയ്ക്കുന്ന നര്‍മത്തില്‍ ചാലിച്ച സാമൂഹ്യ വിമര്‍ശനങ്ങളും, വിജ്ഞാനം പകരുന്ന എഴുത്തുകളും, വൈറലായി മാറാറുണ്ട്. അദ്ദേഹം നേരത്തെ ഉത്തരദേശം വാരാന്തപ്പതിപ്പില്‍ നേരത്തെ എഴുതിയ നാട്ടുഭാഷയെ കുറിച്ചുള്ള ലേഖനപരമ്പരയാണ് വാക്കിന്റെ വടക്കന്‍ വഴികള്‍. ഓരോ ലേഖനങ്ങളിലും, ഉള്‍ച്ചേര്‍ന്നിരിക്കുന്നത് കാസര്‍കോടിന്റെ നാട്ടുമൊഴികളുടെ വശ്യതയും, മധുരവുമാണ്. പുസ്‌കതത്തിന്റെ പ്രകാശനം 27ന് ചൊവ്വാഴ്ച ഉച്ചയ്ക്ക് 2.30ന് കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. പ്രശസ്ത സാഹിത്യകാരന്‍ ആലങ്കോട് ലീലാകൃഷ്ണന്‍ പ്രകാശനം നിര്‍വഹിക്കും. നോവലിസ്റ്റ് ഡോ. അംബികാസുതന്‍ മാങ്ങാട് പുസ്തകം ഏറ്റുവാങ്ങും. സാഹിത്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിക്കും. മാധ്യമ പ്രവര്‍ത്തകനായ എം.വി.സന്തോഷ് കുമാറിന്റെ ഹുബാഷിക പബ്ലിക്കേഷന്‍സാണ് പുസ്തകം ഒരുക്കിയത്. ഫേസ്ബുക്കില്‍ റഹ്മാന്‍ തായലങ്ങാടി പങ്കുവെച്ച കുറിപ്പില്‍ ”വാക്കിന്റെ വടക്കന്‍ വഴികള്‍” പുസ്തകത്തിന്റെ ഉള്ളടക്കം വ്യക്തമാണ്.
അതിന്റെ രത്‌നച്ചുരുക്കം ഇങ്ങനെയാണ്.

”കാസര്‍കോടിന്റെ നാട്ടുമൊഴികള്‍ക്ക് എന്തെന്നില്ലാത്തൊരു മധുരമുണ്ട്. ഹൃദയത്തിന്റെ ഉള്ളില്‍നിന്ന് ഉറവപൊട്ടി വരുന്നത് കൊണ്ടാവണം അത്.
കാസര്‍കോടന്‍ മൊഴികള്‍ നല്ലോണം ആസ്വദിച്ചവരുണ്ട്. അത് കേട്ട് അന്തിരിഞ്ഞ് പോയവരുമുണ്ട്. അതിന്റെ ഈണം പോലും ഞങ്ങള്‍ക്ക് സംഗീതം പോലെ ഹൃദയത്തെ തൊടുന്നതാണ്. ഉമ്മയുടെ മുലപ്പാലില്‍ കൂടി പകര്‍ന്നു കിട്ടിയ ആ വാക്കുകള്‍ക്ക് ചിലപ്പോള്‍ കാട്ടുതേനിന്റെ മധുരമാണ്. കലര്‍പ്പില്ലാത്ത നാട്ടുമൊഴികളില്‍ കൂടി ഞാന്‍ നടത്തിയ യാത്രയാണ്.”

പുസ്തകത്തെക്കുറിച്ച് കാസര്‍കോട് സാഹിത്യവേദി പ്രസിഡണ്ടും എഴുത്തുകാരനായ പത്മനാഭന്‍ ബ്ലാത്തൂര്‍ പങ്കുവെച്ച കുറിപ്പും ശ്രദ്ദേയമാണ്.

കുറിപ്പ് ഇങ്ങനെയാണ്.

