മഴ വന്നാല്‍ സ്‌കൂള്‍ അവധി: കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും കലക്ടറുടെ ക്ലാസ്

കാസര്‍കോട്: മഴ പെയ്താല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കണമെന്ന തെറ്റിദ്ധാരണയാണ് ഇപ്പോള്‍ നിലനില്‍ക്കുന്നതെന്ന് കാസര്‍കോട് ജില്ലാ കലക്ടര്‍ കെ ഇമ്പശേഖര്‍. കുട്ടികള്‍ സ്‌കൂളില്‍ പോകുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടത് ഓരോ രക്ഷിതാവിന്റെയും അധ്യാപകരുടെയും കടമയായിരിക്കണമെന്നും അദ്ദേഹം ഫേസ്ബുകില്‍ കുറിച്ചു. നഷ്ടപ്പെട്ട ഒരു ദിവസം എന്നെന്നേക്കുമായി നഷ്ടപ്പെട്ടു. അതിനാല്‍ എല്ലാ സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍മാര്‍, പിടിഎ അംഗങ്ങള്‍, പഞ്ചായത് സെക്രടറിമാര്‍ എന്നിവര്‍ കുട്ടികള്‍ സുരക്ഷിതമായി സ്‌കൂളില്‍ പോകുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. എന്തെങ്കിലും തടസങ്ങള്‍ ഉണ്ടായാല്‍, കുട്ടികള്‍ സുരക്ഷിതമായി സ്‌കൂളില്‍ എത്തുന്നുവെന്ന് ഉറപ്പാക്കാന്‍ ബന്ധപ്പെട്ട പഞ്ചായത് അംഗവും വിലേജ് ഓഫീസറും ആവശ്യമായ നടപടികള്‍ സ്വീകരിക്കണെമെന്നും കലക്ടര്‍ പറഞ്ഞു. ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കലക്ടര്‍ അവധി പ്രഖ്യാപിച്ചുവെന്ന തരത്തില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാജ പ്രചാരണങ്ങളും നടക്കുന്ന സാഹചര്യത്തിലാണ് കലക്ടറുടെ പോസ്റ്റ് വന്നിരിക്കുന്നത്. വ്യാജ വാര്‍ത്ത സൃഷ്ടിക്കുന്നവര്‍ക്കതിരെ കേസെടുക്കുമെന്ന് കലക്ടര്‍ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, ശക്തമായ കാറ്റും മഴയും ഉണ്ടെങ്കില്‍ അവധി നല്‍കേണ്ടതുണ്ടെന്നും അത് കുട്ടികളുടെ സുരക്ഷയ്ക്ക് വേണ്ടിയാണെന്നും ചില സാമൂഹ്യ മാധ്യമ ഉപയോക്താക്കള്‍ കലക്ടറുടെ പോസ്റ്റിന് താഴെ പ്രതികരിച്ചു. സുരക്ഷിതമല്ലെന്ന് കണ്ടാല്‍ രക്ഷകര്‍ത്താക്കള്‍ ഉചിതമായ തീരുമാനം കൈക്കൊള്ളണമെന്നും മഴ എന്നാല്‍ കുട്ടികള്‍ക്ക് അവധിയുടെ പകരം പദമാക്കരുതെന്നായിരുന്നു മറ്റൊരു പ്രതികരണം. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അവധിക്കാലം ഏപ്രില്‍, മെയ് മാസങ്ങളില്‍ നിന്ന് ജൂണ്‍, ജൂലൈ മാസങ്ങളിലേക്ക് മാറ്റിയാല്‍ ഒരു പരിധിവരെ മഴക്കെടുതിയില്‍ നിന്ന് കുട്ടികളെ രക്ഷിക്കാനാകുമെന്ന അഭിപ്രായവും ഉയര്‍ന്നുവന്നു. പലയിടത്തും അപകടനിലയിലായ മരങ്ങള്‍ മുറിച്ച് മാറ്റിയിട്ടില്ലെന്നും ചിലര്‍ ചൂണ്ടിക്കാട്ടി.

KCN

more recommended stories