യുഎന്‍ മാറ്റത്തിന് ജി 20

 
ന്യൂഡല്‍ഹി; യുഎന്‍ അടക്കമുള്ള രാജ്യാന്തര സംഘടനകളുടെ പരിഷ്‌കരണമാണ് അടുത്ത ലക്ഷ്യമെന്നു വ്യക്തമാക്കി ജി20 ഉച്ചകോടിക്കു സമാപനം. ജി20 അധ്യക്ഷ പദവി പ്രധാനമന്ത്രി നരേന്ദ്ര മോദിയില്‍ നിന്നു ബ്രസീല്‍ പ്രസിഡന്റ് ലുല ഡ സില്‍വ ഔപചാരികമായി ഏറ്റെടുത്തു.

യുഎന്‍ രക്ഷാസമിതിയില്‍ കാലാനുസൃത മാറ്റം വേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടിയായിരുന്നു ‘ഒരു ഭാവി’ എന്ന അവസാന സെഷനില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷപ്രസംഗം. സ്ഥിരാംഗങ്ങള്‍ അടക്കം പഴയ കാലത്തേതാണ്. പുതിയ കാലത്തിന്റെ യാഥാര്‍ഥ്യങ്ങള്‍ ലോകക്രമത്തില്‍ പ്രതിഫലിക്കണം. ലോക ബാങ്കിലും രാജ്യാന്തര നാണ്യനിധിയിലും (ഐഎംഎഫ്) വികസ്വര രാജ്യങ്ങള്‍ക്കു കൂടുതല്‍ പ്രാതിനിധ്യം വേണമെന്നു സെഷന്റെ സമാപനത്തില്‍ ലുല ഡ സില്‍വ പറഞ്ഞു.

അടുത്തവര്‍ഷം ജി20ക്കു 3 മുന്‍ഗണനാ വിഷയങ്ങളാകും ഉണ്ടാകുക 1. സാമൂഹികനീതിയും വിശപ്പിനെതിരായ പോരാട്ടവും, 2. പുതിയ ഊര്‍ജ സ്രോതസ്സുകളിലേക്കുള്ള മാറ്റം, 3.ആഗോള സംഘടനകളുടെ പരിഷ്‌കരണം.

വിശപ്പിനും ദാരിദ്ര്യത്തിനുമെതിരെ ആഗോള സഖ്യം, കാലാവസ്ഥാ വ്യതിയാനത്തിനെതിരെ ആഗോള കൂട്ടായ്മ എന്നിവ ലക്ഷ്യമിട്ട് 2 കര്‍മസമിതികള്‍ രൂപീകരിക്കുമെന്നും ലുല ഡ സില്‍വ അറിയിച്ചു. നവംബറില്‍ വെര്‍ച്വല്‍ ഉച്ചകോടി നടത്തണമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍ദേശിച്ചു.

ജി20 രാഷ്ട്രനേതാക്കള്‍ രാവിലെ രാജ്ഘട്ടില്‍ മഹാത്മാ ഗാന്ധിയുടെ അന്ത്യവിശ്രമ സ്ഥലത്ത് പുഷ്പചക്രം അര്‍പ്പിച്ചു. യുഎസ് പ്രസിഡന്റ് ജോ ബൈഡനും ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് സിറില്‍ റാമഫോസയും അവസാന സെഷനു മുന്‍പുതന്നെ ഡല്‍ഹിയില്‍നിന്നു മടങ്ങി. ബ്രിട്ടിഷ് പ്രധാനമന്ത്രി ഋഷി സുനക് ഭാര്യ അക്ഷത മൂര്‍ത്തിക്കൊപ്പം ഡല്‍ഹി അക്ഷര്‍ധാം ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി.

KCN

more recommended stories