”പ്രിയ റഹ്മാന്‍ച്ചയുടെ പുസ്തകം, ചങ്ങാതി സന്തോഷിന്റെ പ്രസാധന സംരംഭം …
റഹ്മാന്‍ തായലങ്ങാടി എന്ന എഴുത്തുകാരനെപ്പറ്റി പറയാന്‍ ആമുഖ വാചകങ്ങളുടെ അകമ്പടിയൊന്നും വേണ്ട. വെറുതെ റഹ്മാന്‍ച്ച എന്നു പറഞ്ഞാല്‍ മതി! അതില്‍ റഹ്മാന്‍ തായലങ്ങാടി എന്ന പത്രപ്രവര്‍ത്തകനുണ്ട്, റഹ്മാന്‍ തായലങ്ങാടി എന്ന സാമൂഹിക നിരീക്ഷകനുണ്ട്, റഹ്മാന്‍ തായലങ്ങാടി എന്ന കാസര്‍കോട് സാഹിത്യ വേദി സംഘാടകനുണ്ട്, അതിലുമധികം വലുപ്പച്ചെറുപ്പമില്ലാതെ മുഴുവന്‍ മനുഷ്യരെയും ഒപ്പം കൂട്ടുന്ന മനുഷ്യസ്‌നേഹിയുണ്ട്.

റഹ്മാന്‍ച്ചയുടെ
‘വാക്കിന്റെ വടക്കന്‍ വഴികള്‍’
ചന്ദ്രഗിരിക്കു വടക്കുള്ള വടക്കേ വടക്കന്‍ ഭാഷയുടെ ജീവചരിത്രമാണ്. ആ ഭാഷയ്ക്കുള്ളില്‍ ജീവിക്കുന്ന മനുഷ്യരുടെ ഇന്നലെകളുടെ നേരും നെറിവുമാണ്. പ്രസാദാത്മകമായ ഭാഷയില്‍ നാടും ഭാഷയും നാട്ടു മനുഷ്യരും ഈ പുസ്തകത്തില്‍ മുദ്രിതമായിരിക്കുന്നു.

എം.വി.സന്തോഷ് കുമാര്‍ എന്ന മാധ്യമ പ്രവര്‍ത്തകനായ പ്രസാധകന്റെ ഹൃദയം ചേര്‍ന്ന സ്വപ്നമാണ് ഹുബാഷിക പ്രസാധനം.തുളുനാടു വാണിരുന്ന, ചരിത്രത്തില്‍ നിന്നും മാറ്റി നിര്‍ത്തപ്പെട്ട നാട്ടുരാജാവായ ഹുബാഷികയില്‍ നിന്നാണ് പ്രസാധക സ്ഥാപനത്തിന് പേരു കണ്ടെത്തുന്നത്. ഈ പുസ്തകം പ്രസാധകര്‍ക്ക് മുന്നോട്ടുള്ള കുതിപ്പിന് ഇന്ധനമാവും, തീര്‍ച്ച”.

ഇത്തരത്തില്‍ കാസര്‍കോടിന്റെ സാഹിത്യമേഖലകളിലെ നിരവധി പേര്‍ പുസ്തകത്തിന് ആശംസകള്‍ നേര്‍ന്ന് കുറിപ്പുകല്‍ പങ്കുവെച്ചിട്ടുണ്ട്. ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന എഴുത്തിന്റെ ശൈലി തന്നെയാണ് ഈ പുസ്തകത്തിന്റെ ആത്മാവും. വടക്കന്‍ ഭാഷ ഡിക്ഷണറി രൂപത്തിലും,കുറിപ്പുകളായും പലരും എഴുതിയിട്ടുണ്ടങ്കിലും കാസര്‍കോടന്‍ നാട്ടുമൊഴിയുടെ ചരിത്രവും ഉത്ഭവവും മുതല്‍, വാക്കുകളുടെ കഥകള്‍ വരെ വേറിട്ട ശൈലിയില്‍ അവതരിപ്പിക്കുന്ന റഹ്മാന്‍ തായലങ്ങാടിയുടെ വാക്കിന്റെ വടക്കന്‍ വഴികള്‍. കാസര്‍കോടിന്റെ വിജ്ഞാന ശേഖരത്തിലേക്കുള്ള അമൂല്യസംഭാവനയാകും.

KCN

more recommended stories