ആദിത്യ എല്‍1: രണ്ടാമത്തെ ഭ്രമണപഥം ഉയര്‍ത്തല്‍ വിജയകരം

 
ചെന്നൈ; രാജ്യത്തിന്റെ കന്നി സൗര ദൗത്യമായ ആദിത്യ എല്‍1 ന്റെ രണ്ടാമത്തെ ഭ്രമണപഥം ഉയര്‍ത്തല്‍ വിജയകരമായി പൂര്‍ത്തിയാക്കി. നിലവില്‍ 282 കി.മീ ഃ 40225 കി.മീ ദീര്‍ഘവൃത്താകൃതിയിലുള്ള ഭ്രമണപഥത്തിലാണ് ആദിത്യ. സെപ്റ്റംബര്‍ 10നു പുലര്‍ച്ചെ 2.30നാണ് അടുത്ത ഭ്രമണപഥം ഉയര്‍ത്തല്‍. ബെംഗളൂരുവിലെ ഇസ്ട്രാക്കിന്റെ ഗ്രൗണ്ട് സ്റ്റേഷനാണു പേടകത്തിന്റെ നിയന്ത്രണം. ഇത്തരത്തില്‍ ഇനി 3 ഭ്രമണപഥം ഉയര്‍ത്തല്‍ക്കൂടി പൂര്‍ത്തിയാക്കിയശേഷം ഭൂമിയുടെ ആകര്‍ഷണവലയത്തില്‍നിന്നു പുറത്തു കടന്നാണ് ആദിത്യ നിര്‍ദിഷ്ട ഒന്നാം ലഗ്രാഞ്ച് ബിന്ദുവിനു (എല്‍1) ചുറ്റുമുള്ള സാങ്കല്‍പിക ഭ്രമണപഥത്തിലെത്തുക. 125 ദിവസംകൊണ്ട് ആദിത്യ 15 ലക്ഷം കിലോമീറ്റര്‍ സഞ്ചരിക്കും.
അതേസമയം വീണ്ടും ഉണരുമെന്ന പ്രതീക്ഷയില്‍ ചന്ദ്രയാന്‍ 3 ദൗത്യത്തിലെ വിക്രം ലാന്‍ഡറും പ്രഗ്യാന്‍ റോവറും നിദ്ര തുടങ്ങി. 12 ദിവസത്തോളം നീണ്ട പര്യവേക്ഷണങ്ങള്‍ക്കൊടുവില്‍, ചന്ദ്രനില്‍ സൂര്യാസ്തമയം തുടങ്ങിയതോടെയാണ് ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ കേന്ദ്രം (ഐഎസ്ആര്‍ഒ) ലാന്‍ഡറിനെയും റോവറിനെയും സുരക്ഷിതരാക്കി ഉറക്കിയത്. ഇതിനു മുന്നോടിയായി, അടുത്ത സൂര്യോദയത്തില്‍ കൃത്യമായ സൂര്യപ്രകാശം കിട്ടുന്നവിധം ലാന്‍ഡറിന്റെയും റോവറിന്റെയും സോളര്‍ പാനലുകള്‍ ക്രമീകരിച്ച് സര്‍ക്യൂട്ടുകളെല്ലാം സ്ലീപിങ് മോഡിലേക്കു മാറ്റി. റോവറിന്റെ ബാറ്ററി പൂര്‍ണമായി ചാര്‍ജ് ചെയ്തിട്ടുണ്ട്.

KCN

more recommended stories