മൊറോക്കോ ഭൂകമ്പം; മരണം 2,000 കവിഞ്ഞു

 
റബാത്ത് വടക്കേ ആഫ്രിക്കന്‍ രാജ്യമായ മൊറോക്കോയില്‍ വെള്ളിയാഴ്ച്ച രാത്രിയുണ്ടായ ഭൂകമ്പത്തില്‍ മരണം 2,012 ആയി. പരുക്കേറ്റ രണ്ടായിരത്തിലേറെ ആളുകളില്‍ 1,404 പേരുടെ നില ഗുരുതരമാണ്. മരണസംഖ്യ ഉയരാനാണു സാധ്യത. ആശുപത്രികള്‍ ശവശരീരങ്ങള്‍കൊണ്ടു നിറഞ്ഞു. പല കുടുംബങ്ങളും പൂര്‍ണമായും കൊല്ലപ്പെട്ടു. ഭക്ഷണസാധനങ്ങള്‍ കിട്ടാനില്ലാത്ത അവസ്ഥയുണ്ട്.

റബാത്ത് മൊറോക്കോയില്‍ ഭൂകമ്പത്തിന്റെ തുടര്‍ചലനം ഭയന്ന് തലസ്ഥാനമായ റബാത്ത് അടക്കം പല നഗരങ്ങളിലും ജനങ്ങള്‍ വീടുകള്‍ക്കു പുറത്താണ് കഴിയുന്നത്

മധ്യമേഖലയിലെ മാരിക്കേഷ് നഗരത്തില്‍ നിന്ന് 72 കിലോമീറ്റര്‍ മാറി ഹൈ അറ്റ്‌ലസ് പര്‍വത മേഖലയിലെ അമിസ്മിസ് ഗ്രാമമാണ് 6.8 തീവ്രതയുള്ള ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. ഇവിടത്തെ ഗ്രാമങ്ങളെല്ലാം തകര്‍ന്നടിഞ്ഞു. അസ്‌നി എന്ന ഗ്രാമം പൂര്‍ണമായും ഇല്ലാതായി. റോഡുകള്‍ തകര്‍ന്നതിനാല്‍ മേഖലയാകെ ഒറ്റപ്പെട്ടിരിക്കുകയാണ്.

ഭൂകമ്പം 3 ലക്ഷത്തോളം ആളുകളെയാണ് ബാധിച്ചതെന്നു ലോകാരോഗ്യ സംഘടന അറിയിച്ചു. സൈന്യത്തിന്റെ നേതൃത്വത്തിലാണു രക്ഷാപ്രവര്‍ത്തനം നടക്കുന്നത്. ഇന്ത്യക്കാര്‍ ആരെങ്കിലും ദുരന്തത്തില്‍ ഉള്‍പ്പെട്ടതായി വിവരം കിട്ടിയിട്ടില്ലെന്നു റബാത്തിലെ ഇന്ത്യന്‍ എംബസി വ്യക്തമാക്കി

വിവിധ രാജ്യങ്ങള്‍ മൊറോക്കോയ്ക്കു പിന്തുണ പ്രഖ്യാപിച്ചു. മൊറോക്കോയുമായി ശത്രുതയിലാണെങ്കിലും സമീപരാജ്യമായ അല്‍ജീരിയ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി വിമാനത്താവളങ്ങള്‍ തുറന്നുകൊടുത്തു. സ്‌പെയിനിനും ഫ്രാന്‍സും സഹായങ്ങള്‍ എത്തിച്ചുതുടങ്ങി. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ദു:ഖം രേഖപ്പെടുത്തി. മൊറോക്കോയിലെ ജനങ്ങള്‍ക്കൊപ്പമാണെന്ന് ജി20 ഉച്ചകോടിയില്‍ സംബന്ധിക്കുന്ന മോദി പറഞ്ഞു. മൊറോക്കോയ്ക്കു വേണ്ടി പ്രാര്‍ഥിക്കുന്നതായി ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞു.

തുര്‍ക്കിയില്‍ ഫെബ്രുവരിയില്‍ 50,000 പേരുടെ ജീവനെടുത്ത ഭൂകമ്പത്തിനു സമാനമായതാണു മൊറോക്കോയിലും ഉണ്ടായതെന്നു യുഎസ് ജിയോളജിക്കല്‍ സര്‍വേ സൂചിപ്പിക്കുന്നു. 6 പതിറ്റാണ്ടിനുള്ളിലെ ഏറ്റവും ഭീകരമായ ഭൂകമ്പമാണു കഴിഞ്ഞദിവസം ഉണ്ടായത്. 1960ല്‍ അഗാദിറിലുണ്ടായ ഭൂകമ്പത്തില്‍ 12,000 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്.

റബാത്ത് മൊറോക്കോയിലെ ഭൂകമ്പം തകര്‍ത്തെറിഞ്ഞത് അപൂര്‍വ പൈതൃകത്തെക്കൂടിയാണ്. അറ്റ്‌ലസ് പര്‍വത മേഖലയിലെ ഗ്രാമത്തിലുള്ള 12ാം നൂറ്റാണ്ടിലെ പ്രശസ്തമായ ടിന്‍മെല്‍ മോസ്‌കും തകര്‍ന്നു. വടക്കേ ആഫ്രിക്കയും സ്‌പെയിനും അടങ്ങുന്ന മേഖല ഭരിച്ച അല്‍ മൊഹദ് രാജവംശമാണ് ഈ മോസ്‌ക് നിര്‍മിച്ചത്. മാരിക്കെഷിനു മുന്‍പു തലസ്ഥാനമായിരുന്ന സ്ഥലമാണിത്. തകര്‍ച്ച പഠിക്കാന്‍ വിദഗ്ധ സംഘത്തെ അയയ്ക്കുമെന്ന് യുനെസ്‌കോ വ്യക്തമാക്കി

മോസ്‌ക് പുനര്‍നിര്‍മിക്കുമെന്ന് മൊറോക്കോയിലെ സാംസ്‌കാരിക മന്ത്രാലയം വ്യക്തമാക്കി. പൗരാണിക നഗരമായ മാരിക്കേഷിലെ ചരിത്രസ്മാരകങ്ങള്‍ പലതും തകര്‍ന്നു. യുനെസ്‌കോ പൈതൃക നഗരമായി പ്രഖ്യാപിച്ച ഇവിടത്തെ പ്രശസ്തമായ ജമാ അല്‍ഫ്‌ന സ്‌ക്വയറിലെ കൗതൗബിയ മോസ്‌കിന്റെ മിനാരങ്ങള്‍ തകര്‍ന്നു. പ്രശസ്തമായ ‘ചുവന്ന മതിലി’നും കേടുപാടുണ്ടായി. ഓരോ വര്‍ഷവും 20 ലക്ഷത്തോളം സന്ദര്‍ശകര്‍ എത്തുന്ന നഗരമാണിത്. അല്‍ മുറാവിദ് രാജവംശത്തിന്റെ കാലത്താണ് മാരിക്കേഷ് നഗരം രൂപപ്പെട്ടത്. 1985ലാണ് യുനെസ്‌കോ പൈതൃക നഗരമായി പ്രഖ്യാപിച്ചത്.

KCN

more recommended stories