നിലപാട് തിരുത്തി ഗഡ്കരി

 

ന്യൂഡല്‍ഹി; ഡീസല്‍ വാഹനങ്ങള്‍ക്കും എന്‍ജിനുകള്‍ക്കും 10% അധികം നികുതി ചുമത്താന്‍ ധനമന്ത്രിയോട് ആവശ്യപ്പെടുമെന്ന് ഇന്നലെ രാവിലെ പറഞ്ഞ കേന്ദ്ര ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി ഒന്നരമണിക്കൂറിനകം നിലപാട് മാറ്റി. ഡീസല്‍ വാഹനങ്ങള്‍ നിരുത്സാഹപ്പെടുത്തി മലിനീകരണം തടയാന്‍ അധിക നികുതി ചുമത്താന്‍ ശുപാര്‍ശ ചെയ്യുമെന്നാണ് ഇന്നലെ രാവിലെ സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടമൊബീല്‍ മാനുഫാക്ചറേഴ്‌സ് (എസ്‌ഐഎഎം) വേദിയില്‍ വച്ച് ഗഡ്കരി പറഞ്ഞത്. ഡീസല്‍ വാഹനങ്ങളുടെ വില വര്‍ധിക്കാന്‍ ഇടയായേക്കാവുന്ന ശുപാര്‍ശ വന്‍തോതില്‍ ചര്‍ച്ചയായിരുന്നു. പല ഓട്ടമൊബീല്‍ കമ്പനികളുടെ ഓഹരിയും ഇതോടെ ഇടിഞ്ഞു.

തുടര്‍ന്നാണ്, ഇത്തരമൊരു നിര്‍ദേശം സര്‍ക്കാരിന്റെ പരിഗണനയില്‍ ഇല്ലെന്നു വ്യക്തമാക്കി ഉച്ചയ്ക്ക് 1.13ന് എക്‌സില്‍ (ട്വിറ്റര്‍) ഗഡ്കരി പോസ്റ്റ് ഇട്ടത്. തുടര്‍ന്ന് ഇടിഞ്ഞ ഓഹരികള്‍ തിരിച്ചുകയറി. അധികനികുതി ചുമത്തണമെന്ന് ആവശ്യപ്പെട്ട് താന്‍ തയാറാക്കിയ കത്ത് ഇന്നലെ വൈകിട്ട് ധനമന്ത്രി നിര്‍മല സീതാരാമന് നല്‍കുമെന്നായിരുന്നു രാവിലത്തെ പ്രഖ്യാപനം. ഡീസലിനോട് ഗുഡ്‌ബൈ പറഞ്ഞില്ലെങ്കില്‍ അവ വിറ്റഴിക്കാന്‍ പറ്റാത്ത തരത്തില്‍ നികുതി വര്‍ധിപ്പിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കിയിരുന്നു. രാജ്യത്തെ ഭൂരിഭാഗം കമേഴ്‌സ്യല്‍ വാഹനങ്ങളും ഡീസല്‍ ഉപയോഗിക്കുന്നവയാണ്.
‘ഓട്ടമൊബീല്‍ വ്യവസായ 1518 ശതമാനത്തോളം വളര്‍ച്ച നേടുകയാണ്. ഇത് പെട്രോള്‍ഡീസല്‍ പോലെയുള്ള ഇന്ധനങ്ങളുടെ ഉപയോഗവും വര്‍ധിപ്പിക്കുന്നു. ഈ രീതി തുടരുന്നത് വാഹനക്കമ്പനികള്‍ക്ക് സന്തോഷകരമായിരിക്കും. എന്നാല്‍ ഇതുണ്ടാക്കുന്ന മലിനീകരണം ജനങ്ങളെ ബുദ്ധിമുട്ടിലാക്കും. അതുകൊണ്ട്, പെട്രോളും ഡീസലും ഉപേക്ഷിച്ച് ബദല്‍ ഇന്ധനങ്ങളിലേക്ക് (ജൈവ ഇന്ധനം, എഥനോള്‍, ഗ്രീന്‍ ഹൈഡ്രജന്‍) മാറുക. നികുതി വര്‍ധിപ്പിക്കാനുള്ള നിര്‍ദേശവുമായി മുന്നോട്ടുപോകാന്‍ നിങ്ങള്‍ (കമ്പനികള്‍) എന്നെ നിര്‍ബന്ധിതനാക്കുമെന്ന് കരുതുന്നില്ല.’- നിതിന്‍ ഗഡ്കരി പറഞ്ഞു.

KCN

more recommended stories