ഡല്‍ഹിയുടെ മാനത്ത് വിവിഐപി വിമാനങ്ങള്‍

 
ന്യൂഡല്‍ഹി ഡല്‍ഹിയുടെ ആകാശം ഇന്നലെ വിവിഐപി വിമാനങ്ങളുടെ തിരക്കിലായിരുന്നു. ഇന്നലെ മാത്രം 21 പ്രത്യേക വിമാനങ്ങളാണ് ഡല്‍ഹിയില്‍ ഇറങ്ങിയത്. ഇതില്‍ തന്നെ യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ ‘എയര്‍ഫോഴ്‌സ് വണ്‍’ അടക്കം 12 വിമാനങ്ങള്‍ വൈകുന്നേരം അഞ്ചിനു ശേഷമാണ് എത്തിയത്. ഇത്രയധികം വിവിഐപി വിമാനങ്ങള്‍ രാജ്യത്ത് ഒരുമിച്ചിറങ്ങിയത് സമീപകാലത്ത് ആദ്യം. വ്യോമസേനയുടെ നിയന്ത്രണത്തിലുള്ള പാലം വിമാനത്താവളത്തിലായിരുന്നു വിമാനങ്ങള്‍ ഏറെയും ലാന്‍ഡ് ചെയ്തത്. സുരക്ഷാ ആവശ്യത്തിനും മറ്റുമായി ഒട്ടേറെ വിമാനങ്ങളും പല രാജ്യങ്ങളില്‍ നിന്നായി ഡല്‍ഹിയില്‍ എത്തിയിട്ടുണ്ട്.

ഇന്ദിരാ ഗാന്ധി രാജ്യാന്തര വിമാനത്താവളത്തിന്റെ പ്രവര്‍ത്തനത്തെ കാര്യമായി ബാധിക്കാത്ത തരത്തിലായിരുന്നു ക്രമീകരണം. മൊറീഷ്യസ്, യൂറോപ്യന്‍ യൂണിയന്‍, സിംഗപ്പൂര്‍ എന്നിവയുടെ തലവന്മാര്‍ മാത്രമാണ് രാജ്യാന്തര വിമാനത്താവളത്തില്‍ ഇറങ്ങിയത്.

വിവിഐപി വിമാനങ്ങള്‍ ഏറെയും എത്തിയ ഇന്നലെ ഉച്ചയ്ക്ക് 12 മുതല്‍ രാത്രി 12 വരെ 25 ശതമാനത്തോളം സര്‍വീസുകള്‍ കുറയ്ക്കണമെന്ന് വിമാനക്കമ്പനികള്‍ക്ക് നിര്‍ദേശമുണ്ടായിരുന്നു. ഈ നിയന്ത്രണം വിവിഐപികള്‍ മടങ്ങുന്ന നാളെ വൈകിട്ട് 6 മുതല്‍ രാത്രി 12 വരെയും ബാധകമായിരിക്കും.

പാലം വിമാനത്താവളത്തില്‍ ഇറങ്ങിയ വിമാനങ്ങളില്‍ ഏറിയ പങ്കും രാജ്യാന്തര വിമാനത്താവളത്തിലാണ് പാര്‍ക് ചെയ്തിരിക്കുന്നത്. യുഎസ് പ്രസിഡന്റ് എയര്‍ഫോഴ്‌സ് വണ്‍ പോലെയുള്ള ചില പ്രധാനപ്പെട്ട വിമാനങ്ങള്‍ പാലം വിമാനത്താവളത്തില്‍ തന്നെ പാര്‍ക്ക് ചെയ്യും.

ജര്‍മന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സ് ഇന്നു രാവിലെ എട്ടിനും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോ ഉച്ചയ്ക്കും പാലം വിമാനത്താവളത്തില്‍ ഇറങ്ങും

220 പാര്‍ക്കിങ് സ്ലോട്ടുകള്‍ ഡല്‍ഹിയിലുണ്ടെങ്കിലും ഗോ ഫസ്റ്റ് വിമാനക്കമ്പനി പ്രവര്‍ത്തനം നിര്‍ത്തിവച്ചതുമൂലം അന്‍പതോളം സ്ലോട്ടുകളില്‍ ഗോഫസ്റ്റ് വിമാനങ്ങളുണ്ട്. അതുകൊണ്ട് പാര്‍ക്കിങ് സ്ലോട്ടുകള്‍ക്ക് വന്‍ ഡിമാന്‍ഡ് ആയിരുന്നു.

KCN

more recommended stories