നിയന്ത്രണാതീതമായ തിക്കും തിരക്കും, സമയക്രമം ഏറെ വൈകി; ജനനായകന് വിട ചൊല്ലി ആയിരങ്ങള്‍

തിരുവനന്തപുരം: കേരളത്തിന്റെ ജനനായകന്‍ ഉമ്മന്‍ചാണ്ടിക്ക് അന്ത്യാഞ്ജലിയുമായി ആയിരങ്ങള്‍. ദര്‍ബാര്‍ ഹാളില്‍ നിയന്ത്രണാതീതമായ തിക്കും തിരക്കുമാണ് അനുഭവപ്പെടുന്നത്. സെക്രട്ടേറിയറ്റ് കോമ്പൗണ്ടും കടന്ന് ജനങ്ങളുടെ നീണ്ട നിരയാണുള്ളത്. വൈകിട്ട് പുതുപ്പള്ളി ഹൗസിലും വന്‍ ജനസാഗരമാണ് ഉമ്മന്‍ചാണ്ടിയെ അവസാനമായി ഒരു നോക്ക് കാണാന്‍ ഒഴുകിയെത്തിയത്. ഇന്ന് ഇനി രണ്ട് സ്ഥലത്താണ് പൊതുദര്‍ശനം ഉണ്ടാവുക. ദര്‍ബാര്‍ ഹാളിന് ശേഷം പാളയം സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് പള്ളിയിലും അതിന് ശേഷം കെപിസിസിയിലും പൊതുദര്‍ശനം നടക്കും. മുഖ്യമന്ത്രിയും മന്ത്രിമാരും പ്രമുഖ നേതാക്കളും ഉമ്മന്‍ ചാണ്ടിക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ചു. ഉമ്മന്‍ ചാണ്ടിയുടെ വേര്‍പാടോടെ അവസാനിക്കുന്നത് കേരള രാഷ്ട്രീയത്തിലെ സുപ്രധാന ഏടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

രോഗബാധിതനായി ദീര്‍ഘകാലമായി ചികിത്സയിലായിരുന്ന ഉമ്മന്‍ചാണ്ടി ബംഗളൂരുവിലെ ചിന്മയ ആശുപത്രിയില്‍ ഇന്ന് പുലര്‍ച്ചെ 4.25 നാണ് അന്തരിച്ചത്. ബംഗളൂരുവില്‍ നൂറുകണക്കിന് മലയാളികള്‍ അവസാനമായി ഒരുനോക്ക് കാണാന്‍ എത്തിയതിനാല്‍ നിശ്ചയിച്ചതിലും രണ്ട് മണിക്കൂറിലേറെ വൈകിയാണ് പ്രത്യേക വിമാനത്തില്‍ ഉമ്മന്‍ചാണ്ടിയുടെ മൃതദേഹം തിരുവനന്തപുരത്ത് എത്തിച്ചത്. പ്രത്യേക വിമാനത്തില്‍ ബംഗളൂരുവില്‍ നിന്ന് ഉച്ചയ്ക്ക് രണ്ടരയോടെ തിരുവനന്തപുരത്തെത്തിച്ച മൃതദേഹം പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തില്‍ ഏറ്റുവാങ്ങി. തുടര്‍ന്ന് ഉമ്മന്‍ചാണ്ടിയുടെ ജീവിതത്തോട് ഏറെ അടുത്ത് നില്‍ക്കുന്ന തിരുവനന്തപുരത്തിന്റെ നഗരവീഥികളിലൂടെ വിലാപയാത്ര നീങ്ങിയപ്പോള്‍ വികാര നിര്‍ഭരമായ മുദ്രാവാക്യങ്ങളുമായി ആള്‍ക്കൂട്ടം അനുഗമിച്ചു. തിരുവനന്തപുരത്തെ വസതിയായ പുതുപ്പള്ളി ഹൗസില്‍ ഉമ്മന്‍ചാണ്ടിക്ക് എ കെ ആന്റണിയും വി.എം.സുധാരനും അടക്കമുള്ള നേതാക്കള്‍ പൊട്ടിക്കരഞ്ഞു കൊണ്ടാണ് അന്ത്യാഭിവാദ്യം അര്‍പ്പിച്ചത്. ആറ് പതിറ്റാണ്ടിലേറെ നീണ്ട പൊതുജീവിതത്തിന് ദീര്‍ഘവിരാമമിട്ട് ഓര്‍മയായ ഉമ്മന്‍ചാണ്ടിക്ക് ആദരാഞ്ജലി അര്‍പ്പിക്കാന്‍ ജനസാഗരമാണ് തലസ്ഥാനത്തെ വസതിയിലേക്കും പൊതുദര്‍ശന വേദിയിലേക്കും ഒഴുകിയെത്തുന്നത്.

KCN

more recommended stories