എംഡിഎംഎയുമായി 2 യുവാക്കള്‍ പിടിയില്‍; ലഹരി തേടിയെത്തുന്നവരില്‍ പെണ്‍കുട്ടികളും…

കോഴിക്കോട് : വ്യത്യസ്ത സംഭവങ്ങളിലായി മാരക ലഹരിമരുന്നായ എംഡിഎംഎയുമായി രണ്ട് യുവാക്കള്‍ പിടിയില്‍. മുക്കം, കൂടരഞ്ഞി, കുന്ദമംഗലം, എന്‍ഐടി ഭാഗങ്ങളില്‍ വന്‍തോതില്‍ എംഡിഎംഎ കച്ചവടം ചെയ്തുവരുന്ന കക്കാടംപൊയില്‍ നെല്ലിക്കലില്‍ മാനി എന്ന കമറുദ്ദീന്‍ (32), പെരുമണ്ണ സ്വദേശി അബ്ദുല്‍ ഫത്താഹ് (25) എന്നിവരാണ് അറസ്റ്റിലായത്. കമറുദ്ദീനെ ഡാന്‍സാഫും സബ് ഇന്‍സ്‌പെക്ടര്‍ ടി.അഭിലാഷിന്റെ നേതൃത്വത്തിലുള്ള കുന്ദമംഗലം പൊലീസും ചേര്‍ന്നാണ് പിടികൂടിയത്. 14.56 ഗ്രാം എംഡിഎംഎയാണ് ഇയാളില്‍നിന്ന് പിടിച്ചെടുത്തത്. കോഴിക്കോട് ജില്ലയിലെ തന്നെ വലിയ ലഹരി മരുന്ന് ശൃംഖലയിലെ ഒരു പ്രധാന കണ്ണിയാണ് മാനി എന്ന് വിളിപ്പേരുള്ള കമറുദ്ദീന്‍. മുക്കം കൂടരഞ്ഞി കോഴിക്കോട് റൂട്ടില്‍ ഓടുന്ന സ്വകാര്യ ബസ്സിലെ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു ഇയാള്‍. തൊഴില്‍ മറയാക്കി മാരക മയക്കുമരുന്നുകള്‍ കച്ചവടം ചെയ്യുന്നവരെപ്പറ്റിയുള്ള സൂചനകള്‍ ഇയാളെ ചോദ്യം ചെയ്തപ്പോള്‍ പൊലീസിനു ലഭിച്ചു. അധികം വൈകാതെ ഇവരെയും പിടികൂടാന്‍ കഴിയുമെന്ന് പൊലീസ് പറഞ്ഞു. പിടിയിലായ കമറുദ്ദീന്‍ എംഡിഎംഎ, ഹഷീഷ് ഓയില്‍ തുടങ്ങിയ ലഹരി വസ്തുക്കള്‍ പ്രധാനമായും വില്‍പന നടത്തുന്നത് എന്‍ഐടി, ആര്‍ഇസി, മുക്കം ഭാഗങ്ങള്‍ കേന്ദ്രീകരിച്ചാണ്. പെണ്‍കുട്ടികള്‍ അടക്കം നിരവധി വിദ്യാര്‍ഥികളും യുവാക്കളും മയക്കുമരുന്നിന് വേണ്ടി ഇയാളെ സമീപിക്കാറുണ്ട്. 5 ഗ്രാം, 10 ഗ്രാം, 20 ഗ്രാം പാക്കറ്റുകള്‍ ആയാണ് പ്രധാനമായും ഇയാള്‍ കച്ചവടം നടത്തി വരുന്നത്. ഇത്തരത്തിലുള്ള ഒരു വലിയ കച്ചവടം നടത്തുന്നതിനായി പോകുന്ന വഴിയിലാണ് കോഴിക്കോട് ആന്റി നര്‍ക്കോട്ടിക് അസിസ്റ്റന്റ് കമ്മിഷണര്‍ പ്രകാശന്‍ പടന്നയിലിന്റെ നേതൃത്വത്തിലുള്ള സംഘം ഇയാളെ പിടികൂടിയത്. കണ്ണിപറമ്പ് തീര്‍ത്ഥക്കുന്നില്‍ നിന്നും മാവൂര്‍ പൊലീസാണ് അബ്ദുല്‍ ഫത്താഹിനെ പിടികൂടിയത്. ഇയാളില്‍നിന്ന് 1.7 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. സബ് ഇന്‍സ്‌പെക്ടര്‍ വി.അനുരാജ്, പൊലീസ് ഓഫിസര്‍മാരായ കെ.കോയക്കുട്ടി, കെ.അനൂപ്. കെ.അനില്‍കുമാര്‍, പി.നിധീഷ്, കെ.വിനീത് എന്നിവര്‍ ചേര്‍ന്നാണ് ഫത്താഹിനെ പിടികൂടിയത്.

KCN

more recommended stories